'വികസനവും കരുതലും പുതുപ്പള്ളിയുടെ മുഖമുദ്ര'; ഇടതുപക്ഷത്തിന് പറയാൻ ഒന്നുമില്ലെന്ന് ചാണ്ടി ഉമ്മൻ - Oommen Chandy
🎬 Watch Now: Feature Video

കോട്ടയം : വികസനവും കരുതലും പുതുപ്പള്ളിയുടെ മുഖമുദ്രയെന്ന് ചാണ്ടി ഉമ്മൻ. കേരളം മുഴുവനും വന്ന വികസനവും കരുതലുമെന്ന മുദ്രാവാക്യം പുതുപ്പള്ളിയിൽ നിന്നാണ് തുടങ്ങിയതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. പുതുപ്പള്ളി മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ അക്കമിട്ട് പറഞ്ഞ ചാണ്ടി ഉമ്മൻ ദുഷ്പ്രചരണം നടത്തുന്നവർ ഇതിന് മറുപടി പറയട്ടെയെന്നും കൂട്ടിച്ചേർത്തു. ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ പുതുപ്പള്ളിയിലുണ്ടായ വികസനം എതിർത്ത് പറയുന്നവർ കണ്ണുതുറന്ന് കാണണം. കോട്ടയം ജില്ലയിലെ ആദ്യത്തെ കോളജ് പുതുപ്പള്ളി മണ്ഡലത്തിലായിരുന്നു തുടങ്ങിയത്. ഐഎച്ച്‌ആർഡി, വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്, ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ തുടങ്ങിയവ മണ്ഡലത്തിലുണ്ട്. ഇടതുപക്ഷത്തിന് പറയാൻ ആകെയുള്ളത് ഉമ്മൻ ചാണ്ടി പഠിച്ചിരുന്ന സ്‌കൂളിനെക്കുറിച്ചാണ്. സ്‌കൂൾ പുതുക്കി പണിതപ്പോൾ ഉമ്മൻ ചാണ്ടി തന്നെയായിരുന്നു ഇവിടുത്തെ എംഎൽഎ എന്ന് എതിർപക്ഷം മനസിലാക്കണമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ മണ്ഡലത്തിന്‍റെ വികസനം പ്രധാന ചർച്ചാവിഷയമായി മാറുമ്പോൾ ഇതേ ചൊല്ലി ഇരു മുന്നണി സ്ഥാനാർഥികളും തമ്മിലുള്ള വാക്‌പോര് ദിനംപ്രതി മുറുകുകയാണ്. മണ്ഡലത്തിലെ വികസനത്തെക്കുറിച്ച് തുറന്ന സംവാദത്തിന് ഇടതുപക്ഷ സ്ഥാനാർഥി വെല്ലുവിളിച്ചതിനെ തുടർന്നായിരുന്നു ചാണ്ടി ഉമ്മന്‍റെ പ്രതികരണം.