ATM card fraud| എടിഎം കാര്‍ഡ് തന്ത്രത്തില്‍ കൈക്കലാക്കി; തമിഴ്‌നാട് സ്വദേശി അറസ്‌റ്റില്‍

🎬 Watch Now: Feature Video

thumbnail

ഇടുക്കി: എടിഎം കാര്‍ഡ് തന്ത്രത്തില്‍ കൈക്കലാക്കി പണം തട്ടിയ തമിഴ്‌നാട് സ്വദേശിയെ കട്ടപ്പന പൊലീസ് അറസ്‌റ്റ് ചെയ്‌തു. ബോഡിനായ്ക്കന്നൂര്‍ ജെ കെ പെട്ടി സ്വദേശി തമ്പിരാജാണ് പിടിയിലായത്. തമിഴ്‌നാട്ടില്‍ സമാനമായി വ്യാപക തട്ടിപ്പ് നടത്തിയ ഇയാള്‍ക്കെതിരെ 21 കേസുകള്‍ നിലവിലുണ്ട്.

ഇക്കഴിഞ്ഞ രണ്ടാം തീയതി കട്ടപ്പന ഇടശേരി ജങ്ഷനിലെ എസ്ബിഐ എടിഎം കൗണ്ടറില്‍ പണം പിന്‍വലിക്കാനെത്തിയ കട്ടപ്പന സ്വദേശിയേയാണ് ഇയാള്‍ കബളിപ്പിച്ചത്. എടിഎം മെഷീനില്‍ കാര്‍ഡിടുന്ന ഭാഗത്ത് ഉള്ളിലായി തമ്പിരാജ് നേരത്തെ പേപ്പര്‍ വച്ചിരുന്നു. പണം പിന്‍വലിക്കാനെത്തിയ ആള്‍ കാര്‍ഡ് ഇടാന്‍ ശ്രമിച്ചെങ്കിലും ഉള്ളിലേക്ക് കയറാതെ വന്നതോടെ സഹായിക്കാനെന്ന വ്യാജേന തമ്പിരാജ് സമീപിച്ചു. 

തുടര്‍ന്ന് തന്ത്രത്തില്‍ എടിഎം കാര്‍ഡ് കൈക്കലാക്കി, പകരം അതേ മാതൃകയില്‍ തമ്പിരാജിന്‍റെ കൈവശമുള്ള ഇന്‍സ്‌റ്റന്‍റ് കാര്‍ഡ് മാറി നല്‍കി. കൂടാതെ കട്ടപ്പന സ്വദേശി കാണാതെ കാര്‍ഡ് ഇടുന്ന ഭാഗത്തെ പേപ്പറും എടുത്തുമാറ്റി. കാര്‍ഡ് മാറിയതറിയാതെ തമ്പിരാജിന്‍റെ കാര്‍ഡ് ഉപയോഗിച്ചാണ് കട്ടപ്പന സ്വദേശി പണം പിന്‍വലിക്കാന്‍ ശ്രമിച്ചത്. 

ഈ സമയം പിന്‍നമ്പറും ഇയാള്‍ മനസിലാക്കി. പലതവണ ശ്രമിച്ച് പരാജയപ്പെട്ടതോടെ എടിഎം കൗണ്ടര്‍ തകരാറിലായിരിക്കാമെന്ന് പറഞ്ഞ് ഇയാളെ പറഞ്ഞയച്ചു. പിന്നീട് രാത്രിയില്‍ കട്ടപ്പന സ്വദേശിയുടെ അക്കൗണ്ടില്‍ നിന്ന് അദ്ദേഹത്തിന്‍റെ കാര്‍ഡ് ഉപയോഗിച്ച് 13,500 രൂപ തമ്പിരാജ് പിന്‍വലിച്ചു. 

അടുത്തദിവസം രാവിലെ ഫോണില്‍ എസ്എംഎസ് കണ്ടപ്പോഴാണ് അക്കൗണ്ടില്‍ നിന്ന് പണം നഷ്‌ടമായതായി അറിഞ്ഞത്. തുടര്‍ന്ന് കട്ടപ്പന പൊലീസിലും ബാങ്കിലും പരാതി നല്‍കി. എസ്ബിഐ അധികൃതരും നല്‍കിയ പരാതിയില്‍ കട്ടപ്പന ഡിവൈഎസ്‌പി വിഎ നിഷാദ്‌മോനും സംഘവും നടത്തിയ അന്വേഷണത്തില്‍ ബോഡിനായ്ക്കന്നൂരില്‍ നിന്നാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. 

തമിഴ്‌നാട്ടില്‍ സമാനമായി വ്യാപക തട്ടിപ്പ് നടത്തിയ ഇയാള്‍ക്കെതിരെ 21 കേസുകള്‍ നിലവിലുണ്ട്. കൂടാതെ കര്‍ണാടകയിലും ആന്ധ്രയിലും ഇയാള്‍ക്കെതിരെ കേസുകളുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.