ശരീരഭാരം കുറയ്ക്കാനുള്ള മികച്ചൊരു മാർഗമാണ് യോഗ. ജിം വർക്കൗട്ടുകളേക്കാൾ സുരക്ഷിതമായ യോഗ പേശികളിൽ അനാവശ്യമായ ആയാസം കുറയ്ക്കുകയും സ്വാഭാവിക രീതിയിൽ തടി കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. പ്രത്യേകമായ ചില യോഗ ആസനങ്ങൾ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. യോഗ കലോറി എരിച്ചുകളയുകയും പേശികളുടെ വഴക്കവും മെറ്റബോളിസവും വർദ്ധിപ്പിക്കുകയും ചെയ്യുന്നു. യോഗാസനങ്ങൾ പതിവായി പരിശീലിച്ചാല്‍ അനായാസം ശരീരഭാരം കുറക്കാവുന്നതാണ്. ഇത്തരത്തില്‍ ഭാരം കുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പരിശീലിക്കാവുന്ന ചില യോഗാസനങ്ങൾ ഇതാ.
ജാനുശിരാസനം: കാലുകൾ നീട്ടി, നിവർന്നിരിക്കുക. ഇടതുകാൽ മടക്കി, പാദം വലതുകാലിന്റെ തുടയിൽ പതിച്ചു വയ്ക്കുക. ശ്വാസം എടുത്തുകൊണ്ട് കൈകൾ തലയ്ക്ക് മുകളിൽ ഉയര്‍ത്തി പിടിക്കുക. ശ്വാസം വിടുമ്പോൾ, ഇടുപ്പെല്ല് വളച്ച് വലതു കാലിന് നേരെ മുന്നോട്ട് മടക്കുക. നീട്ടിയ വലതു കാൽ കൈകൾ കൊണ്ട് പിടിക്കുക. ഈ പോസ് കുറച്ച് സെക്കൻഡ് തുടരുക തുടർന്ന് വിശ്രമിക്കുക. കാലുകള്‍ മാറ്റി ആവർത്തിക്കുക.
ഹലാസനം: മലർന്നു കിടക്കുക. കാലുകൾ ചേർത്തുവയ്ക്കുക. കൈകൾ തലയ്ക്ക് ഇരുവശങ്ങളിലായി ചെവിയോട് ചേർത്ത് നിവർത്തി വയ്ക്കുക. കാലുകൾ തറയിലേക്ക് ലംബമായി ഉയർത്തുക. കൈമുട്ട് വളച്ച്, കൈപ്പത്തികൾ അരക്കെട്ടിന് കീഴിൽ വയ്ക്കുക. കൈകൾ കൊണ്ട് കാലുകൾ 180-ഡിഗ്രി കോണിൽ ആകുന്നതുവരെ തലയ്ക്ക് മുകളിലൂടെ തള്ളുക. കാൽവിരലുകൾ തറയിൽ തൊടാൻ ശ്രമിക്കുക. ഈ സ്ഥാനത്ത് കുറച്ച് സെക്കൻഡ് തുടരുക, തുടർന്ന് വിശ്രമിക്കുക.
ഭുജംഗാസനം: കാലുകൾ ചേർത്തുവെച്ച് കമിഴ്ന്നു കിടക്കുക. കാൽവിരലുകൾ പുറത്തേക്ക് തള്ളി വയ്ക്കുക. കൈകൾ തറയില്‍ കമഴ്ത്തി പതിച്ചു വയ്ക്കുക. ശരീരത്തിന്‍റെ മുകൾഭാഗം (തല, കഴുത്ത്, തോളുകൾ, നെഞ്ചിന്റെ മുകൾ ഭാഗം) നിലത്തു നിന്ന് ഉയർത്തുക. ആഴത്തിൽ ശ്വസിക്കുക. ശ്വസനം സാധാരണ നിലയിലാക്കുക. ഈ സ്ഥാനത്ത് 30 സെക്കൻഡ് തുടരുക.
ധനുരാസനം: മുഖം താഴ്ത്തി കമഴ്ന്ന് കിടക്കുക. കാൽമുട്ടുകൾ വളക്കുക. കൈകൾ കൊണ്ട് രണ്ട് കണങ്കാലുകളും പിടിക്കാൻ കഴിയണം. ആഴത്തിൽ ശ്വസിക്കുക. നെഞ്ചും തുടകളും തറയിൽ നിന്ന് ഉയർത്തുക. ഈ പോസ് 20 സെക്കൻഡ് തുടരുക. വിശ്രമിക്കുമ്പോൾ ശ്വാസം വിടുക.
ബാലാസനം: മുട്ടുകുത്തി ഇരിക്കുക. ആഴത്തിൽ ശ്വസിച്ച്, നെറ്റി നിലത്തേക്ക് കൊണ്ടുവരിക. കൈകൾ ശരീരത്തിന്റെ ഇരുവശത്തും വയ്ക്കണം. ആഴത്തിൽ ശ്വസിക്കുക. വലത് കൈ ഇടത് തോളിനു താഴെ കൊണ്ടുവന്ന് വലതു വിരലുകളിലേക്ക് നോക്കുക. മറുവശത്തും ആവർത്തിക്കുക.
Also Read കടുത്ത നടുവേദന ഒഴിവാക്കാൻ അഞ്ച് വഴികൾ