Bus Owner Protest| സിഐടിയു കൊടികുത്തി; സ്വന്തം ബസിന് മുന്നില്‍ ലോട്ടറി വില്‍പനയുമായി ഉടമ - kottayam news updates
🎬 Watch Now: Feature Video
കോട്ടയം: തിരുവാര്‍പ്പില്‍ ബസിന് മുന്നില്‍ സിഐടിയു കൊടി കുത്തിയതോടെ ബസിന് മുന്നില്‍ ലോട്ടറി വില്‍പനയുമായി ഉടമ. തിരുവാര്‍പ്പ് വെട്ടി കുളങ്ങര രാജ്‌മോഹനാണ് ബസിന് മുന്നില്‍ ലോട്ടറി വില്‍പന നടത്തിയത്. കൂലി വര്‍ധന നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് രാജ്‌മോഹന്‍റെ ബസിന് മുന്നില്‍ സിഐടിയു കൊടി കുത്തിയത്.
പ്രവാസിയായിരുന്ന രാജ്‌മോഹന്‍ നാട്ടില്‍ മടങ്ങിയെത്തിയതിന് ശേഷമാണ് ബസ് വാങ്ങി സര്‍വീസ് നടത്താന്‍ ആരംഭിച്ചത്. നാല് ബസുകളാണ് രാജ്‌മോഹനുള്ളത്. മറ്റ് മൂന്ന് ബസുകളും സര്‍വീസ് നടത്തുന്നുണ്ട്.
കോട്ടും സ്യൂട്ടും ധരിച്ചുള്ള ലോട്ടറി വില്‍പന: മുഖ്യമന്ത്രി ന്യൂയോര്‍ക്കിലെത്തി ജനങ്ങളെ അഭിസംബോധന ചെയ്‌തത് പോലെയാണ് രാജ്‌മോഹന്‍ ലോട്ടറി വില്‍പന നടത്തിയത്. 'ടൈംസ് സ്‌ക്വയര്‍ ലക്കി സെന്‍റര്‍' എന്നാണ് ലോട്ടറി വില്‍പന കേന്ദത്തിന് രാജ്‌മോഹന്‍ പേരിട്ടത്. മുഖ്യമന്ത്രി ധരിച്ച അതേ കോട്ടിന്‍റെ സ്യൂട്ടിന്‍റെയും കളറുള്ള കോട്ടും സ്യൂട്ടും ധരിച്ചാണ് ലോട്ടറി വില്‍പന നടത്തിയത്.
കൂലി വര്‍ധന നടപ്പിലാക്കാത്ത സംഭവം ചൂണ്ടിക്കാട്ടിയാണ് സിഐടിയു ബസിന് മുന്നില്‍ കൊടി കുത്തിയത്. നാല് ബസുകളില്‍ വച്ച് കലക്‌ഷനുള്ള ബസിന് മുന്നിലാണ് കൊടി കുത്തിയത്. സര്‍വീസ് മുടക്കിയതിലും രാജ്‌മോഹന് പ്രതിഷേധമുണ്ട്. രണ്ട് ബസുകളില്‍ നിന്ന് യാതൊരു വരുമാനവും ലഭിക്കുന്നില്ലെന്ന് രാജ്‌മോഹന്‍ പറഞ്ഞു.
കോട്ടയം ലേബർ ഓഫിസിൽ നേരത്തെ നടത്തിയ ചർച്ചയിൽ റൂട്ടിലെ കലക്ഷന് സാഹചര്യങ്ങളും കണക്കിലെടുത്ത് ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കാൻ നിർദേശിച്ചിരുന്നു. ഇതനുസരിച്ച് ശമ്പളം വര്‍ധിപ്പിച്ചു. നിശ്ചിത കലക്ഷൻ ഇല്ലാത്തപ്പോഴും വർധിപ്പിച്ച കൂലി വേണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. അതേ സമയം ഏറ്റവും നല്ല കലക്ഷനുള്ള സർവീസാണ് മുടക്കിയതെന്ന് രാജ്മോഹൻ പറഞ്ഞു. കൊടിക്കുത്തിയ ബസിലെ ജീവനക്കാർ ആരും സമരത്തിലില്ലെന്നും ഉടമ പറഞ്ഞു. ബിജെപി കുമരകം മണ്ഡലം വൈസ് പ്രസിഡന്‍റാണ് രാജ്‌മോഹന്‍. അതുകൊണ്ട് തനിക്കെതിരെയുള്ള ഈ നീക്കം രാഷ്‌ട്രീയപരമാണെന്നും അദ്ദേഹം പറയുന്നു.
കഴിഞ്ഞ ശനിയാഴ്‌ച തൊഴിൽ തർക്കത്തെ തുടർന്ന് തിരുവാർപ്പ് കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന വെട്ടിക്കുളങ്ങര ബസിൽ സിഐടിയു കൊടി കുത്തിയത്. നഷ്‌ടത്തിൽ സർവീസ് നടത്തുന്ന തന്‍റെ ബസുകളിൽ ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകാറുണ്ടെന്നും രാഷ്ട്രീയ വൈരാഗ്യമാണ് തന്‍റെ സംരംഭത്തെ തകർക്കുവാൻ കാരണമാകുന്നതെന്നും രാജ് മോഹൻ വെട്ടികുളങ്ങര പറഞ്ഞു.
ബസ് സർവീസ് ഇല്ലാതാക്കാനുള്ള ആക്രമണങ്ങൾക്ക് എതിരെ കോടതിയെ സമീപിക്കുമെന്നും ബസ് ഉടമ രാജ്മോഹൻ വെട്ടിക്കുളങ്ങര പറഞ്ഞു. അതേ സമയം ശമ്പള പരിഷ്‌കരണം നടപ്പാക്കാത്തതിനാലാണ് സമരം നടത്തുന്നതെന്ന് മോട്ടോർ ആൻഡ് മെക്കാനിക്കൽ വർക്കേഴ്‌സ് യൂണിയൻ (CITU) വ്യക്തമാക്കി.