കലാഭവൻ ഹനീഫിനെ അവസാനമായി ഒരു നോക്ക് കാണാൻ ആയിരങ്ങൾ
🎬 Watch Now: Feature Video
Published : Nov 10, 2023, 12:23 PM IST
എറണാകുളം : അന്തരിച്ച കലാകാരൻ കലാഭവൻ ഹനീഫിനെ അവസാനമായി ഒരു നോക്ക് കാണാൻ ആയിരങ്ങൾ എത്തിച്ചേർന്നു. രാവിലെ 9ന് മട്ടാഞ്ചേരി ഷാദി മഹലിൽ ആണ് പൊതുദർശനം ആരംഭിച്ചത് (Actor Kalabhavan Haneef passed away). പൊതുദർശനം ആരംഭിച്ചത് മുതൽ നാട്ടുകാരും സഹപ്രവർത്തകരും അനുശോചനം രേഖപ്പെടുത്താൻ എത്തി. കഴിഞ്ഞദിവസം രാത്രി നടൻ മമ്മൂട്ടി മട്ടാഞ്ചേരിയിലെ വീട്ടിലെത്തി ഹനീഫിന്‍റെ കുടുംബത്തോട് അനുശോചനം അറിയിച്ചിരുന്നു. സഹപ്രവർത്തകരായ ജോണി ആന്‍റണി, ബിജുക്കുട്ടൻ, കലാഭവൻ ഷാജോൺ, ധർമ്മജൻ ബോൾഗാട്ടി തുടങ്ങിയവർ പൊതുദർശനത്തിന് എത്തിച്ചേർന്നു. ചെമ്പിട്ട പള്ളിയിലാണ് ഖബറടക്കം. നിരവധി ജനപ്രിയ സിനിമകളിൽ കോമഡി കഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടിനേടിയ കലാഭവൻ ഹനീഫ് മിമിക്രിയിലൂടെയും നാടകത്തിലൂടെയുമാണ് തന്‍റെ കലാജീവിതം ആരംഭിക്കുന്നത്. ഇതുവരെ 150ലധികം ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. ഈ പറക്കും തളികയിലെ ഹനീഫ് അവതരിപ്പിച്ച മണവാളന്‍റെ വേഷം ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. 'ചെപ്പുകിലുക്കണ ചങ്ങാതി' എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്തേക്ക് കാലെടുത്തുവയ്‌ക്കുന്നത്. പിന്നീട് വെള്ളരിപ്രാവിന്‍റെ ചങ്ങാതി, ദൃശ്യം, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ, ഡ്രൈവിംഗ് ലൈസൻസ്, ഉസ്‌താദ് ഹോട്ടൽ, 2018 തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്‌ചവച്ചു. ഈ വർഷം പുറത്തിറങ്ങിയ 'ജലധാര പമ്പ് സെറ്റ്' എന്ന സിനിമയിലാണ് ഏറ്റവും ഒടുവിൽ വേഷമിട്ടത്. മലയാള ടെലിവിഷൻ മേഖലയിലും നിരവധി സംഭാവനകൾ നൽകിയാണ് പ്രിയ കലാകാരന്‍റെ മടക്കം.