അമല്‍ജ്യോതി കോളജിലെ വിദ്യാര്‍ഥിനിയുടെ ആത്‌മഹത്യ; സമഗ്രമായി അന്വേഷിക്കുമെന്ന് കോട്ടയം എസ്‌പി - കോട്ടയം എസ്‌പി
🎬 Watch Now: Feature Video
കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിങ് കോളജിലെ വിദ്യാർഥിനി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ആത്‌മഹത്യ കുറിപ്പ് കണ്ടെത്തിയതായി ജില്ല പൊലീസ് മേധാവി കെ കാര്‍ത്തിക്. എന്നാല്‍ കുറിപ്പില്‍ മരണ കാരണം പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 'ഞാന്‍ പോകുന്നു' എന്നുമാത്രമാണ് കുറിപ്പില്‍ ഉള്ളത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം.
വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ആരോപണ വിധേയരായവരെയും സഹപാഠികളെയും അടക്കം ചോദ്യം ചെയ്യുമെന്ന് കോട്ടയം എസ്‌പി പ്രതികരിച്ചു. നിലവില്‍ കേസിന്‍റെ അന്വേഷണ ചുമതല ജില്ല ക്രൈം ബ്രാഞ്ചിനാണ്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം ഉറപ്പാക്കുെമന്ന് കെ കാര്‍ത്തിക് വ്യക്തമാക്കി.
പെണ്‍കുട്ടിയുടെ മരണത്തെ തുടര്‍ന്ന് കോളജ് കാമ്പസിലുണ്ടായ വിദ്യാര്‍ഥി പ്രതിഷേധത്തില്‍ പൊലീസ് ഇടപെട്ടത് ക്രമസമാധാനം ഉറപ്പാക്കാനാണ്. വിദ്യാര്‍ഥികള്‍ക്കെതിരെ മറ്റ് നിയമ നടപടി സ്വീകരിക്കില്ല. വിദ്യാര്‍ഥികളുടെ ഭാവി തകരാറിലാകുന്ന യാതൊരു നടപടിയും പൊലീസ് എടുത്തിട്ടില്ലെന്നും കോട്ടയം എസ്‌പി കെ കര്‍ത്തിക് വ്യക്തമാക്കി.
പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനകള്‍ക്കായി അയച്ചുവെന്നും മൊബൈല്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഏറെ പ്രതിഷേധത്തിന് വഴിവച്ച സംഭവമായിരുന്നു അമല്‍ജ്യോതി എഞ്ചിനിയറിങ് കോളജിലെ വിദ്യാര്‍ഥിനി ശ്രദ്ധ സതീഷിന്‍റെ ആത്‌മഹത്യ. അധ്യാപകരുടെ മാനസിക പീഡനമാണ് മരണത്തിന് പിന്നിലെന്നാണ് ഉയരുന്ന ആരോപണം.