video: മഞ്ഞ് പുതച്ച് ഉത്തരാഖണ്ഡ്; ഇളം വെയിലേറ്റ് തിളങ്ങി ഔലിയും ബദരീനാഥും; മനോഹര ദൃശ്യങ്ങൾ - മഞ്ഞ് കാലം
🎬 Watch Now: Feature Video
ചമോലി (ഉത്തരാഖണ്ഡ്): സഞ്ചാരികളുടെ വൈകാരിക അനുഭൂതികളെ തൊട്ടുണര്‍ത്തുന്നതാണ് ഓരോ യാത്രകളും. സഞ്ചാരികള്‍ എന്നും ഓര്‍ത്ത് വയ്‌ക്കാനിഷ്‌ടപ്പെടുന്ന അപൂര്‍വ്വം ചില യാത്രകളുണ്ടാകും. അത്തരം യാത്രകളിലൊന്നായിരിക്കും ബദരീനാഥ്.
ഭാരത ചരിത്രത്തിന്‍റെ കഥകള്‍ ഏറെ പറയുന്ന ബദരി ശൈത്യകാലത്ത് സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് ഒരിക്കലും മായാത്ത ചിത്രങ്ങളാണ് സമ്മാനിക്കുക. മഞ്ഞില്‍ പുതഞ്ഞ് കിടക്കുകയാണ് ഔലിയും ബദരിനാഥും. ഔലിയില്‍ നാല് അടി ഉയരത്തിലാണ് മഞ്ഞ് മൂടികിടക്കുന്നത്. ശൈത്യകാലം ആസ്വദിക്കാനായി ആയിരകണക്കിനാളുകളാണ് വര്‍ഷം തോറും ഇവിടെ എത്താറുള്ളത്. ഇന്ത്യയിലെ സ്‌കീ ഡെസ്റ്റിനേഷൻ എന്നറിയപ്പെടുന്ന ഔലിയില്‍ സ്‌നോ സ്‌പോര്‍ട്‌സ് ആസ്വദിക്കാനും നിരവധി പേരാണ് എത്താറുള്ളത്.
ഔലിയില്‍ സാധാരണയായി ഡിസംബറില്‍ ആരംഭിക്കുന്ന മഞ്ഞ് വീഴ്‌ച മാര്‍ച്ച് വരെ തുടരും. ഈ നാല് മാസക്കാലം തന്നെയാണ് ഔലി സന്ദര്‍ശിക്കാന്‍ പറ്റിയ സമയം. ആപ്പിള്‍ തോട്ടങ്ങളും ഓക്ക് മരങ്ങളും പൈന്‍ മരങ്ങളും നിറഞ്ഞ ഔലി താഴ്‌വര നാല് മാസം മഞ്ഞുവിരിപ്പിനുള്ളില്‍ മയങ്ങും. പൈന്‍ മര ചില്ലകളിലെല്ലാം മഞ്ഞ് കുമിഞ്ഞ് കൂടിയിരിക്കുന്നു.
ചില്ലകളില്‍ പറ്റിപിടിച്ചിരിക്കുന്ന മഞ്ഞിനെ താഴെ വീഴ്‌ത്താനെന്ന പോലെ ചെറിയ കാറ്റില്‍ പൈന്‍ മരങ്ങള്‍ ചില്ലകള്‍ പതുക്കെ ഇളക്കും. ഗര്‍വാള്‍ ഹിമാലയത്തിലെ കുന്നുകളിലെ ട്രക്കിങ് മഞ്ഞ് മൂടിയ മലനിരകളുടെ മനോഹരമായ കാഴ്‌ചകള്‍ ആവോളം ആസ്വദിക്കാന്‍ അവസരമൊരുക്കുന്നുണ്ട്. സാഹസികത ഏറെ ഇഷ്‌ടപ്പെടുന്നവര്‍ക്ക് പറ്റിയ നല്ലൊരു ഡെസ്റ്റിനേഷനാണ് ഔലി. വിമാനം, റെയിൽ, റോഡ് ഗതാഗതം വഴി രാജ്യത്തിന്‍റെ നാനഭാഗത്ത് നിന്നും സഞ്ചാരികള്‍ക്ക് ഔലിയിലെത്താം. ജോളി ഗ്രാന്‍റ് എയർപോർട്ടാണ് ഔലിക്കടുത്തുള്ള വിമാനത്താവളം. ഋഷികേശ് റെയിൽവേ സ്റ്റേഷനും ഔലിക്കടുത്താണ് സ്ഥിതി ചെയ്യുന്നത്.