Andhra Pradesh Rain | കുടചൂടി, നിലത്തുചവിട്ടാതെ കുട്ടികള്‍; പെരുംമഴയില്‍ ചോര്‍ന്നൊലിച്ച്, വെള്ളക്കെട്ടില്‍ ആന്ധ്രയിലെ ക്ലാസ് റൂം - പെരുംമഴയില്‍ ചോര്‍ന്നൊലിച്ച് ആന്ധ്ര സ്‌കൂള്‍
🎬 Watch Now: Feature Video
വിസന്നപേട്ട്: മഴ നനയാതെയിരിക്കാന്‍ കുട ചൂടണം, ബെഞ്ചില്‍ ഇരിപ്പുറപ്പിക്കുകയാണെങ്കില്‍ നിലത്ത് കാലുകുത്താതെ നോക്കാണം..! കോരിച്ചൊരിയുന്ന മഴ തുടരുന്നതിനിടെ ക്ലാസ് മുറിയില്‍ രൂപപ്പെട്ട വെള്ളക്കെട്ടില്‍, ആന്ധ്രാപ്രദേശിലെ ഒരു സ്‌കൂളിലെ കുരുന്നുകള്‍ അനുഭവിക്കുന്ന ഈ ദുരിതം ആരെയും നൊമ്പരപ്പെടുത്തുന്നതാണ്. എൻടിആർ ജില്ലയിലെ വിസന്നപേട്ട് ജില്ല പരിഷത്ത് ഹൈസ്‌കൂളില്‍ നിന്നുള്ളതാണ് ഈ രംഗം. ആന്ധ്രയിലെ സ്‌കൂളുകളുടെ മുഖച്ഛായ പാടെ മാറിയെന്നും വിദ്യാഭ്യാസ രംഗത്ത് വന്‍ നേട്ടമാണെന്നും ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ കൊട്ടിഘോഷിക്കുമ്പോഴാണ് കുട്ടികള്‍ ദുരിതപര്‍വം താണ്ടുന്നത്. വിസന്നപേട്ട് ജില്ല പരിഷത്ത് ഹൈസ്‌കൂള്‍ വികസനത്തിന്‍റെ ഒന്നാംഘട്ട പ്രവൃത്തി പൂർത്തിയായി രണ്ടുവർഷം പിന്നിടുമ്പോഴാണ് ഈ പ്രതിസന്ധി. 'നാടു - നേടു' പദ്ധതിയുടെ ആദ്യഘട്ടത്തിൽ 66 ലക്ഷം രൂപ ഉപയോഗിച്ചാണ് പ്രവൃത്തികൾ നടന്നത്. എന്നാല്‍, ക്ലാസ് മുറികളില്‍ പലതും പൂർണമായി നവീകരിച്ചിട്ടില്ല. ഇന്നലെ (26 ജൂലൈ) രാവിലെ മുതൽ നിർത്താതെ പെയ്‌ത മഴയിൽ, മേൽക്കൂരയിലെ ഷീറ്റുകൾ പൊട്ടിയതിനെ തുടര്‍ന്നാണ് ഇവിടുത്തെ ക്ലാസ് മുറികളിലേക്ക് വെള്ളം കയറിയത്. ക്ലാസ് മുറിയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ മറ്റൊരിടത്തേക്കും പോവാന്‍ കഴിയാതെയിരുന്ന കുട്ടികള്‍ തറയില്‍ ചവിട്ടാതെ കുടചൂടി ബെഞ്ചില്‍ തന്നെ ഇരിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന്, തഹസിൽദാർ ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ വൈകിട്ടോടെ സ്‌കൂൾ സന്ദർശിച്ചു. ഈ ദയനീയ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ജഗന്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.