ആറ് മാസം പ്രായമുള്ള ആദിവാസി കുഞ്ഞ് മരിച്ചു; ആരോഗ്യ വകുപ്പിന്‍റെ അനാസ്ഥയെന്ന് പരാതി

🎬 Watch Now: Feature Video

thumbnail

വയനാട്: വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ കാരാട്ടുകുന്ന് ആദിവാസി കോളനിയില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചത് ആരോഗ്യ വകുപ്പിലെയും ഐസിഡിഎസ് ജീവനക്കാരുടെയും അനാസ്ഥ മൂലമെന്ന് പരാതി. മാര്‍ച്ച് 22ന് പുലര്‍ച്ചെയാണ് ബിനീഷ്, ലീല ദമ്പതികളുടെ കുഞ്ഞ് മരിച്ചത്. പ്രസവ ശേഷം കുട്ടിയെ സന്ദര്‍ശിച്ച് പരിചരിക്കേണ്ട കാരക്കാമല സബ് സെന്‍റര്‍ ജീവനക്കാര്‍ക്കും ഐസിഡിഎസ് അംഗങ്ങള്‍ക്കും ഗുരുതര വീഴ്‌ച സംഭവിച്ചതായാണ് ആരോപണം. 

മരിക്കുന്നതിന് മണിക്കൂറുകള്‍ മുമ്പ് കുഞ്ഞിനെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചിരുന്നതായി രക്ഷിതാക്കൾ പറയുന്നു. ആശുപത്രിയില്‍ വച്ച് കുഞ്ഞിന് കുഴപ്പമൊന്നും ഇല്ലെന്നും പിന്നീട് ശിശുരോഗ വിദഗ്‌ധനെ കാണിച്ചാല്‍ മതിയെന്നും പരിശോധിച്ച ഡോക്‌ടര്‍ പറഞ്ഞതായും രക്ഷിതാക്കൾ പറയുന്നു. ഈ ഡോക്‌ടറും അനാസ്ഥ കാണിച്ചതായും ആരോപണമുണ്ട്. 

ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ കുഞ്ഞ് ഗുരുതരാവസ്ഥയില്‍ ആയിരുന്നു എന്നാണ് കുടുംബം പറയുന്നത്. പടിഞ്ഞാറത്തറയിലെ കാപ്പുകുന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍റെ പരിധിയിലാണ് 2022 ഒക്‌ടോബര്‍ 17 ന് കുഞ്ഞ് ജനിച്ചത്. അച്ഛന്‍ ബിനീഷിന്‍റെ താമസ സ്ഥലമാണ് പടിഞ്ഞാറത്തറ. ഒരു മാസത്തിന് ശേഷം കുട്ടിയെ അമ്മ ലീലയുടെ താമസസ്ഥലമായ കാരാട്ട് കോളനിയിലേക്ക് കൊണ്ടുവരികയായിരുന്നു. അവിടെയെത്തിയ ശേഷം സബ് സെന്റര്‍ ജീവനക്കാരായ ജെഎച്ച്ഐ, ജെപിഎച്ച്എന്‍, എംഎല്‍എസ്പി, ആര്‍ബിഎസ്കെ നഴ്‌സ് തുടങ്ങിയവരും ഐസിഡിഎസ് അധികൃതരും ട്രൈബല്‍ വകുപ്പ് അധികൃതരെല്ലാം വേണ്ട രീതിയില്‍ കുട്ടിയെ പരിചരിച്ചില്ല എന്നാണ് ആരോപണം.

പണിയ വിഭാഗത്തില്‍ ഉള്‍പ്പെട്ട ഈ കുടുംബം പലപ്പോഴും സ്ഥലത്ത് ഉണ്ടാകാറില്ല എന്ന രീതിയില്‍ പ്രതിവാദങ്ങളും ഉയരുന്നുണ്ട്. കുഞ്ഞിന്‍റെ കുത്തിവയ്‌പ്പിനെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ തന്നെയാണ് കുഞ്ഞിന്‍റെ ദുരവസ്ഥ നേരില്‍ കണ്ട് ബോധ്യപ്പെട്ട് കുട്ടിയെ എത്രയും പെട്ടെന്ന് മാനന്തവാടി മെഡിക്കല്‍ കോളജിലെത്തിക്കാന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് ട്രൈബല്‍ വകുപ്പ് അനുവദിച്ച ആംബുലന്‍സില്‍ കുഞ്ഞിനെ മെഡിക്കല്‍ കോളജിലെത്തിച്ചു. 

ഡ്യൂട്ടി ഡോക്‌ടര്‍ പരിശോധിച്ച ശേഷം കാര്യമായ പ്രശ്‌നങ്ങളില്ലെന്ന് പറയുകയും ശിശുരോഗ വിദഗ്‌ധനെ സന്ദര്‍ശിക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌ത് പാരസെറ്റമോളും കലാമിന്‍ ലോഷനും നല്‍കി വിടുകയായിരുന്നു എന്ന് കുടുംബം പറഞ്ഞു. വീട്ടില്‍ മടങ്ങിയെത്തി രാവിലെ പാല്‍ നല്‍കുന്നതിനിടെ ആണ് കുഞ്ഞ് മരിച്ചത്. കടുത്ത അനീമിയും വിളര്‍ച്ചയും ന്യുമോണിയയും മൂലമാണ് കുഞ്ഞ് മരിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം സംഭവത്തെ കുറിച്ച് അന്വേഷണം പുരോഗമിക്കുന്നതായും വീഴ്‌ച വരുത്തിയവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും വയനാട് ഡിഎംഒ ഡോ. പി ദിനീഷ് വ്യക്തമാക്കി. 

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.