ഗർഭിണി രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക് ; കോൺക്രീറ്റ് അടർന്നുവീണതില്‍ കോട്ടയം ജില്ല ആശുപത്രിയിലെ രോഗികളും ജീവനക്കാരും ഭീതിയിൽ - Concrete fell off in hospital Kottayam
🎬 Watch Now: Feature Video
Published : Nov 15, 2023, 3:12 PM IST
കോട്ടയം: ഭീതിയോടെയാണ് കോട്ടയം ജില്ല ജനറൽ ആശുപത്രിയിലേക്ക് രോഗികളും ജീവനക്കാരും എത്തുന്നത്. ആശുപത്രി കെട്ടിടത്തിലെ കോൺക്രീറ്റ് അടർന്നുവീണതാണ് രോഗികളെയും കൂട്ടിരിപ്പുകാരെയും ജീവനക്കാരെയും ഒരുപോലെ ഭീതിയിലാക്കുന്നത് (Concrete fell off in Kottayam district hospital Patients and staff in fear). ആശുപത്രിയിലെ ഗൈനക്കോളജി വാർഡിലെ കോണിപ്പടിക്ക് മുകളിൽ നിന്നാണ് കോൺക്രീറ്റ് അടർന്നുവീണത്. തലനാരിഴയ്‌ക്കാണ് ഗർഭിണി അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. ഗൈനക്കോളജി പോസ്റ്റ് ഓപ്പറേഷൻ വാർഡിലേക്കുള്ള കോണിപ്പടിക്ക് മുകളിൽ നിന്നാണ് അടുത്തിടെ വലിയ ശബ്‌ദത്തിൽ കോൺക്രീറ്റ് നിലം പതിച്ചത്. ഇതുകണ്ട് സ്‌ത്രീകൾ നിലവിളിച്ചതോടെ ആശുപത്രി ജീവനക്കാർ ഓടിയെത്തുകയായിരുന്നു. വാർഡിൽ ക്ലീനിങ് നടക്കുന്ന സമയമായതിനാൽ കോണിപ്പടിക്ക് സമീപത്ത് വരാന്തയിൽ കൂട്ടിരിപ്പുകാർ ഉണ്ടായിരുന്നു. ഭാഗ്യം കൊണ്ടാണ് ഇവർക്ക് അപകടം സംഭവിക്കാതിരുന്നത്. കോണിപ്പടി കയറി വരികയായിരുന്ന സ്‌ത്രീയുടെ തൊട്ടുപിന്നിലേക്കാണ് കോൺക്രീറ്റ് അടർന്ന് വീണത്. കാലപ്പഴക്കം ചെന്ന കെട്ടിടത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നും ഇത്തരത്തിൽ പ്ലാസ്റ്ററിംഗ് അടർന്നുവീഴുന്നത് പതിവാകുകയാണ്. അതേസമയം വാർഡ് അടച്ചിടാനാവില്ലെന്ന് ആശുപത്രി വികസന സമിതി അറിയിച്ചു. സമാന പ്രശ്‌നം മൂലം അറ്റകുറ്റപ്പണിക്കായി അഞ്ചാം വാർഡ് നിലവിൽ അടച്ചിട്ടിരിക്കുകയാണ്. 18 ലക്ഷം രൂപയുടെ അറ്റകുറ്റപ്പണി ഉടൻ നടത്തുമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. അഞ്ചാം വാർഡിന്‍റെ പ്രവൃത്തി പൂർത്തിയാക്കി, അവിടേയ്‌ക്ക് നാലാം വാർഡിന്‍റെ പ്രവർത്തനം മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്ന് ആശുപത്രി വികസന സമിതിയംഗം പികെ ആനന്ദ ക്കുട്ടന്‍ പറഞ്ഞു. അതേസമയം കോൺക്രീറ്റ് ഇത്തരത്തിൽ തുടർച്ചയായി അടർന്നുവീഴുന്നത് ജീവനക്കാരെ അടക്കം ആശങ്കയിലാക്കുകയാണ്. എപ്പോഴും കൈക്കുഞ്ഞുങ്ങളുമായി അമ്മമാരും ആശുപത്രി ജീവനക്കാരും കടന്നുപോകുന്ന വഴിയാണിത്. കെട്ടിടത്തിന്‍റെ പലയിടത്തും ഇത്തരത്തിൽ കോൺക്രീറ്റ് പാളികൾ എത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്.