ഓടികൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു; യാത്ര ചെയ്‌തിരുന്ന കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക് - fire news in kerala
🎬 Watch Now: Feature Video
തിരുവനന്തപുരം: കന്യാകുമാരി നാഗര്‍കോവിലിന് സമീപം ഓടികൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. യാത്രക്കാരായ കുടുംബം അത്‌ഭുതകരമായി രക്ഷപ്പെട്ടു. ആശാരിപള്ളം സ്വദേശി രാജാറാമും കുടുംബവും സഞ്ചരിച്ച ബൈക്കിലാണ് തീപിടിത്തമുണ്ടായത്.
ആശാരി പള്ളത്ത് ചികിത്സയ്‌ക്കായി പോകുന്നതിനിടെ കന്യാകുമാരി നാഗർകോവിലിന് സമീപത്തെത്തിയപ്പോള്‍ ബൈക്കില്‍ നിന്ന് പുകയുയരുകയായിരുന്നു. പുകയുയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഉടന്‍ ബൈക്ക് നിര്‍ത്തി ഇറങ്ങിയോടിയതോടെ വന്‍ അപകടം ഒഴിവായി.
നാട്ടുകാരുടെ സഹായത്തോടെ തീയണയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും തീ ആളിപടരുകയായിരുന്നു. ഇതോടെ അഗ്‌നി ശമന സേന സ്ഥലത്തെത്തി തീ അണച്ചു. വാഹനത്തിലുണ്ടായ ഷോട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായത്. തീപിടിത്തത്തില്‍ ബൈക്ക് പൂര്‍ണമായും കത്തി നശിച്ചു.
വേനല്‍കാലവും തീപിടിത്തങ്ങളും: വേനല്‍ ചൂട് കടുത്തത് കൊണ്ട് സംസ്ഥാനത്തെ തീപിടിത്തങ്ങളുടെ എണ്ണവും ദിനംപ്രതി വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. വാഹനങ്ങളിലുള്ള തീപിടിത്തവും അധികരിച്ചിട്ടുണ്ട്. അടുത്തിടെയായി കോഴിക്കോട് പയ്യോളിയിലും ഇത്തരത്തില്‍ സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. പയ്യോളി ദേശീയ പാതയിലൂടെ സഞ്ചരിക്കുന്ന കാറിനാണ് തീപിടിച്ചത്. കാറില്‍ സഞ്ചരിച്ചിരുന്ന രണ്ട് പേര്‍ തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്.
കണ്ണൂരിലും ഇത്തരത്തില്‍ കാറിലുണ്ടായ തീപിടിത്തത്തില്‍ നിന്ന് പിഞ്ചു കുഞ്ഞുള്‍പ്പെടെയുള്ള കുടുംബം അത്‌ഭുതകരമായി രക്ഷപ്പെട്ട വാര്‍ത്ത ഈയടുത്തിടെയാണ് നമ്മള്‍ കണ്ടത്. ഓടികൊണ്ടിരിക്കുന്നതിനിടെ പെട്ടെന്ന് കാറിന്‍റെ മുന്‍ വശത്ത് നിന്ന് തീയും പുകയും ഉയരുകയായിരുന്നു. ഉടന്‍ തന്നെ യാത്രക്കാര്‍ ഇറങ്ങിയോടിയത് കൊണ്ട് വന്‍ ദുരന്തം ഒഴിവായി