അമ്മ വന്നില്ല: കാടറിയാതെ നാട്ടിലെത്തിയ കുട്ടിക്കൊമ്പൻ ചരിഞ്ഞു, 13 ദിവസത്തെ കാത്തിരിപ്പ് വിഫലം
🎬 Watch Now: Feature Video
പാലക്കാട് : 13 ദിവസം അമ്മയ്ക്കായി കാത്തിരുന്നു, ഒടുവില്‍ കൃഷ്ണ പോയി. ജൂൺ 15 നാണ് അട്ടപ്പാടിക്കടുത്ത് പാലൂരിൽ സ്വകാര്യ തോട്ടത്തിൽ ഒരു വയസുള്ള കുട്ടിക്കൊമ്പനെ അവശ നിലയിൽ തൊഴിലുറപ്പ് തൊഴിലാളികൾ കണ്ടത്. വനം വകുപ്പിന്റെ ദ്രുതപ്രതികരണ സംഘമെത്തി കാട്ടാനക്കുട്ടിയെ ഉച്ചയോടെ അമ്മയാനയോടപ്പം ചേർത്തതിന് ശേഷം തിരിച്ചിറങ്ങി.
വൈകുന്നേരത്തോടെ കാട്ടാനക്കുട്ടി വീണ്ടും പാലൂരിലെ അയ്യപ്പന്റെ വീട്ടിലെത്തി. വനം വകുപ്പെത്തി കാട്ടിലേക്ക് മാറ്റിയെങ്കിലും വീണ്ടും കുട്ടിക്കൊമ്പൻ ഒറ്റപ്പെട്ടു. പക്ഷേ വനംവകുപ്പ് ഉദ്യോഗസ്ഥർ കുട്ടിയാനയെ കൂടെ കൂട്ടി. കൃഷ്‌ണ എന്ന് പേരിട്ടു. ജൂൺ 16 ന് ദൊഡ്ഡുക്കട്ടിയിലെ വനത്തിൽ താത്കാലിക കൂടൊരുക്കി അമ്മയാനയ്ക്കായി വനം വകുപ്പ് കാത്തിരുന്നു.
അമ്മയാന കൂടിന് സമീപമെത്തിയെങ്കിലും കുട്ടിയാനയെ കൂടെ കൂട്ടിയില്ല. അടുത്ത ദിവസം ബൊമ്മിയാംപടിയിലെ ക്യാമ്പ് ഷെഡ്ഡിന് സമീപം താത്കാലിക കൂടൊരുക്കി കുട്ടിക്കൊമ്പനെ ഈ കൂട്ടിലേക്ക് മാറ്റി. ലാക്ടൊജൻ അടങ്ങിയ ഭക്ഷണവും, കരിക്കിൻ വെള്ളവും, തണ്ണിമത്തനും നൽകി. ക്ഷീണം മാറിയ കുട്ടിക്കൊമ്പൻ ഓടി കളിച്ചിരുന്നെങ്കിലും ഇടയ്ക്ക് ക്ഷീണം അനുഭവപ്പെട്ടതോടെ ഡോക്ടർമാരെത്തി ചികിത്സ നൽകി.
രാത്രിയിൽ കുട്ടിക്കൊമ്പന് തണുക്കേല്‍ക്കാതിരിക്കാൻ കോൺക്രീറ്റ് മേൽക്കൂരയുള്ള കെട്ടിടത്തിലായിരുന്നു മാറ്റി കിടത്തിയിരുന്നത്. പക്ഷേ അമ്മയെത്തുമെന്ന പ്രതീക്ഷ ബാക്കിയാക്കി ബൊമ്മിയാംപടി ക്യാമ്പ് ഷെഡ്ഡിലെ കൂട്ടില്‍ ഇന്നലെ രാത്രി പതിനൊന്നരയോടെ കാട്ടാനക്കുട്ടി ചരിഞ്ഞു.
തിങ്കളാഴ്‌ച ഉച്ചയോടെ കുട്ടിക്കൊമ്പൻ അവശ നിലയിലായിരുന്നു. തിങ്കളാഴ്ച രാവിലെ ക്ഷീണിതനായി കിടന്ന കുട്ടിക്കൊമ്പനെ ഫോറസ്റ്റ് വെറ്ററിനറി ഡോക്ടർ ഡേവിഡ് എബ്രഹാം ചികിത്സ നൽകിയതോടെ എഴുന്നേറ്റ് ലാക്ടൊജിൻ അടങ്ങിയ ഭക്ഷണവും, പുല്ലും തിന്നിരുന്നു. ചെവ്വാഴ്ച രാവിലെ നടന്നിരുന്ന കുട്ടിക്കൊമ്പൻ ഉച്ചയോടെയാണ് അവശനായത്. 13 ദിവസം അമ്മയെത്തി കൂടെ കൂട്ടുമെന്ന പ്രതീക്ഷയിൽ വനം വകുപ്പ് ഒരുക്കിയ കൂട്ടിനുള്ളിൽ കഴിയുകയായിരുന്നു കുട്ടിക്കൊമ്പൻ.