Auto Accident | സ്‌കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞു : 10 വിദ്യാർഥികൾക്കും ഡ്രൈവർക്കും പരിക്ക്
🎬 Watch Now: Feature Video
കാസർകോട് : കറന്തക്കാട് സ്‌കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് 10 വിദ്യാർഥികൾക്ക് പരിക്ക്. കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികൾ യാത്ര ചെയ്‌ത ഓട്ടോയാണ് ഇന്ന് രാവിലെ അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. അപകടത്തിൽ ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. കറന്തക്കാട് സ്വദേശി ഹമീദിനാണ് പരിക്കേറ്റത്. അതിനിടെ ശുദ്ധജല പൈപ്പ്‌ലൈൻ സ്ഥാപിക്കാൻ കുഴിച്ച കുഴികൾ അപകടക്കെണി ആകുന്നതായി പരാതിയും ഉയരുന്നുണ്ട്. കുഴി കൃത്യമായി മൂടാത്തതിനാൽ പരപ്പ, പ്ലാച്ചിക്കല്ല് പ്രദേശങ്ങളിൽ അപകടങ്ങൾ പതിവാകുന്നതായി നാട്ടുകാർ പറയുന്നു. മഴക്കാലമായതോടെ ചെളി നിറഞ്ഞ് കാൽനട യാത്ര പോലും പറ്റാത്ത സ്ഥിതിയാണ്. പൈപ്പ്‌ലൈൻ സ്ഥാപിക്കാൻ റോഡിന് കുറുകെ കുഴിച്ച കുഴികൾ മൂടാതെ വച്ചിരിക്കുന്നതാണ് വാഹനങ്ങൾക്ക് ദുരിതമാകുന്നു. പാതയോരത്തെ കുഴികളിൽ താഴ്‌ന്ന് വാഹനങ്ങൾ അപകടത്തിൽ പെടുന്നതും പതിവാണ്. വിദ്യാർഥികളടക്കം കടന്നു പോകുന്ന റോഡിലെ അപകടാവസ്ഥ കണ്ടില്ലെന്ന് നടിക്കുന്ന അധികൃതര്‍ക്കെതിരെ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.