തിരുവാർപ്പ് സിഐടിയു സമരം; മാധ്യമപ്രവർത്തകരെ മർദിച്ചതായി പരാതി - മാധ്യമപ്രവർത്തകർക്ക് മർദനം
🎬 Watch Now: Feature Video
കോട്ടയം : തിരുവാർപ്പിലെ സിഐടിയു സമരം റിപ്പോർട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവർത്തകരെ മർദിച്ചതായി പരാതി. റിപ്പോർട്ടർ എസ് ഡി റാം, ഫോട്ടോഗ്രാഫർ എന്നിവരെയാണ് സിഐടിയു പ്രവർത്തകർ മർദ്ദിച്ചതായി പരാതിയുള്ളത്. ബസ് സമരം ഒത്തുതീർപ്പായതിന് ശേഷം വാർത്ത റിപ്പോർട്ട് ചെയ്‌ത് മടങ്ങാൻ വാഹനത്തിനടുത്തേക്ക് നടക്കുമ്പോഴായിരുന്നു മർദനം ഉണ്ടായതെന്ന് റാം പറഞ്ഞു.
ബസുടമയെ അനുകൂലിച്ച് വാർത്ത നൽകുമോ എന്ന് ചോദിച്ചായിരുന്നു സിഐടിയു പ്രവർത്തകർ കൂട്ടം ചേർന്ന് ആക്രമിച്ചതെന്നും റാം പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റ റാമിനെ ആദ്യം കോട്ടയം ജില്ല ജനറൽ ആശുപത്രിയിലെത്തിച്ചു. പിന്നീട് അവിടെ നിന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപതിയിലേക്ക് മാറ്റി. ചെവിക്ക് ഗുരുതര പരിക്കേറ്റ റാമിനെ മെഡിക്കൽ കോളജിൽ അഡ്‌മിറ്റ് ചെയ്‌തു.
സിഐടിയു കൊടികുത്തിയ ബസിന്‍റെ ഉടമയ്‌ക്ക് നേരെയും ഇന്നലെ (25.06.23) രാവിലെ 6.30ഓടെ ആക്രമണം ഉണ്ടായിരുന്നു. സർവീസ് പുനരാരംഭിക്കാൻ ഹൈക്കോടതി ഉത്തരവ് വന്നതിന്‍റെ അടിസ്ഥാനത്തിൽ ബസ് എടുക്കാനെത്തിയപ്പോഴായിരുന്നു മർദനം ഉണ്ടായത്. കൂലി തർക്കത്തെ തുടർന്ന് സിഐടിയു പ്രവർത്തകർ ദിവസങ്ങളായി ബസ് തടഞ്ഞിട്ടിരിക്കുകയായിരുന്നു.