ബാങ്ക് ജീവനക്കാരന്‍ ചമഞ്ഞ് വയോധികനില്‍ നിന്നും പണം തട്ടാന്‍ ശ്രമം ; സിസിടിവി ദൃശ്യം പുറത്ത് - കൊല്ലം ജില്ല വാര്‍ത്തകള്‍
🎬 Watch Now: Feature Video
കോഴിക്കോട് : സിന്‍ഡിക്കേറ്റ് ബാങ്ക് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് കൊയിലാണ്ടി ആശുപത്രിയില്‍ രോഗിക്കൊപ്പം എത്തിയയാളില്‍ നിന്നും പണം തട്ടാന്‍ ശ്രമം. ചിങ്ങപുരം സ്വദേശി നാരായണനിൽ നിന്നാണ് പണം തട്ടാൻ ശ്രമമുണ്ടായത്. മകളുടെ ഭര്‍ത്താവിന്‍റെ പരിചയക്കാരനാണെന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തിയ യുവാവാണ് പണം തട്ടാന്‍ ശ്രമിച്ചത്.
കൊവിഡ് കാലത്ത് വീട്ടിലിരുന്നവർക്ക് പ്രധാനമന്ത്രി പ്രഖ്യാപിച്ച തുക ലഭിച്ചോ എന്ന് ചോദിച്ചായിരുന്നു ഇയാള്‍ സംസാരം തുടങ്ങിയത്. ലഭിച്ചിരുന്നുവെന്ന് നാരായണന്‍ പറഞ്ഞതോടെ ഇയാള്‍ നിങ്ങളുടെ അക്കൗണ്ടില്‍ 1,20,000 രൂപ വന്നിട്ടുണ്ടെന്നും തുക പിന്‍വലിക്കാന്‍ അപേക്ഷ ഫോമില്‍ ഒപ്പിട്ട് നല്‍കണമെന്നും പറഞ്ഞു. ബാങ്കിലെ മറ്റൊരു ജീവനക്കാരനോട് പറഞ്ഞ് ഫോം ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ച് ഇയാള്‍ മറ്റാെരെയോ ഫോണില്‍ ബന്ധപ്പെട്ടു. എന്നാല്‍ ഫോണ്‍ വിളിച്ചതിന് പിന്നാലെ ഫോം കിട്ടാനില്ലെന്നും ബാങ്ക് മാനേജരെ സമീപിച്ചാൽ ഫോം ലഭിക്കുമെന്നും പറഞ്ഞു.
മാനേജർക്ക് ഒരു തുക കൊടുത്താൽ കാര്യം എളുപ്പത്തിൽ നടക്കുമെന്നും ധരിപ്പിച്ചു. ഇയാള്‍ പണം ആവശ്യപ്പെട്ടതോടെ സംശയം തോന്നിയ വയോധികൻ പണമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. ഇതോടെ ഫോം മറ്റാർക്കെങ്കിലും തരപ്പെടുത്തി കൊടുക്കാമെന്നും പറഞ്ഞ് ഇയാള്‍ സ്ഥലം വിട്ടു. സംശയം തോന്നിയ നാരായണന്‍ മകളുടെ ഭർത്താവിനെ വിളിച്ച് അന്വേഷിച്ചപ്പോൾ അങ്ങനെ ഒരാളെ കുറിച്ച് അറിയില്ലെന്നും പണം കൊടുക്കരുതെന്നും പറഞ്ഞു.
ഇതോടെയാണ് ഇയാള്‍ പണം തട്ടാന്‍ ശ്രമം നടത്തിയതാണെന്ന് മനസിലായത്. തട്ടിപ്പിന് ശ്രമിച്ചയാളുടെ ദൃശ്യങ്ങൾ ആശുപത്രിയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ പരാതി നല്‍കിയാല്‍ പരിശോധിക്കാമെന്ന് പൊലീസ് അറിയിച്ചു.