CM Pinarayi About Keraleeyam 'കേരളീയം ജനങ്ങള്‍ സ്വീകരിച്ചു, ഏതെങ്കിലും നേതാക്കൾ പങ്കെടുക്കാത്തത് കൊണ്ട് ജനങ്ങൾ വിട്ടുനില്‍ക്കില്ല': മുഖ്യമന്ത്രി
🎬 Watch Now: Feature Video
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്‍റെ കേരളീയം ജനങ്ങള്‍ സ്വീകരിച്ച് കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ (CM Pinarayi About Keraleeyam). ഏതെങ്കിലും നേതാക്കൾ പങ്കെടുക്കാത്തത് കൊണ്ട് ജനങ്ങൾ പരിപാടിയില്‍ പങ്കെടുക്കാതിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തലസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നവകേരളത്തിന് ഏത് രൂപം കൊടുക്കണം എന്ന വിദഗ്‌ധ അഭിപ്രായം ഉണ്ടാകാൻ കേരളീയം സഹായിക്കും. നവംബര്‍ ഒന്ന് മുതല്‍ ആരംഭിക്കുന്ന പരിപാടി നല്ല രീതിയില്‍ പൂര്‍ത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിപാടിയുടെ ഭാഗമായി നഗരത്തില്‍ ഗതാഗതം പൂര്‍ണമായും നിരോധിക്കുന്നില്ല. തിരുവനന്തപുരത്ത് വെള്ളക്കെട്ട് പ്രശ്‌നങ്ങൾ നിലനിൽക്കുമ്പോഴും കേരളീയം ജനങ്ങൾ സ്വീകരിക്കുമോയെന്ന ചോദ്യത്തിന് കാലാവസ്ഥയിൽ ഉണ്ടായ മാറ്റത്തിന്‍റെ ഭാഗമായി പ്രശ്‌നമുണ്ടായെന്നും അത് പരിഹാരത്തിനുള്ള നടപടികൾ സ്വീകരിച്ച് കഴിഞ്ഞുവെന്നും അദ്ദേഹം മറുപടി പറഞ്ഞു. നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി മാധ്യമ പ്രവർത്തകരോട് അപമാര്യാദയായി പെരുമാറിയ സംഭവത്തിൽ അത്തരം പെരുമാറ്റം പാടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇത് മനസിലാക്കി ഇടപെടാൻ ഇത്തരത്തിലുള്ളവർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. കളമശ്ശേരി ബോംബ് സ്ഫോടന കേസിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്ത സംഭവത്തിൽ നിയമ വിരുദ്ധമായി ആരെങ്കിലും പ്രവർത്തിച്ചാൽ കേന്ദ്ര മന്ത്രിയായാലും സംസ്ഥാന മന്ത്രിയായാലും നടപടിയുണ്ടാകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇന്ന് (ഒക്‌ടോബര്‍ 30) രണ്ടാം തവണയാണ് മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കാണുന്നത്.