അഗ്രോ ക്ലിനിക്കിന്‍റെ പ്രവര്‍ത്തനം നിലച്ചിട്ട് 4 വര്‍ഷം; മണ്ണ് പരിശോധിക്കാനാകാതെ കര്‍ഷകര്‍ - kerala news updates

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Nov 1, 2023, 6:39 PM IST

കോട്ടയം: പാമ്പാടിയിലെ അഗ്രോ ക്ലിനിക്കിന്‍റെ (വിള പരിപാലന കേന്ദ്രം) പ്രവര്‍ത്തനം നിലച്ചതോടെ ദുരിതത്തിലായി കര്‍ഷകര്‍ (Agro Clinic Lab Issues In Pambadi Kottayam). പാമ്പാടിയിലെ  കാർഷിക വിപണന കേന്ദ്രത്തിന് സമീപത്തെ മുറിയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനമാണ് നിലച്ചത്. സ്ഥല പരിമിതിയും മുറിക്കുള്ളിലെ ചോര്‍ച്ചയും ഉപകരണങ്ങള്‍ തകരാറിലാകുകയും ചെയ്‌തതാണ് ക്ലിനിക്കിന്‍റെ പ്രവര്‍ത്തനം നിലയ്‌ക്കാന്‍ കാരണമായത്. ഇതോടെ കൃഷിയ്‌ക്കായി മണ്ണ് പരിശോധന നടത്തുന്നതിനും കൃഷി വിളകള്‍ക്കുണ്ടാകുന്ന രോഗ ബാധ കണ്ടെത്താനും കര്‍ഷകര്‍ക്ക് മറ്റ് മാര്‍ഗങ്ങളില്ലാതായി. പത്ത് വര്‍ഷം മുമ്പാണ് പാമ്പാടിയില്‍ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചത്. കൃഷി വകുപ്പിന്‍റെ കീഴിലാണ് വിള പരിപാലന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. എട്ടര ലക്ഷം രൂപയുടെ പരിശോധന സാമഗ്രികളാണ് കേന്ദ്രത്തിലുള്ളത്. കാലാവസ്ഥ വ്യതിയാനം കാരണം കാര്‍ഷിക വിളകള്‍ക്ക് രോഗങ്ങള്‍ അധികരിച്ച സാഹചര്യത്തില്‍ കേന്ദ്രം അടച്ച് പൂട്ടിയത് കര്‍ഷകരെ ഏറെ ദുരിതത്തിലാക്കിയിരിക്കുകയാണെന്ന് കർഷക കോൺഗ്രസ് ജില്ല സെക്രട്ടറി എബി ഐപ്പ് പറഞ്ഞു. ഇത്തവണത്തെ തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് മണ്ണിന്‍റെ പിഎച്ച് തോതില്‍ വലിയ തോതില്‍ വ്യതിയാനം ഉണ്ടായിട്ടുണ്ട്. ഇതിന് പുറമെ മണ്ണിലെ സൂക്ഷ്‌മ മൂലകങ്ങളുടെ കുറവും ഉണ്ടായിട്ടുണ്ട്. ഇതെല്ലാം വിളകളുടെ ഉത്‌പാദനത്തെ പ്രതികൂലമായി ബാധിക്കും. കുരുമുളക് പോലുള്ള വിളകളില്‍ കീട ശല്യം അധികരിച്ചത് കൊണ്ട് ദ്രുതവാട്ടം അടക്കമുള്ള രോഗങ്ങള്‍ കണ്ടുവരുന്നുണ്ട്. വാഴകളില്‍ പിണ്ടിചീയലും ഉണ്ടാകുന്നുണ്ട്. ഇതിന്‍റെയെല്ലാം പ്രതിവിധിക്കായുള്ള വളപ്രയോഗത്തിന് മുന്നോടിയായി മണ്ണ് വിശദമായ പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്. എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷമായി ഇതിന് സാധിക്കാത്തത് കൊണ്ട് കൃഷി വലിയ നഷ്‌ടത്തിലായിരിക്കുകയാണ്. മണ്ണ് പരിശോധനയ്‌ക്കായി ഉപകരണങ്ങള്‍ ക്രമീകരിച്ച് ലാബ് സജ്ജമാക്കി കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനം പുനരാരംഭിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. നബാഡിന്‍റെ സഹായത്തോടെ നിര്‍മിച്ച പാമ്പാടി പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള കാര്‍ഷിക വിപണന കേന്ദ്രത്തില്‍ നിരവധി മുറികള്‍ ഉപയോഗ ശൂന്യമായി കിടക്കുന്നുണ്ട്. ഇവ വിട്ടു കൊടുക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും കര്‍ഷകര്‍ പറയുന്നു.   

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.