അമൃത്‌പാല്‍ സിങ്ങിന്‍റെ ഭാര്യ പൊലീസ് കസ്റ്റഡിയില്‍ ; പിടികൂടിയത് ലണ്ടനിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ
🎬 Watch Now: Feature Video
ചണ്ഡിഗഡ്/അമൃത്‌സർ : ഖലിസ്ഥാന്‍ വാദി നേതാവ് അമൃത്‌പാൽ സിങ്ങിന്‍റെ ഭാര്യയെ അമൃത്‌സർ വിമാനത്താവളത്തിൽ നിന്ന് പഞ്ചാബ് പൊലീസ് കസ്റ്റഡിയിലെടുത്തു. അമൃത്പാൽ സിങ്ങിന്‍റെ ഭാര്യ ലണ്ടനിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് നടപടി എന്നാണ് ഔദ്യോഗിക വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. ഭാര്യയ്‌ക്ക് പിന്നാലെ അമൃത്പാൽ സിങ്ങിനെയും ഉടന്‍ കസ്റ്റഡിയിൽ എടുക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ട്.
പഞ്ചാബ് പൊലീസിനും സംസ്ഥാന സര്‍ക്കാരിനും ഒരുപോലെ തലവേദന ഉണ്ടാക്കുകയാണ് അമൃത്‌പാല്‍ സിങ്ങിന്‍റെ അറസ്റ്റ് വൈകുന്നത്. ഒളിവില്‍ പോയി ഒരുമാസം പിന്നിട്ടിട്ടും അമൃത്‌പാല്‍ സിങ്ങിനെ പിടിക്കാന്‍ പൊലീസിന് സാധിച്ചില്ല. അതേസമയം അമൃത്‌പാലിനെ പിടികൂടുന്നതിനായി പഞ്ചാബിലെ പല ജില്ലകളിലും പൊലീസ് പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്.
മാര്‍ച്ച് 18 മുതല്‍ ഒളിവിലാണ് അമൃത്‌പാല്‍. ഇതിനിടെ അമൃത്‌പാലിനെ തേടി പഞ്ചാബ് പൊലീസ് ഡല്‍ഹി, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലേക്ക് പോയിരുന്നു. ഒളിവിലായതിന് പിന്നാലെ അമൃത്‌പാല്‍ തന്‍റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വീഡിയോ പങ്കുവയ്‌ക്കുകയുണ്ടായി.
പഞ്ചാബ് പൊലീസിനെ വെല്ലുവിളിച്ച് കൊണ്ടുള്ളതായിരുന്നു അമൃത്‌പാലിന്‍റെ വീഡിയോ. ഇതിനിടെ അമൃത്‌പാല്‍ നേപ്പാളിലേക്ക് കടന്നു എന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് നേപ്പാള്‍ സര്‍ക്കാര്‍ അമൃത്‌പാലിനെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി.