വീട് അനുവദിച്ചതിന് കമ്മീഷൻ : പരാതിയിൽ വിശദീകരണവുമായി ബിജെപി ഭാരവാഹികൾ - idukki news
🎬 Watch Now: Feature Video
ഇടുക്കി : വീട് അനുവദിച്ചതിന് ബിജെപി നേതാക്കൾ കമ്മീഷൻ ആവശ്യപ്പെട്ടെന്ന പരാതിയിൽ വിശദീകരണവുമായി ഭാരവാഹികൾ. പന്നിയാർ ജംഗ്ഷൻ ലക്ഷം വീട് കോളനിയിലെ മേരി രാജു ബിജെപി നേതാക്കൾക്കെതിരെ രാജാക്കാട് പോലീസിൽ നൽകിയ പരാതിയിലാണ് ഭാരവാഹികൾ വിശദീകരണവുമായി എത്തിയത്.
വിധവയായ വീട്ടമ്മയ്‌ക്ക് 4 സെന്‍റ് ഭൂമിയും വീടും അനുവദിച്ചതിൽ ബിജെപി പ്രാദേശിക നേതാക്കൾ പതിനായിരം രൂപ കമ്മീഷൻ ആവശ്യപ്പെട്ടെന്നായിരുന്നു പരാതി. എന്നാല്‍ പരാതിയിൽ പരാമർശിക്കുന്ന മയിൽ എന്ന് വിളിക്കുന്ന രവിശങ്കർ പാർട്ടി ഭാരവാഹിയല്ലെന്ന് ബിജെപി ഉടുമ്പൻചോല നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബിജെപി ഉടുമ്പൻചോല നിയോജക മണ്ഡലം പ്രസിഡന്‍റ് ബിജു കോട്ടയിൽ, ജനറൽ സെക്രട്ടറി വി എസ് സജിമോൻ, വൈസ് പ്രസിഡന്‍റ് ലിജു സുരേന്ദ്രൻ, രാജകുമാരി പഞ്ചായത്ത് കമ്മിറ്റി കൺവീനർ പി കെ മധു എന്നിവരാണ് വിശദീകരണവുമായി രംഗത്തെത്തിയത്.
പാർട്ടിയുടെ മുൻ മണ്ഡലം ഭാരവാഹിയായ ജോയ് തോമസ്, രാജകുമാരി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹിയായിരുന്ന പി കെ മോഹനൻ എന്നിവർ ഈ വിഷയത്തിൽ അനാവശ്യമായി ഇടപെട്ട് പാർട്ടിക്ക് കളങ്കം വരുത്തിയതായും നേതാക്കൾ പറഞ്ഞു. ഇവരെ അച്ചടക്കം ലംഘിച്ചതിനും സാമ്പത്തിക അച്ചടക്കം പാലിക്കാത്തതിനും 3 മാസം മുൻപ് പാർട്ടി ചുമതലകളിൽ നിന്ന് നീക്കിയതാണെന്നും ഭാരവാഹികൾ വ്യക്തമാക്കി.
പാർട്ടി പ്രവർത്തകർ കമ്മീഷൻ ആവശ്യപ്പെട്ടതായി തെളിഞ്ഞാൽ നടപടി സ്വീകരിക്കാൻ ജില്ല കമ്മിറ്റിക്ക് റിപ്പോർട്ട് നൽകുമെന്നും മണ്ഡലം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.