അരിക്കൊമ്പന്‍ വിഷയത്തിലെ ഹൈക്കോടതി ഇടപെടല്‍ തിരിച്ചടി ; ബോട്ടിങ് പുനരാരംഭിക്കാന്‍ നടപടിയില്ല, തൊഴിലാളികള്‍ പ്രതിസന്ധിയില്‍ - ആനയിറങ്കലിലെ ബോട്ടിങ്
🎬 Watch Now: Feature Video
ഇടുക്കി : അരിക്കൊമ്പനെ കാടുകടത്തിയിട്ട് നാലുമാസം പൂര്‍ത്തിയായിട്ടും വിട്ടൊഴിയാത്ത ആശങ്കയിലാണ് ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിലുള്ളവർ. ഈ വിഷയത്തില്‍ ഹൈക്കോടതി നിയോഗിച്ച വിദഗ്‌ധ സമിതിയുടെ ഇടപെടലുകളാണ് പ്രദേശവാസികള്‍ക്ക് തിരിച്ചടിയായത്. ഹൈക്കോടതി വിദഗ്‌ധ സമിതിയുടെ ശുപാർശ പ്രകാരം ആനയിറങ്കൽ ജലാശയത്തിലെ ബോട്ടിങ് നിർത്തിവയ്ക്കാൻ കോടതി ഉത്തരവിട്ടതോടെ വലിയ പ്രതിസന്ധിയാണ് തൊഴിലാളികളും ബോട്ട് ഉടമകളും നേരിടുന്നത്. പുറമെ, 2007ന് ശേഷം ചിന്നക്കനാൽ മേഖലയിൽ നിർമിച്ച റിസോർട്ടുകളുടെ കണക്ക് സമർപ്പിക്കാൻ ഹൈക്കോടതി പഞ്ചായത്തിനോട് ആവശ്യപ്പെട്ടിരുന്നു. റിപ്പോർട്ട് സമർപ്പിച്ചതിന്‍റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് പ്രസിഡന്‍റ്, സെക്രട്ടറി എന്നിവർ നാളെ നേരിട്ട് ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ചിന്നക്കനാൽ, മേഖലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന്‍റെ ഭാഗമായാണോ റിസോർട്ടുകളുടെ കണക്കെടുക്കുന്നത് എന്ന് നാട്ടുകാർ സംശയിക്കുന്നു. അതേസമയം, ആനയിറങ്കൽ ജലാശയത്തിൽ നിർത്തിവച്ച ബോട്ടിങ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് യാതൊരു വിവരങ്ങളും ഹൈഡൽ ടൂറിസം വിഭാഗത്തിന് ഇതുവരെ ലഭിച്ചിട്ടില്ല. ആനയിറങ്കൽ ജലാശയത്തിലെ ബോട്ടിങ് കാട്ടാനകൾക്ക് ശല്യമാകുന്നു എന്നായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ ഉള്‍പ്പെട്ട വിദഗ്‌ധ സമിതിയുടെ കണ്ടെത്തൽ. ആനയിറങ്കൽ ജലാശയവും ചുറ്റുമുള്ള പ്രദേശങ്ങളും ഉൾപ്പെടുത്തി ഒരു ദേശീയോദ്യാനം സ്ഥാപിക്കുന്നതിനുള്ള വനംവകുപ്പ് പദ്ധതിക്ക് ഇപ്പോഴത്തെ ബോട്ടിങ് നിരോധനം അനുകൂല സാഹചര്യമൊരുക്കും എന്നാണ് വിവരം. വനവിസ്‌തൃതി വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വകുപ്പിന് ഗൂഢലക്ഷ്യം ഉണ്ടെന്നും ഹൈറേഞ്ചിലെ സാധാരണക്കാരായ ജനങ്ങൾ അവര്‍ക്കെതിരെ ചാവേറുകളായി മാറേണ്ട സാഹചര്യമാണുള്ളതെന്നും ശാന്തൻപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലിജു വർഗീസ് പറഞ്ഞു. 28 മുതൽ 32 കാട്ടാനകളുള്ള മേഖലയിൽ മനുഷ്യ - കാട്ടാന സംഘർഷം പരിഹരിക്കാൻ 1,252 ഹെക്‌ടര്‍ സ്ഥലത്ത് പുതിയ ദേശീയോദ്യാനം സ്ഥാപിക്കണമെന്നായിരുന്നു വനം വകുപ്പ് 2019ൽ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയത്. എന്നാൽ, ദേശീയ ശരാശരിയേക്കാൾ വന വിസ്‌തൃതി കൂടുതലുള്ള സംസ്ഥാനത്ത് പുതിയൊരു ദേശീയോദ്യാനം എന്തിനെന്നാണ് കർഷക സംഘടനകളുടെ ചോദ്യം. 11521.99 ചതുരശ്ര കിലോമീറ്റർ വനമാണ് സംസ്ഥാനത്തുള്ളത്. ഇത് ആകെയുള്ള ഭൂമിയുടെ 29.65 ശതമാനവും ദേശീയ ശരാശരിയേക്കാൾ 6.09 ശതമാനവും കൂടുതലുമാണ്. 26,0907 ഹെക്‌ടറിലായി അഞ്ച് ദേശീയോദ്യാനങ്ങളും മൂന്ന് വന്യജീവി സങ്കേതങ്ങളുമുള്ള ജില്ലയിൽ പുതിയൊരു സംരക്ഷിത വനം കൂടി സ്ഥാപിക്കാനുള്ള നീക്കത്തെ ആശങ്കയോടെയാണ് കർഷകർ കാണുന്നത്.