ഭക്തിനിർഭരം, ഉമയനല്ലൂർ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ആനവാൽപ്പിടി
🎬 Watch Now: Feature Video
കൊല്ലം: ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ കൊല്ലം ഉമയനല്ലൂർ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ആനവാൽപ്പിടി ചടങ്ങ് നടന്നു. ഗജവീരൻ തൃക്കടവൂർ ശിവരാജുവാണ് ചടങ്ങിൽ പങ്കെടുത്തത്. ക്ഷേത്രത്തിൽ നിന്നും ശംഖുനാദം ഉയർന്നതോടെയാണ് ചടങ്ങിന് തുടക്കമായത്.
ബാലസുബ്രഹ്മണ്യസ്വാമിയെ പ്രതിഷ്‌ഠിച്ചിട്ടുള്ള ഉമയനല്ലൂർ ക്ഷേത്രത്തിൽ സഹോദരങ്ങളായ സുബ്രഹ്മണ്യന്‍റെയും ഗണപതിയുടെയും ബാല്യകാല വിനോദങ്ങളെ അനുസ്‌മരിക്കുന്നതാണ് ചടങ്ങ്. ഗണപതി സങ്കൽപമായി ഓടുന്ന ആനയുടെ വാലിൽ തൂങ്ങിയാടുന്ന ബാലസുബ്രഹ്മണ്യ ലീലയാണ് ചടങ്ങിന് ആധാരം. തിടമ്പേറ്റിയ ശിവരാജുവിന്
അഞ്ച് ആനകൾ അകമ്പടിയേകി.
വിളക്കെഴുന്നള്ളിപ്പ് കഴിയുന്നതോടെയാണ് ആനവാൽപ്പിടി ചടങ്ങ് നടന്നത്. ഗജരാജുവിന് മുന്നിൽ വിശ്വാസികൾ നാളികേരം ഉടച്ച് ആദരവ് അർപ്പിച്ച് ശ്രീകോവിലിന് മുന്നിലെത്തി. ശേഷം സുബ്രഹ്മണ്യനെ വണങ്ങി. പിന്നീട് പടിഞ്ഞാറ് വിശാലമായ ഉമയനല്ലൂർ ഏലായിലെ വള്ളിയമ്പലത്തിനെ ലക്ഷ്യം വെച്ച് ഓടുന്ന ആനയുടെ വാലിൽ പിടിക്കാൻ കാപ്പ് കെട്ടി വൃതം അനുഷ്‌ഠിച്ച സ്വാമിമാരും പിന്നാടെ ഓടിയതോടെ ക്ഷേത്ര പരിസരം ഭക്തിനിർഭരമായി.
ഇരുവശവും തിങ്ങിനിറഞ്ഞ ഭക്തർക്ക് നടുവിലൂടെ ആവേശം പകർന്ന് നടക്കുന്ന ചടങ്ങിന് കർശന നിയന്ത്രണങ്ങളാണ് ഇക്കുറി ഏർപ്പെടുത്തിയിരുന്നത്. ഏതാനും നിമിഷം മാത്രം നീണ്ടു നിന്ന ചടങ്ങ് നാടിനെയാകെ ആഹ്‌ലാദത്തിലാക്കി.