Bail to K Vidya| വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്ന് കെ വിദ്യ, ഒടുവിൽ ജാമ്യം, 3 ദിവസത്തിനുള്ളിൽ ഹാജരാകാൻ നീലേശ്വരം പൊലീസ്
🎬 Watch Now: Feature Video
പാലക്കാട് : വ്യാജ സർട്ടിഫിക്കറ്റ് താൻ ഉണ്ടാക്കിയെന്നും ശേഷം പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ നശിപ്പിച്ചതായും കെ വിദ്യ മൊഴി നൽകിയതായി പൊലീസ്. കേസിൽ അഗളി പൊലീസ് കസ്റ്റഡിയിലായിരുന്ന കെ വിദ്യക്ക് കോടതി ജാമ്യം അനുവദിച്ചു. രണ്ട് ദിവസത്തെ കസ്റ്റഡി കാലാവധി കഴിഞ്ഞ് മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ആരോഗ്യസ്ഥിതി പരിഗണിച്ച് കോടതി വിദ്യക്ക് ജാമ്യം അനുവദിച്ചത്.
വ്യാജ സർട്ടിഫിക്കറ്റ് കേസിൽ നീലേശ്വരം പൊലീസും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചിരിന്നു. ഈ കേസിൽ ഇതുവരെയും അറസ്‌റ്റ് ചെയ്യാത്ത നീലേശ്വരം പൊലീസ് വിദ്യക്ക് മൂന്ന് ദിവസത്തിനുള്ളിൽ ഹാജരാകാനാണ് നോട്ടിസ് നൽകിയിരിക്കുന്നത്. അതേസമയം അഗളി പൊലീസ് വിദ്യയെ അറസ്റ്റ് ചെയ്‌തത് നടപടിക്രമങ്ങൾ പാലിച്ചല്ലെന്നും ആരോഗ്യ സ്ഥിതി, സ്‌ത്രീ എന്നീ പരിഗണനയിലൂടെ ജാമ്യം അനുവദിക്കണമെന്നതായിരുന്നു പ്രതി ഭാഗം അഭിഭാഷകന്‍റെ വാദം.
എന്നാൽ പ്രോസിക്യൂഷൻ ഈ വാദത്തെ എതിർത്തു. വ്യാജ രേഖ ഉണ്ടാക്കിയതായ വിദ്യയുടെ മൊഴി ഉൾപ്പടെ എല്ലാ തെളിവുകളും ലഭിച്ചതായി പ്രോസിക്യൂഷൻ വാദിച്ചു. വ്യാജരേഖയുടെ അസൽ പകർപ്പ് വിദ്യ നശിപ്പിച്ചതായും പറയുന്നു. ഇതിന്‍റെ ആധികാരികത പരിശോധിക്കണം. വ്യാജ രേഖ അക്ഷയ സെന്‍ററിലേക്ക് മെയിൽ അയച്ചിരുന്നു.
ഇത് പ്രിന്‍റ് എടുത്ത ശേഷം അതിന്‍റെ പകർപ്പെടുത്താണ് അഭിമുഖത്തിന് നൽകിയത്. അക്ഷയ സെന്‍ററിൽ നിന്നെടുത്തത് കീറി കളഞ്ഞതായാണ് വിദ്യ പൊലീസിനോട് വ്യക്തമാക്കിയിരിക്കുന്നത്. യോഗ്യത കൂടുതലുള്ള വ്യക്തികൾ അഭിമുഖത്തിന് പങ്കെടുക്കുമെന്ന് മനസിലായതോടെയാണ് വ്യാജ രേഖ ഉണ്ടാക്കിയത്. വാദി ഭാഗത്തിന്‍റെയും പ്രതിഭാഗത്തിന്‍റെയും വാദം കേട്ട കോടതി കേരളം വിട്ടു പോകരുതെന്ന കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
കരിന്തളം കോളേജിൽ ഗസ്റ്റ് അധ്യാപികയായി ജോലി ലഭിക്കുന്നതിനും വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ചിരുന്നു. ഈ കേസിലാണ് നീലേശ്വരം പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തിട്ടുള്ളത്.