'ചില കോടതികൾ അന്യായ വിധികൾ പുറപ്പെടുവിക്കുന്നു'; കർദിനാൾ മാർ ജോർജ് ആലഞ്ചേരി, വിമർശനം ഭൂമി ഇടപാടിലെ കോടതി വിധി നിലനില്‍ക്കെ - എറണാകുളം ഏറ്റവും പുതിയ വാര്‍ത്ത

🎬 Watch Now: Feature Video

thumbnail

By

Published : Apr 7, 2023, 1:47 PM IST

എറണാകുളം: അങ്കമാലി അതിരൂപത വിവാദ ഭൂമി ഇടപാടിലെ കോടതി വിധികൾക്കെതിരെ വിമർശനവുമായി സിറോ മലബാർ സഭ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. മാധ്യമ പ്രീതിക്കോ, ജനപ്രീതിക്കോ, ഈ ലോകത്ത് ചില നേട്ടങ്ങൾ കൈവരിക്കുന്നതിനോ ആയിരിക്കാം ചില ന്യായാധിപൻമാർ ഇത്തരം വിധികൾ പുറപ്പെടുവിക്കുന്നതെന്നും അല്ലെങ്കിൽ ജുഡീഷ്യൽ ആക്‌ടിവിസം ആയിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം സെന്‍റ് തോമസ് മൗണ്ടിൽ ദുഃഖവെളളി ചടങ്ങുകൾക്ക് ശേഷം നൽകിയ സന്ദേശത്തിലായിരുന്നു കർദിനാൾ വിമർശനം ഉന്നയിച്ചത്. 

ചില കോടതികൾ അന്യായ വിധികൾ പുറപ്പെടുവിക്കുന്നുവെന്ന് ആരോപിച്ച അദ്ദേഹം ജുഡീഷ്യൽ ആക്‌ടിവിസം പാടില്ലന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടന്ന് ചൂണ്ടിക്കാണിച്ചു. പിലാത്തോസിന്‍റെ അന്യായ വിധികൾ പോലെ നമ്മൾ ഇന്നും മുന്നോട്ട് പോകണമോയെന്ന് ചിന്തിക്കണം. പിലാത്തോസിന് വിധി എഴുതി നൽകിയത് ജനങ്ങളോ, സീസറോ ആകാം. ഇന്നത്തെ ന്യായാധിപൻമാർക്കും ഇതുപോലെ വിധികൾ എഴുതി നൽകുകയാണന്നും ആലഞ്ചേരി ആരോപിച്ചു. 

എറണാകുളം അങ്കമാലി അതിരൂപത വിവാദ ഭൂമി ഇടപാടിൽ കാക്കനാട് മജിസ്ട്രേറ്റ് കോടതി നേരത്തെ കർദിനാൾ വിചാരണ നേരിടണമെന്ന് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ കർദിനാൾ ഹൈക്കോടതിയെയും, സുപ്രീം കോടതിയെയും സമീപിച്ചിരുന്നുവെങ്കിലും തിരിച്ചടി നേരിട്ടിരുന്നു. ഈയൊരു സാഹചര്യത്തിലാണ് കർദിനാളിന്‍റെ കോടതികൾക്കെതിരായ വിമർശനം എന്നുള്ളതും ശ്രദ്ധേയമാണ്. 

അതേ സമയം, ക്രിസ്‌തുവിന്‍റെ പീഡാനുഭവത്തിന്‍റെയും കുരിശുമരണത്തിന്‍റെയും സ്‌മരണ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്‌തവ വിശ്വാസികൾ ഇന്ന് ദുഃഖവെള്ളി ആചരിക്കുകയാണ്. കേരളത്തിലെ വിവിധ ക്രൈസ്‌തവ ദേവാലയങ്ങൾ പ്രാർഥന ശുശ്രൂഷകൾ നടന്നു. രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് നന്മ മാത്രം ചെയ്‌ത് കടന്നുപോയ യേശുവിന്‍റെ കുരിശുമരണത്തിൽ ദുഃഖം രേഖപ്പെടുത്തിയാണ് ദുഃഖവെള്ളി ദിനാചരണം. 
 

ദുഃഖ വെള്ളിയുടെ ഭാഗമായുള്ള പ്രാർത്ഥനകളും കുരിശിന്‍റെ വഴിയുൾപെടെയുള്ള ചടങ്ങുകളും നടന്നു. കുർബാന ഏകീകരണവുമായി ബന്ധപ്പെട്ട സംഘർഷത്തെ തുടർന്ന് അടഞ്ഞുകിടക്കുന്ന എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രലിൽ ദുഃഖവെള്ളി ചടങ്ങുകൾ നടന്നില്ല. സെന്‍റ് ഫ്രാൻസിസ് കത്തീഡ്രലിൽ നടന്ന ദുഃഖവെള്ളി ചടങ്ങുകൾക്ക് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പിൽ നേതൃത്വം നൽകി.
യേശുക്രിസ്‌തുവിന്‍റെ ജറുസലേം പ്രവേശനത്തെ അനുസ്‌മരിച്ചുള്ള ഓശാന ഞായറോടെ ആരംഭിച്ച വിശുദ്ധ വാരാചരണം ഈസ്റ്റർ ഞായറോടെയാണ് പൂർത്തിയാവുക. 

ലോകത്തിന്‍റെ പാപങ്ങള്‍ ചുമലിലേറ്റി ഗാഗുൽത്താമലയിൽ യേശുക്രിസ്‌തു കുരിശുമരണം വരിച്ചുവെന്നാണ് ക്രൈസ്‌തവ വിശ്വാസം. മരണത്തിന്‍റെ മൂന്നാംനാൾ യേശു ക്രിസ്‌തു ഉയർത്തെഴുന്നേറ്റു എന്ന വിശ്വാസത്തിന്‍റെ സ്‌മരണയ്‌ക്കായാണ് പെസഹ ചടങ്ങുകൾക്കും ദുഃഖ വെള്ളി ആചരണത്തിനും പിന്നാലെ കടന്നു വരുന്ന ഞായറാഴച ഈസ്‌റ്റർ ആഘോഷിക്കുന്നത്.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.