ഒരുക്കൂട്ടം ചിന്തകളുടെ ചന്തയാണ് മനസ് എന്നത്. മനസാണ് ഏറ്റവും വലിയ ശക്തിയെന്ന് നാം പലരും പറയുന്നത് കേള്‍ക്കാറുണ്ട്. മനസു വച്ചാല്‍ എന്തും നേടിയെടുക്കാനും എന്ത് പ്രയാസങ്ങളെയും നിഷ്‌പ്രയാസം അതിജീവിക്കുവാനും സാധിക്കുമെന്നതാണ്. എന്നാല്‍ സമാകാലിക ലോകത്ത് മിക്കവരുടെയും മാനസിക ആരോഗ്യമെന്നത് വളരെയധികം കുറഞ്ഞ് വന്നുകൊണ്ടിരിക്കുകയാണ്.
മാനസികാരോഗ്യം നഷ്‌ടപ്പെടുന്ന അവസ്ഥയുണ്ടായാല്‍ അയാള്‍ അടിമുടി തളര്‍ന്ന് പോകും. ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസിക ആരോഗ്യവും. അതുകൊണ്ട് തന്നെ സ്വന്തം സന്തോഷത്തിനും സമാധാനത്തിനുമായിരിക്കണം പ്രാധാന്യമെന്ന് ഓര്‍മിപ്പിച്ച് കൊണ്ടാണ് എല്ലാ വര്‍ഷവും ഒക്‌ടോബര്‍ 10ന് ലോക മാനസികാരോഗ്യ ദിനമായി ആചരിക്കുന്നത്.
മാനസികാരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടുള്ള വെല്ലുവിളികളെ ഇല്ലാതാക്കുകയെന്നതാണ് ഈ ദിനാചരണത്തിന്‍റെ പ്രാഥമിക ലക്ഷ്യം എന്ന് പറയാം. മാനസിക ആരോഗ്യം എന്താണെന്നും അതിനെ കുറിച്ച് കൂടുതല്‍ വിശദീകരിക്കുന്നതിനും മുമ്പ് മാനസികാരോഗ്യ ദിനത്തെ കുറിച്ച് അറിയാം.
ചരിത്രം: 1948ലാണ് മാനസിക ആരോഗ്യ ദിനാചരണത്തിന് തുടക്കമായത്. ലോകമെമ്പാടുമുള്ളവരുടെ മാനസികാരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് ആഴത്തിലുള്ള പഠനങ്ങള്‍ നടത്തുന്നതിനും മാനസികാരോഗ്യ പ്രയാസങ്ങളെ എങ്ങനെ സ്വയം പ്രതിരോധിക്കണം തുടങ്ങിയ കാര്യങ്ങളില്‍ ചര്‍ച്ചകള്‍ നടത്തുകയും അവ പ്രാബല്യത്തില്‍ കൊണ്ടുവരികയും ചെയ്യുന്നതിനാണ് ഇത്തരമൊരു ദിനാചരണത്തിന്‍റെ പ്രധാന ലക്ഷ്യം.
എന്താണ് മാനസികാരോഗ്യം: മാനസികാരോഗ്യം എന്നത് വളരെ ലളിതമായി പറയുകയാണെങ്കില്‍ മാനസിക രോഗങ്ങള്‍ ഇല്ലാത്ത അവസ്ഥയാണെന്ന് പറയാം. വൈകാരികപരവും പെരുമാറ്റപരവുമായ കാര്യങ്ങളില്‍ വളരെയധികം തൃപ്‌തികരമായ അവസ്ഥയാണ് മാനസികാരോഗ്യം. മാനസിക രോഗങ്ങളുടെ അഭാവമാണ് മാനസികാരോഗ്യം. വിഷാദം, സമ്മര്‍ദം, ഏകാന്തത, ഉത്‌കണ്‌ഠ, പ്രിയപ്പെട്ടവരുടെ മരണം, മാനസിക വൈകല്യങ്ങള്‍ തുടങ്ങിയവയെല്ലാം മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നവയാണ്. കൃത്യ സമയത്ത് ചികിത്സ അതായത് കൗണ്‍സിലിങ്, തെറാപ്പി എന്നിവ നല്‍കിയാല്‍ ഉടനടി മാറ്റിയെടുക്കാനാകുന്ന അവസ്ഥയാണിത്. ചില സന്ദര്‍ഭങ്ങളില്‍ ഇതിന് ഏതാനും മരുന്നുകളും ഡോക്‌ടര്‍മാര്‍ നല്‍കി വരാറുണ്ട്.
മാനസികാരോഗ്യത്തിന്‍റെ പ്രാധാന്യം: ഒരാളുടെ ദൈനംദിന ജീവിതത്തെ മുഴുവനായും അനുകൂലമായും പ്രതികൂലമായും ബാധിക്കുന്ന ഒന്നാണ് മാനസികാരോഗ്യമെന്നത്. ഒരാളുടെ കുട്ടിക്കാലം മുതല്‍ പ്രായപൂര്‍ത്തിയാകുന്നത് വരെയുള്ള ജീവത കാലഘട്ടത്തിലുണ്ടായിട്ടുള്ള ഓരോ സംഭവങ്ങളുമാണ് ഭാവിയില്‍ അവരുടെ മാനസികാരോഗ്യത്തെ സ്വാധീനിക്കുന്നത്. മാനസികാരോഗ്യം മെച്ചപ്പെട്ടതല്ലെങ്കില്‍ ശാരീരികമായും നിരവധി അസുഖങ്ങളെത്തും.
ഹൃദ്രോഗം അടക്കമുള്ള അസുഖങ്ങള്‍ ഇക്കൂട്ടത്തില്‍പ്പെടും. മാത്രമല്ല ആത്മഹത്യ പ്രവണതകള്‍ പോലും ഉണ്ടാകാനിടയുണ്ട്. സ്ഥിരമായുള്ള ദുഃഖം, വിവേചനം, സാമൂഹിക പരാധീനതകള്‍, ശാരീരികമായി ആരോഗ്യമില്ലായ്‌മ തുടങ്ങിയ നിരവധി കാര്യങ്ങള്‍ മാനസികാരോഗ്യത്തെ തളര്‍ത്തും. അതുകൊണ്ട് ഇതില്‍ ഏതെങ്കിലും ഒരു അവസ്ഥ സ്ഥിരമായി തുടരുന്നുണ്ടെങ്കില്‍ അതില്‍ നിന്നും ഉടനടി മോചിതരാകാന്‍ ശ്രമിക്കണം. സമകാലിക സമൂഹത്തില്‍ യുവതലമുറകളില്‍ ഏറെയും മാനസിക രോഗങ്ങള്‍ കാണപ്പെടുന്നുണ്ട്. പഠനയിടങ്ങളില്‍ നിന്നുള്ള അമിത സമ്മര്‍ദം, സോഷ്യല്‍ മീഡിയയുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍, സാമ്പത്തിക പ്രയാസങ്ങള്‍ എന്നിവയാണ് പുതിയ തലമുറയെ അലട്ടുന്ന പ്രശ്‌നങ്ങള്‍. ഇതില്‍ നിന്നെല്ലാം മുക്തരായി മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായാണ് ഇത്തരമൊരു ദിനം ആചരിക്കുന്നത്.
മാനസികാരോഗ്യ പ്രശ്‌നങ്ങളെ എങ്ങനെ മറികടക്കാം:
- മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്ന് തോന്നി തുടങ്ങിയാല്‍ ഉടന്‍ തന്നെ കുടുംബത്തില്‍ നിന്നോ സുഹൃത്തുക്കളില്‍ നിന്നോ സഹായം തേടുക.
- വ്യായാമം ശീലിക്കുക. ദിവസവും 30 മിനിറ്റ് നടക്കാനെങ്കിലും ശ്രമം നടത്തുക. ഇത് മാനസിക ആരോഗ്യം മെച്ചപ്പെടുത്തും.
- ഉറക്കത്തിന് പ്രാധാന്യം നല്‍കുക. കൃത്യ സമയത്ത് ഉറങ്ങാനും എഴുന്നേല്‍ക്കാനും ശ്രമിക്കുക.
- ധ്യാനം, ശ്വസന വ്യായാമങ്ങള്‍ എന്നിവ പതിവാക്കുക.
- ആരോഗ്യകരമായ ഭക്ഷണം കഴിക്കുക.
- വെള്ളം ധാരാളം കുടിക്കുക.
- നിങ്ങള്‍ ഓര്‍ക്കാന്‍ ഇഷ്‌ടപ്പെടുന്ന കാര്യങ്ങളെ കുറിച്ച് മാത്രം ചിന്തിക്കുക. പോസിറ്റീവ് എനര്‍ജി നല്‍കുന്ന കാര്യങ്ങളില്‍ മുഴുകുക.
തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തിയാല്‍ ഒരു പരിധി വരെ മാനസികാരോഗ്യത്തെ നമുക്ക് തന്നെ സംരക്ഷിക്കാനാകും. ആവശ്യമെങ്കില്‍ ഡോക്‌ടറുടെയും കൗണ്‍സിലറുടെയുമെല്ലാം സഹായം ലഭ്യമാക്കാവുന്നതുമാണ്.