കല്ലറയിലും കഥാപാത്രങ്ങളായി ഇന്നസെന്‍റ് ഓർമകൾ, പിന്നില്‍ പേരക്കുട്ടികൾ - ഇന്നസെന്‍റ്
🎬 Watch Now: Feature Video
തൃശൂര്‍: ഇന്നസെന്‍റിന്‍റെ അഭ്രപാളിയിലെ വേഷപകര്‍ച്ചകള്‍ കല്ലറയിലും. ഇരിങ്ങാലക്കുടക്കാരന്‍ ഇന്നസെന്‍റ് എന്ന മഹാനടന്‍ മലയാള സിനിമയില്‍ അവിസ്‌മരണീയമായ കഥാപത്രങ്ങള്‍ നിരവധിയാണ്. ഇന്നസെന്‍റിന്‍റെ മരണം ഏവര്‍ക്കും തീര്‍ത്താല്‍ തീരാത്ത വേദനയാണ് സൃഷ്‌ടിച്ചത്.
ഇരിങ്ങാലക്കുട കത്തീഡ്രല്‍ ദേവാലയത്തിലെ കിഴക്കേ പള്ളിയോട് ചേര്‍ന്നുള്ള സെമിത്തേരിയില്‍ അദ്ദേഹത്തിന്‍റെ ഏഴാം ഓര്‍മ ദിനത്തില്‍ കല്ലറ ഒരുക്കിയതും ആ സ്‌മരണകള്‍ നിലനിര്‍ത്തിയാണ്. ചലച്ചിത്ര ലോകത്ത് അദേഹത്തിന്‍റെ മറക്കാനാകാത്ത 30 ഓളം ചിത്രങ്ങളിലെ വേഷ പകര്‍ച്ചകള്‍ ഗ്രാനൈറ്റില്‍ ഒരുക്കിയാണ് കല്ലറ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്. ഇന്നസെന്‍റിന് ഏറെ പ്രിയപ്പെട്ട പേരക്കുട്ടികള്‍ ജൂനിയര്‍ ഇന്നസെന്‍റും അന്നയുമാണ് ഇങ്ങനെ ഒരു ആശയം അവതരിപ്പിച്ചത്.
എകെപിയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന ടച്ച് എന്‍ഗ്രേവ് ഉടമ രാധാകൃഷ്‌ണന്‍ ഈ ആശയം പ്രാവര്‍ത്തികം ആക്കുകയുമായിരുന്നു. സിനിമ റീലിന് സമാനമായ വെളുത്ത ഗ്രാനൈറ്റിന് മുകളിലായി ഇന്നസെന്‍റിന്‍റെ ചിരിക്കുന്ന ചിത്രവും അതിന് ചുറ്റുമായി കറുത്ത ഗ്രാനൈറ്റില്‍ 30 ഓളം സിനിമ ചിത്രങ്ങളുമാണ് ആലേഖനം ചെയ്‌തിരിക്കുന്നത്. ശനിയാഴ്‌ച (01.04.23) രാവിലെ കത്തീഡ്രലില്‍ പ്രത്യേക പ്രാര്‍ഥനകള്‍ക്ക് ശേഷം കല്ലറയിലും കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ പ്രാര്‍ഥനകള്‍ നടന്നു.