ജയൻ ഓർമ്മയായിട്ട് 43 വർഷം ; പ്രതിമയിൽ പുഷ്‌പാർച്ചന നടത്തി ആരാധകർ - നടൻ ജയൻ്റെ ജന്മഗൃഹം
🎬 Watch Now: Feature Video
Published : Nov 16, 2023, 10:31 PM IST
കൊല്ലം: പൗരുഷത്തിന്‍റെ പ്രതീകമായി ജ്വലിച്ചുനിന്ന ഇതിഹാസ നടൻ ജയൻ ഓർമ്മയായിട്ട് ഇന്ന് 43 വർഷം. നാവികസേനയിലെ ഉന്നത ഉദ്യോഗം വിട്ടെത്തി കരുത്തുറ്റ താരമായി മാറിയ ജയൻ എന്ന കൃഷ്‌ണൻ നായർ ഇന്നും മരിക്കാത്ത ഓർമയാണ് (Actor Jayan's 43rd Death Anniversary). ജയൻ ജനിച്ചുവളർന്ന കൊല്ലം തേവള്ളി ഓലയിലെ ഓടുപാകിയ വീട് ഒരു പതിറ്റാണ്ടിന് മുമ്പ് സ്വകാര്യ വ്യക്തി വാങ്ങി ഹോസ്‌പിറ്റലാക്കിയിരുന്നു. നവീകരണത്തിൻ്റെ ഭാഗമായി വീട് പൂർണമായും പൊളിച്ചുമാറ്റിയതോടെ ജയൻ്റ ഓർമ്മ നിലനിർത്താൻ യാതൊന്നും അവശേഷിച്ചിരുന്നില്ല. ജയനെ അടക്കം ചെയ്‌ത മുളങ്കാടകം ശ്‌മശാനത്തിലും സ്‌മാരകം നിർമ്മിച്ചിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്‍റെ വീടിന് സമീപമുള്ള കുറച്ച് ചെറുപ്പക്കാർ ജയൻ ആർട്‌സ് ആൻ്റ് സ്പോർട്‌സ് ക്ലബ്ബിന് രൂപം കൊടുത്തിരുന്നു. അവർ ജയൻ്റെ വീടിന് മുന്നിലെ റോഡിന് സമീപത്തായി പൂർണകായ പ്രതിമ നിർമ്മിച്ചു. ക്ലബ്ബിന്‍റെ ആഭിമുഖ്യത്തിലാണ് ജയൻ്റെ ജന്മദിനവും ചരമവാർഷികവും നടത്തുന്നത്. വിവിധ ജില്ലകളിൽ നിന്നും നിരവധി ആരാധകരാണ് ജയൻ്റെ ഓർമ്മ ദിനങ്ങളിൽ കൊല്ലത്ത് എത്തി ചടങ്ങുകളിൽ പങ്കെടുക്കുന്നത്. ഇക്കുറിയും അവരെത്തി പുഷ്‌പാർച്ചന നടത്തി. കോർപറേഷൻ കൗൺസിലർ ബി.ശൈലജ ദിനാചരണ പരിപാടികൾക്ക് തുടക്കം കുറിച്ചു. വിവിധ സംഘടനകളും, ജയൻ്റെ പേരിലുള്ള വാട്‌സ്‌ആപ്പ് കൂട്ടായ്‌മകളും പുഷ്‌പാർച്ചനയും ഹാരാർപ്പണവും നടത്തി. പായസ വിതരണവും ഉണ്ടായിരുന്നു.