മെല്‍ബണ്‍: ടി20 ക്രിക്കറ്റ് ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടങ്ങളില്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത് ഇന്ത്യ പാകിസ്ഥാന്‍ മത്സരത്തിനായാണ്. ഞായറാഴ്‌ച (ഒക്‌ടോബര്‍ 23) മെല്‍ബണിലാണ് ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടുന്നത്. ഇന്ത്യന്‍ സമയം ഉച്ചക്ക് ഒന്നരയ്‌ക്ക് ആരംഭിക്കാനിരിക്കുന്ന മത്സരം നടക്കാന്‍ സാധ്യത കുറവാണെന്നാണ് ഓസ്‌ട്രേലിയന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.
മത്സരദിവസം മെല്‍ബണില്‍ കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. ഞായറാഴ്‌ച മെല്‍ബണില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മഴയ്‌ക്ക് 95 ശതമാനം സാധ്യതയാണുള്ളത്.
ഈ സാഹചര്യത്തില്‍ മത്സരം ഉപേക്ഷിക്കാനാണ് സാധ്യത. ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്ക് റിസര്‍വ് ദിനമില്ല. ഇരു ടീമുകള്‍ക്കും അഞ്ചോവര്‍ എങ്കിലും കളിക്കാന്‍ സാധിച്ചാലെ മത്സരം നടത്തു.
മത്സരദിവസം ഉച്ചക്ക് ശേഷം ഇടിമിന്നലോടെ മഴ ശക്തമാകുമെന്നും കാലാവസ്ഥ പ്രവചനമുണ്ട്. പസഫിക് സമുദ്രത്തിലെ ലാ നിന പ്രതിഭാസത്തെ തുടര്‍ന്നാണ് ഓസ്‌ട്രേലിയയില്‍ മഴ ശക്തമാവുന്നത്. നേരത്തെ മഴയെ തുടര്‍ന്ന് ഇന്ത്യ-ന്യൂസിലന്‍ഡ് സന്നാഹ മത്സരവും ഉപേക്ഷിച്ചിരുന്നു.