Fake drug case|'അത് ലഹരിമരുന്നല്ല', ഷീല ജയിലിൽ കഴിഞ്ഞത് 72 ദിവസം, കുടുക്കിയവർക്കെതിരെ നടപടി വേണമെന്ന് ആവശ്യം
🎬 Watch Now: Feature Video
തൃശൂർ : ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമയായ സ്ത്രീയെ ലഹരിമരുന്നുമായി അറസ്റ്റ് ചെയ്‌ത കേസിൽ ‘ട്വിസ്റ്റ്’. ചാലക്കുടി നഗരത്തിൽ പ്രവർത്തിക്കുന്ന ‘ഷീ സ്റ്റൈൽ’ ബ്യൂട്ടി പാർലറിന്‍റെ ഉടമയായ ഷീല സണ്ണിയിൽ നിന്ന് പിടിച്ചെടുത്തത് ലഹരിമരുന്ന് അല്ലെന്ന് പരിശോധനയിൽ വ്യക്തമായി. അറസ്റ്റിലായതോടെ രണ്ടര മാസത്തോളമാണ് ഷീല ജയിലിൽ കഴിഞ്ഞത്.
ഇതിന് പിന്നാലെയാണ് അന്ന് ഷീലയിൽ നിന്ന് പിടിച്ചെടുത്തത് ലഹരിമരുന്നല്ലെന്ന് വ്യക്തമായത്. പിടികൂടിയ ഉദ്യോഗസ്ഥനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 27നാണ് ഷീല സണ്ണിയെ 12 എൽഎസ്‌ഡി സ്റ്റാമ്പുമായി പിടിച്ചെന്നു വ്യക്തമാക്കി ചാലക്കുടിയിലെ എക്സൈസ് ഓഫിസ് വാർത്താക്കുറിപ്പ് പുറത്തിറക്കിയത്.
ഇവരിൽനിന്ന് പിടിച്ചെടുത്ത എൽഎസ്‌ഡി സ്റ്റാമ്പുകൾ വിദഗ്‌ധ പരിശോധനയ്ക്ക് അയച്ചതിന്‍റെ ഫലം പുറത്തുവന്നപ്പോഴാണ് പിടിച്ചെടുത്തത് ലഹരിമരുന്ന് അല്ലെന്ന് വ്യക്തമായത്.
എക്സൈസിന്‍റെ അശ്രദ്ധ, 72 ദിവസം ജയിലിൽ : ചാലക്കുടിയിൽ ബ്യൂട്ടിപാർലർ ഉടമയായ ഷീലയുടെ ബാഗിൽ നിന്ന് എൽഎസ്‌ഡി സ്റ്റാമ്പ് പിടിച്ചെന്നായിരുന്നു കേസ്. എന്നാൽ ബാഗിൽ നിന്ന് പിടികൂടിയത് ലഹരിമരുന്നല്ലെന്നാണ് പുറത്തുവന്ന ലാബ് പരിശോധനാഫലം. ഈ കേസിൽ ഷീല സണ്ണി ജയിലിൽ കഴിഞ്ഞത് 72 ദിവസമാണ്. കേസിൽ കുടുക്കിയവർക്കെതിരെ നടപടി വേണമെന്നാണ് ഷീല പറയുന്നത്.