ഉറക്കത്തിനിടയിലെ മരണം.. 2009 മുതൽ ടൗലോൺ നഗരത്തിലെ നഴ്‌സിങ് ഹോമിലായി താമസം.. അന്ത്യവും അതേ നഴ്‌സിങ് ഹോമിൽവച്ച്.. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന ഗിന്നസ് റെക്കോഡിന് ഉടമയായ ഫ്രാൻസിലെ കന്യാസ്‌ത്രീ ലുസൈൽ റാൻഡൻ ലോകത്തോട് വിട പറഞ്ഞത് ജനുവരി 18നാണ്. മരിക്കുമ്പോൾ വയസ് 118.
സിസ്റ്റർ ആന്ദ്രേ എന്നാണ് ലുസൈൽ റാൻഡൻ അറിയപ്പെട്ടിരുന്നത്. കന്യാസ്‌ത്രീയായ ലുസൈൽ റാൻഡൻ ഗിന്നസ് ബുക്കിൽ ഇടം നേടിയ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിതയാണ്. ലുസൈലിന്‍റെ മരണത്തോടെ അമേരിക്കയിൽ നിന്നുള്ള 115 കാരിയായ മരിയ ബ്രാന്യാസ് മൊറേറ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന റെക്കോഡിൽ തുടരും.
കുടുംബ പശ്ചാത്തലം : 1904 ഫെബ്രുവരി 11 ന് തെക്കൻ ഫ്രാൻസിലെ അലെസ് പട്ടണത്തിലാണ് ലുസൈൽ റാൻഡൻ ജനിച്ചത്. അവർക്ക് മൂന്ന് സഹോദരന്മാരും ഒരു ഇരട്ട സഹോദരിയും ഉണ്ടായിരുന്നു. ഇരട്ടസഹോദരിയുടെ പേര് ലിഡി. ജനിച്ച് ഒരു വർഷത്തിനുശേഷം സഹോദരി മരിച്ചു.
സേവനമാണ് പരമമായ ജീവിതം : ലുസൈൽ റാൻഡൻ തന്‍റെ ആദ്യകാലങ്ങളിൽ സമ്പന്ന കുടുംബത്തിലെ കുട്ടികളെ പഠിപ്പിക്കുമായിരുന്നു. തുടർന്നുള്ള അവരുടെ ജീവിതകാലത്ത് രണ്ട് ലോകമഹായുദ്ധങ്ങൾ കണ്ടു. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതിനുശേഷം, അവർ അനാഥരെയും പ്രായമായവരെയും സേവിക്കാൻ തുടങ്ങി. കന്യാസ്ത്രീയായ ശേഷം റാൻഡൻ 31 വർഷം വിച്ചിയിലെ ആശുപത്രിയിൽ സേവനമനുഷ്‌ഠിച്ചു. 75 വയസ് തികയുന്നതുവരെ വിവിധ ജോലികൾ ചെയ്‌തുകൊണ്ട് ജീവിച്ചു. 2009 മുതൽ അവർ ടൗലോൺ നഗരത്തിലെ ഒരു നഴ്‌സിങ് ഹോമിൽ ചെലവഴിച്ചു. 2010 മുതൽ കാഴ്‌ചശക്തി കുറയാൻ തുടങ്ങുകയും നടക്കാൻ വയ്യാതാകുകയും ചെയ്‌തു. തുടർന്ന്, വീൽചെയർ ഉപയോഗിച്ചു. ഇതേ നഴ്‌സിങ് ഹോമിൽ ഉറങ്ങിക്കിടക്കുന്നതിനിടെയായിരുന്നു അന്ത്യം.
കൊവിഡ് അണുബാധയിൽ നിന്ന് സുഖം പ്രാപിച്ചു : കൊവിഡ് 19ന്‍റെ ആദ്യ നാളുകളിൽ ലുസൈൽ റാൻഡനെയും പകർച്ചവ്യാധി ബാധിച്ചിരുന്നു. കൊവിഡ് പോസിറ്റീവായെങ്കിലും രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. മൂന്നാഴ്‌ച കഴിഞ്ഞപ്പോൾ നെഗറ്റീവ് ആയി. ഇതോടെ കൊവിഡിൽ നിന്ന് കരകയറുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായും സിസ്റ്റർ ആന്ദ്രേ മാറി.
'നിർഭാഗ്യകരമായ അംഗീകാരം': ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന നിലയിൽ 2022 ഏപ്രിലിൽ ലുസൈൽ റാൻഡൻ ഗിന്നസ് വേൾഡ് റെക്കോഡിൽ ഇടം നേടി. എന്നാൽ ഇത് ഒരു 'നിർഭാഗ്യകരമായ അംഗീകാരം' എന്നാണ് അവർ വിശേഷിപ്പിച്ചത്. റാൻഡന്‍റെ 118-ാം ജന്മദിനത്തിൽ, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ അവർക്ക് ആശംസകൾ നേർന്നിരുന്നു. 2021ൽ ഫ്രാൻസിസ് മാർപാപ്പയും ജന്മദിനാശംസകൾ നേർന്ന് കത്തയച്ചു. 119-ാം ജന്മദിനത്തിന് ഏതാനും ആഴ്‌ചകൾക്ക് മുൻപാണ് ലുസൈലിന്‍റെ മരണം.
108 വയസ്സ് വരെ ലുസൈൽ ജോലിയിൽ തുടർന്നിരുന്നു. 'നിങ്ങൾ ജോലി ചെയ്യുന്നിടത്തോളം കാലം ആരോഗ്യവാനായിരിക്കും' എന്നാണ് ലുസൈൽ പറഞ്ഞിരുന്നത്.
ഭക്ഷണശീലത്തിന്‍റെ കാര്യത്തിലും പ്രത്യേകത ഒന്നും ഉണ്ടായിരുന്നില്ല. ഏഴ് മണിക്ക് എഴുന്നേറ്റ് പ്രഭാതഭക്ഷണം കഴിക്കുമായിരുന്നു. എല്ലാത്തരം ഭക്ഷണവും കഴിക്കുമായിരുന്നു. ഈ പ്രായത്തിലും പലഹാരങ്ങളും ചോക്ലേറ്റും കഴിക്കാൻ യാതൊരു മടിയും ഉണ്ടായിരുന്നില്ലെന്നും എല്ലാ ദിവസവും രാവിലെ ചോക്ലേറ്റ് കഴിക്കുമായിരുന്നുവെന്നും അടുത്ത സുഹൃത്തുക്കൾ പറഞ്ഞു. കൂടാതെ വീഞ്ഞ് കുടിക്കാനും ഇഷ്‌ടപ്പെട്ടിരുന്നുവെന്നും ലുസൈലിന്‍റെ ഫിസിഷ്യൻ വെളിപ്പെടുത്തി.