Bus Accident In Palakkad : പാലക്കാട് സ്വകാര്യ ബസ് മറിഞ്ഞു ; രണ്ട് മരണം, നിരവധി പേർക്ക് പരിക്ക്, നടുക്കുന്ന ദൃശ്യം
🎬 Watch Now: Feature Video
Published : Aug 23, 2023, 10:30 AM IST
|Updated : Aug 23, 2023, 12:19 PM IST
പാലക്കാട്:തിരുവാഴിയോട് സ്വകാര്യ ബസ് മറിഞ്ഞ് രണ്ട് പേർ മരിച്ചു. ഒരാളുടെ നില ഗുരുതരം. ചെന്നൈയിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കല്ലട ട്രാവൽസിന്‍റെ ബസാണ് മറിഞ്ഞത് (Bus Accident in Palakkad Thiruvazhiyod). ബസിലുണ്ടായിരുന്ന എഞ്ചിനീയറിങ്ങ് വിദ്യാർഥി ഇഷാനും, പൊന്നാനി സ്വദേശി സൈന ബീവിയുമാണ് അപകടത്തിൽ മരിച്ചത്. കാർഷിക വികസന ബാങ്കിന് മുന്നിൽ ഇന്ന് രാവിലെ 7.30 ഓടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബസ് വലത് വശത്തേക്ക് റോഡിലേക്ക് മറിയുകയായിരുന്നു. മരിച്ച രണ്ട് പേരും ബസിനടിയിൽ കുടുങ്ങിപ്പോവുകയായിരുന്നു. ഇതിൽ ഒരാളുടെ അരയ്ക്ക് താഴേക്ക് ബസിനടിയിൽ കുടുങ്ങി. ക്രെയിനിന്‍റെ സഹായത്തോടെ ബസ് ഉയർത്തി മാറ്റുന്നതിനിടയിലാണ് രണ്ട് പേരുടെയും മൃതദേഹങ്ങള്‍ കണ്ടത്. ഇവർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. റോഡിന് കുറുകെ കിടക്കുന്ന നിലയിലായിരുന്നു ബസ്. അപകട സമയത്ത് ബസിൽ 27 യാത്രക്കാർ ഉണ്ടായിരുന്നതായാണ് പ്രാഥമിക നിഗമനം. അമിത വേഗതയിലായിരുന്ന ബസ് ഇടത് വശം റോഡിൽ നിന്നിറങ്ങി ആടി ഉലഞ്ഞു. യാത്രക്കാർ ബഹളം വച്ചതോടെ വലതുവശത്തേക്ക് വെട്ടിക്കുകയായിരുന്നു. ഈ വേഗതയിൽ ബസ് വലത് വശത്തേക്ക് മറിയുകയായിരുന്നു എന്നാണ് യാത്ര ചെയ്‌തിരുന്നവർ പറയുന്നത്. ഡ്രൈവർ ഉറങ്ങി പോയതാണോ, സാങ്കേതിക തകരാറാണോ അപകടകാരണം എന്നത് വ്യക്തമായിട്ടില്ല. മൃതദേഹങ്ങള്‍ പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റവരെ നാട്ടുകാരും പൊലീസും ചേർന്ന് പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ള യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.