ആലുവ കൊലക്കേസ് : വധശിക്ഷയെന്ന് കേട്ടപ്പോള്‍ അസ്‌ഫാഖ് ആലം പൊട്ടിക്കരഞ്ഞു, വിധി സമൂഹത്തിന് സന്ദേശം : അഡ്വ ബിനി എലിസബത്ത് - rape and murder of 5 year old in Aluva

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Nov 14, 2023, 7:47 PM IST

എറണാകുളം: ആലുവ കൊലക്കേസില്‍ കോടതി വിധി അറിയിച്ചപ്പോള്‍ പ്രതി അസ്‌ഫാഖ് ആലം പൊട്ടിക്കരഞ്ഞുവെന്ന് കോടതിയില്‍ ദ്വി ഭാഷിയായി പ്രവര്‍ത്തിച്ച അഡ്വ. ബിനി എലിസബത്ത്. ഒരു സ്‌ത്രീയെന്ന നിലയില്‍ വധശിക്ഷയാണെന്ന കാര്യം പ്രതിയെ അറിയിച്ചപ്പോള്‍ ഒരു വിഷമവും തോന്നിയില്ല. ശിക്ഷാവിധിയ്‌ക്ക് പിന്നാലെ ഇടിവി ഭാരതിനോട് പ്രതികരിക്കുകയായിരുന്നു ബിനി എലിസബത്ത്. കേസില്‍ കോടതി വിധി പറയുമ്പോള്‍ വധശിക്ഷ ലഭിക്കുമെന്ന് പ്രതിയൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഓരോ കുറ്റകൃത്യത്തിലും ജീവപര്യന്തവും തടവും പിഴയും ശിക്ഷ വിധിച്ച് അവസാനമാണ് വധശിക്ഷ വിധിച്ചത്. വിധി കേട്ട പ്രതി അസ്വസ്ഥനായെന്നും വിതുമ്പി കരഞ്ഞുവെന്നും ബിനി പറഞ്ഞു. പ്രതിക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ തനിക്ക് ഭയം തോന്നിയിരുന്നു. പ്രതിയോട് സംസാരിക്കുമ്പോള്‍ അടുത്ത് നിന്ന് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബിനി പറയുന്നു. അസ്‌ഫാഖിന് അത്യാവശ്യം മലയാളം മനസിലാകും. എന്നാല്‍ തന്നോടോ കോടതിയോടോ മലയാളത്തില്‍ യാതൊന്നും സംസാരിച്ചിട്ടില്ല. ഇത്രയും ഗുരുതരമായ കേസില്‍ ആദ്യമായാണ് പരിഭാഷകയായി ജോലി ചെയ്യുന്നതെന്നും ബിനി എലിസബത്ത് പറഞ്ഞു. എന്‍ഐഎ കേസുകളില്‍ പോലും ദ്വിഭാഷിയായി പ്രവര്‍ത്തിച്ച തനിക്ക് ഈ കേസ് ഏറ്റെടുത്തപ്പോള്‍ ഭയം തോന്നിയിരുന്നു. പ്രതിക്ക് വധശിക്ഷ ലഭിക്കണമെന്ന് തന്നെയായിരുന്നു അഭിപ്രായം. സാധാരണക്കാരിയെന്ന നിലയിൽ തനിക്ക് സന്തോഷം തന്നെയാണ്. ഒരു പിഞ്ചുകുഞ്ഞിനോട് ഇത്തരത്തിൽ പെരുമാറിയ പ്രതിക്ക് വധശിക്ഷ തന്നെയാണ് വേണ്ടത്. സമൂഹത്തിന് ഈ കോടതി വിധി സന്ദേശമാണെന്നും അഡ്വ. ബിനി എലിസബത്ത് കൂട്ടിച്ചേർത്തു. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.