അരിക്കൊമ്പനെ 'നാടുകടത്തി' താരങ്ങളായി നാല്‍വര്‍സംഘം; ഇടുക്കിയില്‍ നിന്നും മടങ്ങാനൊരുങ്ങി കുങ്കിയാനകള്‍

🎬 Watch Now: Feature Video

thumbnail

ഇടുക്കി: അരിക്കൊമ്പന്‍ ദൗത്യത്തിന്‍റെ പൂര്‍ണവിജയത്തിന് കാരണം പ്രത്യേക പരിശീലനം നല്‍കി ഇടുക്കിയിലെത്തിച്ച കുങ്കിയാനകളാണ്. കരുത്തനായ അരിക്കൊമ്പന്‍ കുങ്കിയാനകളെപ്പോലും ആക്രമിച്ച് രക്ഷപ്പെടാന്‍ പഴുതുകള്‍ തേടിയിരുന്നു. എന്നാല്‍, ഈ സമയം കുഞ്ചുവും, സൂര്യയും, സുരേന്ദ്രനും പ്രതിരോധം തീര്‍ക്കുകയും വിക്രം അരിക്കൊമ്പനെ വാഹനത്തിലേക്ക് കയറ്റുകയുമായിരുന്നു. ദൗത്യത്തില്‍ സുരേന്ദ്രന് പരിക്ക് പറ്റിയിരുന്നു.

ഈ ദൗത്യത്തിന്‍റെ ക്ഷീണമൊന്നും തിരികെ പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുന്ന ഇവര്‍ക്കില്ല. ശ്രമകരായ ദൗത്യം പൂര്‍ത്തികരിച്ച് മടങ്ങിയെത്തിയതിന്‍റെ മടുപ്പൊന്നും 301 കോളനിയിലെ കുങ്കിത്താവളത്തില്‍ വിലസുന്ന കൊമ്പന്മാര്‍ക്കില്ല. കോന്നി സുരേന്ദ്രനും, വിക്രമും, സൂര്യയും, കുഞ്ചുവുമെല്ലാം സാധാരണ രീതിയില്‍ തന്നെ തീറ്റ തിന്നും പൈന്‍മരക്കാട്ടില്‍ സവാരി നടത്തിയും മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. 

പ്രതിരോധം തീര്‍ത്തത് നാല്‍വര്‍ സംഘം ഒന്നിച്ചുനിന്ന്: അരിക്കൊമ്പനെ മയക്കുവെടിവച്ചതിന് ശേഷം വാഹനത്തിലേക്ക് കയറ്റുന്നതായിരുന്നു ശ്രമകരം. പ്രതിരോധം തീര്‍ത്ത് നിന്ന കുങ്കിയാനകളെ ആക്രമിച്ച് രക്ഷപ്പെടാന്‍ വരെ അരിക്കൊമ്പന്‍ നോക്കി. ഈ സമയത്ത് കോന്നി സുരേന്ദ്രന് പരിക്ക് പറ്റി. എങ്കിലും ദൗത്യത്തില്‍ നിന്ന് പിന്തിരിയാതെ നാലുപേരും ഒന്നിച്ചുനിന്ന് പ്രതിരോധം തീര്‍ത്തു. കുഞ്ചുവും സൂര്യയും കോന്നി സുരേന്ദ്രനും വാഹനത്തിനോട് ചേര്‍ന്നുനിന്ന് പ്രതിരോധം തീര്‍ത്തപ്പോള്‍ വിക്രമാണ് അരിക്കൊമ്പനെ വാഹനത്തില്‍ കയറ്റിയത്. മാര്‍ച്ച് 20നാണ് അരിക്കൊമ്പൻ ദൗത്യത്തിനായി വിക്രം എത്തുന്നത്.

മാര്‍ച്ച് 22ന് സൂര്യയും, 24ന് കോന്നി സുരേന്ദ്രനും കുഞ്ചുവുമെത്തി. ഇതിനിടയില്‍ ഒരു തവണ സിമന്‍റ് പാലത്ത് നിന്നും കുങ്കിത്താവളം 301 കോളനിയിലേക്ക് മാറ്റിയിരുന്നു. ഒരു മാസത്തിലധികമായി ആനയിറങ്കല്‍ ജലാശയത്തില്‍ കുളിച്ചും വനപ്രദേശത്ത് സ്വതന്ത്രമായി മേഞ്ഞും ചിന്നക്കനാല്‍ ഇവരുടെ നാടായി മാറിയിരുന്നു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.