ആസ്വാദക മനം കീഴടക്കി കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നവ്യ നായരുടെ നൃത്ത സന്ധ്യ - തില്ലാന
🎬 Watch Now: Feature Video
തൃശൂര്‍: ആസ്വാദക മനം കീഴടക്കി ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നവ്യ നായരുടെ നൃത്ത സന്ധ്യ. ശ്രീ ലാല്‍ ഗുഡി ജയറാം ചിട്ടപ്പെടുത്തിയ ചാരുകേശി വര്‍ണം പ്രധാന ഇനമായാണ് നവ്യ നൃത്തം അവതരിപ്പിച്ചത്. കൂടല്‍മാണിക്യം ക്ഷേത്ര മതില്‍ക്കെട്ടിന് പുറത്ത് ഒരുക്കിയ 'സംഗമം' വേദിയിലായിരുന്നു നൃത്താവതരണം.
ഒന്നര മണിക്കൂറോളം നീണ്ടുനിന്ന നൃത്ത സന്ധ്യ ജാവലി, ഭജന്‍, തില്ലാന തുടങ്ങി സംഗമേശ്വര ശ്ലോകത്തോടെയാണ് അവസാനിച്ചത്. കഴിഞ്ഞ രണ്ട് തവണയും കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നൃത്തം അവതരിപ്പിക്കാന്‍ അവസരം ലഭിച്ചിട്ടും സാധിച്ചിരുന്നില്ലെന്ന് നവ്യ പറഞ്ഞു. ഇത്തവണ ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും സംഗമേശ്വര അനുഗ്രഹത്താല്‍ നൃത്തം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുവെന്ന് നവ്യ കൂട്ടിച്ചേര്‍ത്തു.
നിരവധി പേരാണ് നവ്യ നായരുടെ നൃത്തം ആസ്വദിക്കാനായി കൂടല്‍മാണിക്യം ക്ഷേത്ര മതില്‍ക്കെട്ടിന് പുറത്ത് ഒരുക്കിയ 'സംഗമം' വേദിയ്‌ക്ക് മുന്നില്‍ തടിച്ച് കൂടിയത്. ഇരിങ്ങാലക്കുട സ്വദേശിയും പ്രവാസി വ്യവസായിയുമായ നിസാര്‍ അഷറഫ് ആണ് നവ്യയുടെ നൃത്തം സ്‌പോണ്‍സര്‍ ചെയ്‌തത്. വളരെ ആവേശത്തോടെയാണ് കാണികള്‍ പ്രിയ നടിയുടെ നൃത്തം ആസ്വദിച്ചത്. അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന 'ജാനകി ജാനേ' ആണ് നവ്യയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ മലയാള സിനിമ.