കോണ്‍ഗ്രസ് കൂടാരത്തിന് കനത്ത പ്രഹരം നല്‍കി അനില്‍ ആന്‍റണി; ആള്‍ക്കൂട്ടങ്ങളില്ലാതെ ആന്‍റണിയുടെ 'അഞ്ജനം' - ആന്‍റണിയുടെ തിരുവനന്തപുരത്തെ വസതി
🎬 Watch Now: Feature Video

തിരുവനന്തപുരം: അനില്‍ ആന്‍റണി ബിജെപിയിലേക്ക് ചേരുന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ മാധ്യമങ്ങളുടെ കണ്ണുകള്‍ നീങ്ങിയത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേരള മുഖ്യമന്ത്രിയും മുന്‍ പ്രതിരോധ മന്ത്രിയുമായ എ.കെ ആന്‍റണിയുടെ തിരുവനന്തപുരത്തെ വസതിയായ അഞ്ജനത്തിലേക്ക്. ദേശീയ തലത്തില്‍ ശക്തമായ തിരിച്ചുവരവ് സ്വപ്‌നംകണ്ട് മുന്നേറുന്ന കോണ്‍ഗ്രസിന് അതികഠിനമായ പ്രഹരം നല്‍കി അനില്‍ ആന്‍റണി കോണ്‍ഗ്രസ് പാളയം വിട്ടപ്പോള്‍ യാതൊരുവിധ പ്രതികരണങ്ങളുമില്ലാതെ 'അഞ്ജനം' നിശബ്‌ദമായിരുന്നു.
എ.കെ ആന്‍റണി വീടിനുള്ളിൽ ഉണ്ടായിരുന്നെങ്കിലും അദ്ദേഹം പുറത്തേക്കിറങ്ങിയില്ല. ഇതിനിടയില്‍ ആന്‍റണിയുടെ സ്‌റ്റാഫ് പുറത്തെത്തി അദ്ദേഹം വൈകുന്നേരം മാധ്യമങ്ങളെ കാണുമെന്ന് മാത്രം അറിയിക്കുകയായിരുന്നു. മാത്രമല്ല വിസ്‌ഫോടനകരമായ സംഭവവികാസങ്ങള്‍ അരങ്ങേറിയിരിക്കെയും പാർട്ടി പ്രവർത്തകരോ നേതാക്കളോ ആന്‍റണിയുടെ വീട്ടിലേക്ക് എത്തിയില്ല. മുമ്പ് ബിബിസി വിവാദത്തിലും രാഹുൽ ഗാന്ധിക്കെതിരായുള്ള അനിൽ ആന്‍റണി നടത്തിയ വിമർശനങ്ങളിലും എകെ ആന്‍റണി പ്രതികരിച്ചിരുന്നില്ല. മകനുമായി രാഷ്ട്രീയം ചർച്ച ചെയ്യാറില്ല എന്ന നിലപാടാണ് ആന്‍റണി സ്വീകരിച്ചിരുന്നത്. എന്നാല്‍ ബിജെപിയിൽ ചേർന്ന അനിൽ ആന്‍റണിയുടെ നിർണായക നീക്കത്തോട് കോണ്‍ഗ്രസിന്‍റെ സമുന്നതനായ നേതാവ് എങ്ങനെ പ്രതികരിക്കും എന്ന ആകാംഷയിലാണ് രാഷ്ട്രീയ കേരളം.