മലപ്പുറം: എസ്.എം.എ രോഗം ബാധിച്ച യമന്‍ ബാലന്‍റെ ചികിത്സക്ക് സഹായം തേടി കുടുംബം പാണക്കാട്ട്. യമന്‍ പൗരന്‍ യാസീന്‍ അഹമ്മദ് അലി തൂനിസ് അബ്‌ദുല്ല ദമ്പതികളാണ് ഏക മകന്‍ ഹാഷിം യാസീന്‍റെ ചികിത്സക്ക് സഹായം അഭ്യര്‍ത്ഥിച്ച് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിലെത്തിയത്. ചികിത്സക്കുള്ള ഭീമമായ തുക കണ്ടെത്താന്‍ സഹായം തേടി രാവിലെ 10 മണിയോടെയാണ് ഇവര്‍ പാണക്കാട്ടെത്തിയത്.
എസ്.എം.എയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതോടെ വിദഗ്‌ധ ഡോക്‌ടര്‍മാരുടെ സേവനം തേടി കഴിഞ്ഞ സെപ്‌റ്റംബറിലാണ് യമനി കുടുബം ഇന്ത്യയിലെത്തിയത്. പൂനെയിലായിരുന്നു വിദഗ്‌ധ ചികിത്സ. അതിനിടെ ഏഴുവര്‍ഷം മുമ്പ് യമനില്‍ ഒരുമിച്ചു ജോലി ചെയ്ത പത്തനംതിട്ട കോഴഞ്ചേരി നെടിയത്ത് വീട്ടില്‍ ശ്രീജ, ഭര്‍ത്താവ് ഉല്ലാസ് എന്നിവരുമായി ബന്ധപ്പെട്ടു കഴിഞ്ഞ നവംബര്‍ മൂന്നിനാണ് ഇവര്‍ കേരളത്തിലെത്തിയത്.
യമനി കുടുംബത്തിന്‍റെ വേദന സ്വന്തം വേദനയായി ശ്രീജയും കുടുംബവും ഏറ്റെടുക്കുകയും താങ്ങായി കൂടെ നില്‍ക്കുകയായിരുന്നു. അതേസമയം കുട്ടിയുടെ രോഗവും യമനി കുടുംബത്തിന്‍റെ സാഹചര്യങ്ങളും ചോദിച്ചറിഞ്ഞ സാദിഖലി തങ്ങള്‍ സര്‍ക്കാര്‍ തലത്തിലും മറ്റു മാര്‍ഗങ്ങള്‍ വഴിയും കുട്ടിയുടെ ചികിത്സക്കുള്ള തുക സ്വരൂപിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കാമെന്ന് ഉറപ്പുനല്‍കി.
കേരളത്തിലുള്ളവര്‍ നല്ല മനസിനുടമകളാണെന്നും പാണക്കാട് തങ്ങളുടെ ഇടപെടല്‍ പ്രതീക്ഷയോടെയാണ് നോക്കികാണുന്നതെന്നും യമന്‍ പൗരന്‍ യാസീന്‍ അഹമ്മദ് അലിയും പറഞ്ഞു. ഇവര്‍ക്കൊപ്പം ശ്രീജ, ഭര്‍ത്താവ് ഉല്ലാസ്, കാട്ടൂര്‍ പുത്തംപള്ളി മഹല്ല് ജമാഅത്ത് പ്രതിനിധികളും യമനി കുടുംബത്തിനൊപ്പം പാണക്കാട്ടെത്തിയിരുന്നു.