'ബിഷപ്പിന്‍റെ വാക്കുകളില്‍ കേന്ദ്രം ഭരിക്കുന്ന പാർട്ടിയോടുള്ള പ്രതീക്ഷ' ; പിന്തുണയുമായി പി.കെ കൃഷ്‌ണദാസ്
🎬 Watch Now: Feature Video
കൊല്ലം: കേന്ദ്രം ഭരിക്കുന്ന പാർട്ടിയോടുള്ള പ്രതീക്ഷയാണ് തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ വാക്കുകളിലെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി.കെ കൃഷ്‌ണദാസ്. എല്ലാ വിഭാഗത്തിൻ്റെയും അസംതൃപ്തിയാണ് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ വാക്കുകൾ വ്യക്തമാക്കുന്നത്. ഒരുവിഭാഗത്തിൻ്റെ അമർഷമാണ് അദ്ദേഹം രേഖപ്പെടുത്തിയതെന്നും സിപിഎമ്മിന്‍റെയും കോണ്‍ഗ്രസിന്‍റെയും കൗണ്ട് ഡൗണ്‍ തുടങ്ങിയിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ത്രിപുരയിൽ ബിജെപിയ്ക്ക് സീറ്റ് ഉണ്ടായിരുന്നില്ല. എം.വി ഗോവിന്ദൻ ത്രിപുരയിലെ സ്ഥിതി മനസിലാക്കണം. സാമുദായിക നേതാക്കളെ കറവ പശുവാക്കാൻ സിപിഎം ശ്രമിച്ചു. ഇപ്പോൾ രണ്ട് തവണ ബിജെപി ത്രിപുര ഭരിക്കുന്നത് എം.വി ഗോവിന്ദൻ മാഷ് കാണാതെ പോകരുതെന്നും തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പിനെ വളഞ്ഞിട്ട് അക്രമിക്കുകയാണെന്നും കൃഷ്‌ണദാസ് പറഞ്ഞു.
ദേശീയ പാത വികസനം മോദിയുടെ പദ്ധതിയാണ്, പിണറായിയുടേതല്ല. പദ്ധതി പിണറായിയുടേതാക്കാൻ എം.വി ഗോവിന്ദൻ ജാഥയിൽ ശ്രമിച്ചു. ഇനിയെങ്കിലും സത്യം പറയാൻ എം.വി ഗോവിന്ദൻ തയ്യാറാകണം. കോൺഗ്രസിനും യുഡിഎഫിനും രാഷ്ട്രീയമില്ല. ത്രിപുരയിൽ ഒന്നിക്കാമെങ്കിൽ കേരളത്തിലും സിപിഎമ്മിനും കോൺഗ്രസിനും ഒന്നിക്കാം. നിയമസഭയിൽ നടന്ന സമരം ഒത്തുകളിയുടെ ഭാഗമാണെന്നും പി.കെ കൃഷ്‌ണദാസ് ആരോപിച്ചു.