തിരൂരങ്ങാടിയിൽ വൈദ്യപരിശോധനക്ക് എത്തിച്ച പ്രതി അക്രമാസക്തനായി; പരിശോധിച്ചത് കൈകൾ കെട്ടിയിട്ട ശേഷം - ആശുപത്രിയിൽ അക്രമാസക്തനായി പ്രതി
🎬 Watch Now: Feature Video
മലപ്പുറം: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുവന്ന പ്രതി അക്രമാസക്തനായി. കഴിഞ്ഞ ദിവസം രാത്രി 11.45ന് അത്യാഹിത വിഭാഗത്തിൽ മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുവന്ന പ്രതിയാണ് ജീവനക്കാർക്ക് നേരെ തിരിഞ്ഞത്. പ്രതി പൊലീസുകാരെ ചവിട്ടുകയും ചെയ്‌തു.
ലഹരി ഉപയോഗിച്ച് ബഹളം വച്ചതിന് തേഞ്ഞിപ്പലം പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ രണ്ട് പൊലീസുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാല്‍ ലഹരിയിലായിരുന്ന പ്രതി ആശുപത്രിയില്‍ വച്ച് അക്രമാസക്തനാവുകയും ബഹളമുണ്ടാക്കുകയുമായിരുന്നു.
ഇതിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ ഇയാൾ ചവിട്ടുകയും ചെയ്‌തു. ഒടുവില്‍ പ്രതിയുടെ തന്നെ തോളിലുണ്ടായിരുന്ന തോര്‍ത്തുമുണ്ട് കൊണ്ട് കൈകള്‍ പിറകിലേക്ക് കെട്ടിയിട്ട ശേഷമാണ് ഇയാളുടെ വൈദ്യ പരിശോധന നടത്തിയത്.
സുരക്ഷയ്ക്ക് ഇനി മുളക് സ്പ്രേയും തോർത്തുമുണ്ടും: മെഡിക്കൽ പരിശോധനക്ക് കൊണ്ടുവരുന്ന പ്രതികളിൽ നിന്ന് ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷയൊരുക്കാൻ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ തോർത്തുമുണ്ടും മുളക് സ്പ്രേയും വാങ്ങി.
വൈദ്യ പരിശോധനയ്ക്ക് കൊണ്ട് വരുന്ന പ്രതികൾ അക്രമാസക്തരായാൽ കയ്യും കാലും കെട്ടിയിടുന്നതിനാണ് തോർത്ത്. വനിത ജീവനക്കാരുടെ സുരക്ഷയ്ക്കാണ് മുളക് സ്പ്രേ. ഇവ രണ്ടും വാങ്ങി നൽകിയതായി സൂപ്രണ്ട് അറിയിച്ചു.