CCTV Visual | മൂന്ന് വയസുകാരി ഓട്ടോറിക്ഷയില്‍ നിന്നിറങ്ങിയോടി, പിന്നാലെയെത്തിയ ഓട്ടോറിക്ഷ ഇടിച്ച് അപകടം; രക്ഷിക്കാനെത്തിയ പെൺകുട്ടിക്കും പരിക്ക് - മൂന്ന് വയസുകാരിയെ ഓട്ടോ ഇടിച്ച് അപകടം
🎬 Watch Now: Feature Video

വയനാട്: ഓട്ടോറിക്ഷയില്‍ നിന്നും ഇറങ്ങിയോടിയ കുട്ടിയെ മറ്റൊരു ഓട്ടോറിക്ഷ ഇടിച്ചു. പിന്നാലെ രക്ഷിക്കാനെത്തിയ കുട്ടിക്കും അപകടത്തില്‍ പരിക്ക്. വയനാട് മേപ്പാടി മേലെ ഓട്ടോറിക്ഷ സ്റ്റാന്‍ഡിന് സമീപം ജൂലൈ 12നാണ് സംഭവം. മൂപ്പൈനാട് ജയ്ഹിന്ദ് കോളനിയിലെ ലാവണ്യ സുരേന്ദ്രനാണ് (മൂന്ന് വയസ്) പരിക്കേറ്റത്. മേപ്പാടി ടൗണില്‍ വന്ന് ഓട്ടോറിക്ഷയിലിറങ്ങിയ കുട്ടി പൊടുന്നനെ നടുറോഡിലേക്ക് ഓടുകയായിരുന്നു.
റോഡിന്‍റെ നടുവില്‍ എത്തിയ ഉടനെ, എതിരെ വന്ന ഓട്ടോറിക്ഷ കുട്ടിയെ ഇടിച്ചുതെറിപ്പിച്ചു. ഇതിനിടെ ലാവണ്യയെ രക്ഷിക്കാനെത്തിയ ബന്ധുവായ തൃഷ്‌ണയ്ക്കും (17) ഓട്ടോ തട്ടി പരിക്കേറ്റു. ഇരുവരേയും മേപ്പാടി വിംസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവര്‍ക്കും ഗുരുതര പരിക്കില്ലെന്നും എന്നാല്‍ വിദഗ്‌ധ പരിശോധനയുടെ ഭാഗമായി കുട്ടിയെ സിടി സ്‌കാനിങിന് വിധേയമാക്കേണ്ടതുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
സംഭവത്തിന്‍റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. കുട്ടി വാഹനത്തില്‍ നിന്ന് റോഡിലേക്ക് ഓടുന്നതിന്‍റേയും അപകടമുണ്ടായതിന്‍റേയും ദൃശ്യം സംഭവം നടന്ന പ്രദേശത്തെ കടയിലെ സിസിടിവി ക്യാമറയിലാണ് പതിഞ്ഞത്. അപകടം നടന്ന ഉടനെ നാട്ടുകാര്‍ ഓടിക്കൂടിയാണ് ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചത്.
ALSO READ | പാലക്കാട് കാട്ടുപന്നിയിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് വനിത ഡ്രൈവർക്ക് ദാരുണാന്ത്യം
TAGGED:
Accident