AMAZE 28 Kerala's First 3D Printing Building നിര്‍മാണ മേഖലയിലെ പുതിയ കാല്‍വയ്‌പ്പ്; കേരളത്തിലെ ആദ്യ ത്രീഡി പ്രിന്‍റിങ് കെട്ടിടം തലസ്ഥാനത്ത് ഒരുങ്ങി - kerala news updates
🎬 Watch Now: Feature Video
Published : Oct 17, 2023, 5:04 PM IST
തിരുവനന്തപുരം: കേരളത്തിലെ ആദ്യ ത്രീഡി നിര്‍മിത കെട്ടിടത്തിന്‍റെ നിര്‍മാണം തലസ്ഥാനത്ത് പൂര്‍ത്തിയായി. അമേസ് 28 എന്ന പേരില്‍ സംസ്ഥാന നിര്‍മിതി കേന്ദ്രമാണ് കെട്ടിടം നിര്‍മിച്ചത് (AMAZE 28 Kerala's First 3D Printing Building). സാങ്കേതിക വിദ്യ പരിചയപ്പെടുത്താനായാണ് പിടിപി നഗറിലെ നിര്‍മിതി കേന്ദ്രയില്‍ ആദ്യ ത്രീഡി കെട്ടിടം നിര്‍മിച്ചത്. മെഷീന്‍റെ സഹായത്തോടെ വെറും 28 ദിവസം കൊണ്ടാണ് 350 സ്‌ക്വയർ ഫീറ്റിലുള്ള കെട്ടിടത്തിന്‍റെ നിര്‍മാണം പൂർത്തിയാക്കിയത്. ചുമരുകൾ നിര്‍മിക്കാനായി വേണ്ടി വന്നതാവട്ടെ വെറും 48 മണിക്കൂര്‍ മാത്രം. കേന്ദ്ര ധനകാര്യ മന്ത്രാലയവുമായി ചേർന്ന് ചെന്നൈ ഐഐടി രൂപീകരിച്ച ഇൻക്യുബേറ്റർ കമ്പനിയായ ത്വാസ്‌തയുടെ സഹായത്തോടെയാണ് ത്രീഡി പ്രിന്‍റിങ് കെട്ടിടം പണിയുന്നത്. നിര്‍മിക്കേണ്ട കെട്ടിടത്തിന്‍റെ ഡിസൈൻ സോഫ്റ്റ് വെയറിൽ നൽകിയ ശേഷം നിർമാണത്തിന് ആവശ്യമായ സിമന്‍റും എംസാന്‍റും മെഷീനിൽ നിറച്ചാൽ മാത്രം മതി. മിക്‌സിങ് അടക്കം ബാക്കി ജോലികളെല്ലാം മെഷീൻ നോക്കിക്കോളും. നിർമാണ രംഗത്തേക്ക് പുതുതായി ത്രീഡി വിപ്ലവം കടന്നുവന്നാൽ വേഗത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാകും. 11 ലക്ഷം രൂപയാണ് ഈ കെട്ടിടം നിര്‍മാണത്തിന് ചെലവഴിച്ചത്. എന്നാല്‍ ഒരേ ഡിസൈനിലുള്ള ഒന്നിലധികം കെട്ടിടങ്ങള്‍ നിര്‍മിക്കുകയാണെങ്കില്‍ താരതമ്യേന ചെലവ് കുറയും. സൈറ്റില്‍ നേരിട്ട് ചെന്ന് കെട്ടിടം നിര്‍മിക്കുന്നതിന് പുറമെ പ്രൊഡക്ഷന്‍ യാര്‍ഡില്‍ നിര്‍മിച്ച് ആവശ്യമുള്ളയിടത്തേക്ക് കൊണ്ടു പോകുകയും ചെയ്യാം. നിർമിതി കേന്ദ്രത്തിലെ ആദ്യ പരീക്ഷണം വിജയകരമായതോടെ കിഫ്‌ബിയിൽ നിന്നും സ്വകാര്യ മേഖലയിൽ നിന്നും നിരവധി കരാർ നിർമിതി കേന്ദ്രത്തിലേക്ക് വരുന്നുണ്ട്. തുടക്കത്തിൽ കാത്തിരിപ്പ് കേന്ദ്രങ്ങളും റിസോർട്ടുകൾക്കുമുള്ള ഓർഡറുകളാണ് ലഭിച്ചത്. പുതിയ പ്രൊജക്‌ടുകൾക്കൊപ്പം കൂടുതൽ മെഷീനുകളും നിർമിതി കേന്ദ്രത്തിലേക്ക് എത്തിച്ചേരും.