thumbnail

മധു വധക്കേസ് വിധി : കുടുംബം ആവശ്യപ്പെടുന്ന ഏത് നിയമസഹായവും സർക്കാർ നല്‍കുമെന്ന് കെ.രാധാകൃഷ്‌ണന്‍

By

Published : Apr 5, 2023, 5:18 PM IST

തിരുവനന്തപുരം : അട്ടപ്പാടി മധു വധക്കേസിൽ കുടുംബം ആവശ്യപ്പെടുന്ന ഏത് നിയമസഹായവും സർക്കാർ ചെയ്യുമെന്ന് മന്ത്രി കെ.രാധാകൃഷ്‌ണൻ. കേസിൽ കുറ്റക്കാരായി കണ്ടെത്തിയ പ്രതികൾക്ക് നൽകിയ ശിക്ഷ കുറഞ്ഞുപോയി എന്നാണ് കുടുംബത്തിന്‍റെ നിലപാട്. അപ്പീൽ നൽകുമെന്നും കുടുംബം അറിയിച്ചിട്ടുണ്ടെന്നും ഇതിനാവശ്യമായ എല്ലാ സഹായവും സർക്കാർ ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

സാധ്യമായതെല്ലാം ചെയ്യുന്നതിന് ഒരു തടസവും സർക്കാറിനില്ല. കേസ് നടത്തിപ്പിൽ സർക്കാരിന് വീഴ്‌ചവന്നുവെന്ന പ്രതിപക്ഷ നേതാവിന്‍റെ വാദം രാഷ്ട്രീയ ആരോപണം മാത്രമാണ്. കേസിൽ സർക്കാർ നല്ല രീതിയിലുള്ള ഇടപെടലുകളാണ് നടത്തിയതെന്നും കുടുംബം പറഞ്ഞ ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനെ തന്നെ പ്രോസിക്യൂട്ടറായി നിയമിച്ചുവെന്നും മന്ത്രി പറഞ്ഞു. ഇതിനാലാണ് സാക്ഷികളുടെ കൂറുമാറ്റം അടക്കം ഉണ്ടായിട്ടും അനുകൂല വിധി ഉണ്ടായതെന്നും ഇതുകാണാതെ സർക്കാരിനെ വിമർശിക്കുന്ന രാഷ്ട്രീയത്തിന്‍റെ ഭാഗമായാണ് പ്രതിപക്ഷ നേതാവ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം കേസില്‍ അപ്പീൽ പോകണമെന്ന മധുവിന്‍റെ കുടുംബത്തിന്‍റെ ആവശ്യത്തിൽ തെറ്റില്ലെന്ന് സിപിഎം നേതാവ് എ.കെ ബാലൻ പ്രതികരിച്ചു. നിലവിൽ പ്രതികൾക്കെതിരെ തെളിഞ്ഞ വകുപ്പുകൾ പരമാവധി പത്ത് വർഷം വരെ ശിക്ഷ ലഭിക്കാവുന്നവയാണ്. അതിലാണ് മധുവിന്‍റെ കുടുംബം എതിർപ്പ് അറിയിച്ചത്. അപ്പീൽ നൽകണമെന്ന കുടുംബത്തിന്‍റെ ആവശ്യത്തിൽ സർക്കാർ ആവശ്യമായ എല്ലാ സഹായവും നൽകുമെന്നും എ.കെ ബാലൻ പ്രതികരിച്ചു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.