Congress March In Paliyekkara പാലിയേക്കരയില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം; ടിഎന്‍ പ്രതാപന്‍ എംപിയ്‌ക്ക് പരിക്ക് - കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
🎬 Watch Now: Feature Video
Published : Oct 20, 2023, 5:51 PM IST
തൃശൂര്‍: പാലിയേക്കര ടോള്‍പ്ലാസ ഓഫിസിലേയ്ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ഉപരോധ സമരത്തില്‍ നേരിയ സംഘര്‍ഷം (Congress March In Paliyekkara Toll Plaza). പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സംഘര്‍ഷത്തിനിടെ നിലത്ത് വീണ ടിഎന്‍ പ്രതാപന്‍ എംപിയ്‌ക്ക് പരിക്ക്. മുന്‍ എംഎല്‍എ അനില്‍ അക്കര, ഡിസിസി പ്രസിഡന്‍റ് ജോസ് വള്ളൂര്‍ എന്നിവര്‍ക്കും പരിക്കേറ്റു. പാലിയേക്കരയില്‍ ടോള്‍ കൊള്ള നടത്തുവെന്ന് ആരോപിച്ച് ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ടോള്‍പ്ലാസ വളയല്‍ സമരത്തിലാണ് സംഘര്‍ഷമുണ്ടായത്. ജിഐപിഎല്‍ ഓഫിസിന് മുന്നില്‍ നടന്ന ഉപരോധ സമരം ടി.എന്‍ പ്രതാപന്‍ എംപി ഉദ്ഘാടനം ചെയ്‌തു. പാലിയേക്കരയില്‍ നിന്നാരംഭിച്ച പ്രകടനത്തിനിടെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജിഐപിഎല്‍ ഉദ്യോഗസ്ഥരുമായി സംസാരിക്കണമെന്ന ആവശ്യം പൊലീസ് നിരസിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. ഇതിനിടെ പ്രവര്‍ത്തകര്‍ ടോള്‍ ബൂത്തുകള്‍ തുറന്ന് വാഹനങ്ങള്‍ കടത്തിവിട്ടു. സംഘര്‍ഷത്തിന് പിന്നാലെ പ്രവര്‍ത്തകര്‍ ജിഐപിഎല്‍ ഓഫിസ് കവാടത്തിന് മുന്നില്‍ ഇരുന്ന് പ്രതിഷേധിച്ചു. വിഷയത്തില്‍ പൊലീസ് ആവശ്യമില്ലാതെ കേസ് എടുക്കുകയാണെന്നും എസ്‌പിയും ജില്ല കലക്‌ടറും ഇടപെടണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. സംഭവത്തിന് പിന്നാലെ ജില്ല കലക്‌ടര്‍ വി. ആര്‍ കൃഷ്‌ണതേജയും റൂറല്‍ എസ്‌പി ഐശ്വര്യ ഡോഗ്രയും സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കലക്‌ടറും എസ്‌പിയും ഉറപ്പ് നല്‍കിയതോടെ സംഘം ഉപരോധം അവസാനിപ്പിച്ചു. സംഘര്‍ഷത്തില്‍ പരിക്കേറ്റ നേതാക്കളെ തൃശൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.