Bike Thieves Arrested രാത്രിയില്‍ കറങ്ങി നടന്ന് ബൈക്ക് കവര്‍ച്ച; മോഷ്‌ടിച്ച ബൈക്കുകളിലെ പെട്രോള്‍ തീരും വരെ സര്‍ക്കീട്ട്, ഇടുക്കിയില്‍ രണ്ട് പേര്‍ പിടിയില്‍ - kerala news updates
🎬 Watch Now: Feature Video
Published : Sep 29, 2023, 8:34 AM IST
ഇടുക്കി: രാത്രിയില്‍ കറങ്ങി നടന്ന് ബൈക്കുകള്‍ മോഷ്‌ടിക്കുന്ന രണ്ട് പേര്‍ പിടിയില്‍ (Bike Thieves In Idukki). രാജാക്കാട് മാങ്ങാത്തൊട്ടി സ്വദേശിയായ അനൂപ് ബാബു, ഇയാളുടെ സഹായിയായ പ്രായപൂര്‍ത്തിയാകാത്ത ബന്ധു എന്നിവരാണ് പിടിയിലായത്. കുമളി, വണ്ടിപ്പെരിയാര്‍, വണ്ടന്‍മേട്, ചക്കുപള്ളം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇരുവരും മോഷണം നടത്തിയിരുന്നത്. ഇന്നലെയാണ് (സെപ്‌റ്റംബര്‍ 28) ഇരുവരും കുമളി പൊലീസിന്‍റെ പിടിയിലായത് (Kumali Police Arrested Bike Thieves). കഴിഞ്ഞ ഏതാനും നാളുകളായി രാത്രിയിലെ ബൈക്ക് മോഷണം സംബന്ധിച്ച് പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മോഷ്‌ടാക്കള്‍ പിടിയിലായത്. സിസിടിവി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തില്‍ രാത്രിയില്‍ ബൈക്കില്‍ കറങ്ങി നടക്കുന്ന ഇരുവരെയും കണ്ടെത്തുകയായിരുന്നു. ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും ഇരുവരുടെയും മുഖം വ്യക്തമായിരുന്നില്ല. അന്വേഷണം പുരോഗമിച്ച് കൊണ്ടിരിക്കെ ബുധനാഴ്‌ച (സെപ്‌റ്റംബര്‍ 27) ചക്കുപള്ളം പളിയക്കുടിയിലെ ഒരു വീട്ടിലെത്തിയ മോഷ്‌ടാക്കള്‍ ബൈക്ക് കടത്താന്‍ ശ്രമിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ ബഹളം വച്ചതോടെ ഇരുവരും ഓടി രക്ഷപ്പെട്ടു. സ്ഥലത്തെത്താന്‍ പ്രതികള്‍ ഉപയോഗിച്ച ബൈക്ക് സമീപ സ്ഥലത്ത് നിന്നും പൊലീസിന് കണ്ടെത്തി. കസ്റ്റഡിയിലെടുത്ത ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. വിവിധയിടങ്ങളില്‍ നിന്നായി ആറ് ബൈക്കുകളും ഇരുവരും മോഷ്‌ടിച്ചിട്ടുണ്ടെന്നും ഇതില്‍ ഒന്ന് രാജാക്കാട് സ്വദേശിയ്ക്ക് വിറ്റെന്നും പ്രതികള്‍ മൊഴി നല്‍കി. മോഷണം നടത്തുന്ന ബൈക്കുകള്‍ പെട്രോള്‍ തീരുന്നത് വരെ ഓടിച്ച് ഉപേക്ഷിക്കുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.