പെരുമ്പാവൂരില്‍ അസം സ്വദേശിയെ കൊലപ്പെടുത്തിയത് കംപ്രസർ പമ്പ് ഉപയോഗിച്ച് കാറ്റടിച്ചുകയറ്റി ; സുഹൃത്ത് അറസ്റ്റില്‍ - പെരുമ്പാവൂരില്‍ അസം സ്വദേശിയുടെ കൊലപാതകം
🎬 Watch Now: Feature Video
എറണാകുളം : പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അറസ്റ്റിലായ സുഹൃത്തിനെതിരെ കൊലപാതക കുറ്റം ചുമത്തി. മരിയൻ പ്ലൈവുഡ് ഫാക്‌ടറിയിലെ തൊഴിലാളിയായിരുന്ന അസം സ്വദേശി മിന്‍റുവാണ് മരിച്ചത്. സംഭവത്തിൽ ഇയാളുടെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ സിദ്ധാർഥ ചുമ്മായെ കുറുപ്പംപടി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
തിങ്കളാഴ്‌ച (മെയ് എട്ട്) രാവിലെയാണ് മിന്‍റുവിനെ വയറും മുഖവും വീർത്ത നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ ഇയാൾ മരിച്ചതായി കണ്ടെത്തി. തലകറങ്ങി വീണതിനെ തുടർന്നാണ് മിന്‍റുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നായിരുന്നു സുഹൃത്ത് നൽകിയ വിവരം. മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് ആശുപത്രിയിൽ നിന്ന് വിവരം നൽകിയതിനെ തുടർന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തില്‍, ശരീരത്തിലെ രഹസ്യഭാഗം വഴി കംപ്രസർ പമ്പ് ഉപയോഗിച്ച് കാറ്റടിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന വിവരം ലഭിച്ചു.
തുടർന്നാണ് സുഹൃത്ത് സിദ്ധാർഥ ചുമ്മായെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തത്. ഇതോടെയാണ് ക്രൂരമായ കൊലപാതകവിവരം പുറത്തായത്. പ്രതിയെ ഇന്ന് പെരുമ്പാവൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ധാരാളം ഇതര സംസ്ഥാന തൊഴിലാളികൾ പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്‌ടറികളിൽ ഉൾപ്പടെ ജോലി ചെയ്യുന്നുണ്ട്. ഇവർക്കിടയിൽ തർക്കവും സംഘർഷവും പതിവാണ്. കൊലപാതങ്ങൾ നേരത്തെയും റിപ്പോർട്ട് ചെയ്‌തിരുന്നു.
എന്നാൽ, ഇതര സംസ്ഥാന തൊഴിലാളികളുടെ കൃത്യമായ വിവരങ്ങളോ, ഇവർക്കിടയിൽ സംഘർഷമുണ്ടാകുന്നത് തടയാനുളള പദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കാനോ കഴിഞ്ഞിട്ടില്ലെന്ന വിമർശനമാണുയരുന്നത്. കേസുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ സ്വീകരിക്കുന്ന പൊലീസ് നടപടി പിന്നീട് ഒന്നുമല്ലാതായി തീരുന്നുവെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.