'ഒരുവട്ടം കൂടിയെൻ ഓർമകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം...' ഓർമകളുടെ യാത്രകളിലൂടെ സഞ്ചരിക്കുന്നവരാണ് നമ്മൾ. ഓർമകൾക്ക് മരണമില്ലെന്നാണല്ലോ.. എന്നാൽ ചിലരിൽ നിന്ന് ഓർമകൾ മാഞ്ഞുപോകാറുണ്ട്.
ജീവിതത്തിൽ അനുഭവിക്കേണ്ടി വരുന്ന ഏറ്റവും വലിയ, ഭയാനകമായ പ്രതിസന്ധികളിൽ ഒന്നാണ് ഓർമ നഷ്‌ടപ്പെടുക എന്നത്. ഓർമകൾ ക്രമേണ നശിച്ചുപോകുന്ന രോഗാവസ്ഥയാണ് അൽഷിമേഴ്‌സ് (World Alzheimers Day). ഒരു ന്യൂറോളജിക്കൽ ഡിസോർഡറാണിത്. ഈ രോഗാവസ്ഥയെപ്പറ്റി കൂടുതൽ അവബോധം സൃഷ്‌ടിക്കുന്നതിനായാണ് സെപ്റ്റംബർ 21 അൽഷിമേഴ്‌സ് ദിനമായി ആചരിക്കുന്നു.
അൽഷിമേഴ്‌സ് രോഗത്തിന്‍റെ കാരണങ്ങൾ, രോഗനിർണയം, പൊതുജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക അൽഷിമേഴ്‌സ് ദിനം ആചരിക്കുന്നത്. ഇത് കൂടാതെ, സെപ്‌റ്റംബർ മാസം അൽഷിമേഴ്‌സ് മാസമെന്നാണ് അറിയപ്പെടുന്നത്. 'Never too early never too late' എന്നതാണ് ഈ വർഷത്തെ തീം. അതായത് അല്‍ഷിമേഴ്‌സ് രോഗം വരാന്‍ പ്രേരകമാകുന്ന ഘടകങ്ങള്‍ നേരത്തെ തിരിച്ചറിഞ്ഞ് അതിനുവേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുക. ഒപ്പം തന്നെ രോഗലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിഞ്ഞ് അതിനുവേണ്ട ചികിത്സ ഒട്ടും വൈകാതെ തുടങ്ങുക എന്നിവയാണ് ഈ വര്‍ഷത്തെ തീം കൊണ്ട് ഉദ്ദേശിക്കുന്നത്.
എന്താണ് അൽഷിമേഴ്‌സ്? (What is Alzheimers) തലച്ചോറിന്‍റെ നിർണായക പ്രവർത്തനങ്ങളെ ബാധിക്കുന്ന ഒരു ന്യൂറോളജിക്കൽ ഡിസോർഡറാണ് അൽഷിമേഴ്‌സ്. കാലക്രമേണ രോഗിക്ക്, മെമ്മറിയിലും ചിന്താശേഷിയിലും കുറവ് അനുഭവപ്പെടുന്നു. ഇത് പൂർണമായും ഓർമ നഷ്‌ടപ്പെടുന്ന അവസ്ഥ, ഡിമെൻഷ്യ അഥവാ ദൈനംദിന പ്രവർത്തനങ്ങൾ സ്വന്തമായി ചെയ്യാനുള്ള കഴിവ് നഷ്‌ടപ്പെടുക എന്നിവയിലേക്ക് നയിക്കുന്നു.
എല്ലാ ഓർമക്കുറവുകളും അൽഷിമേഴ്‌സ് ആണോ? ഡിമെൻഷ്യ (Dementia) അൽഷിമേഴ്‌സിൽ നിന്ന് വ്യത്യസ്‌തമാണ്. ഡിമെൻഷ്യ എന്നത് ഓർമ നഷ്‌ടവും പെരുമാറ്റ പ്രശ്‌നങ്ങളും ഉണ്ടാക്കുന്ന ഒരു സിൻഡ്രോം ആണ്. അതേസമയം, അൽഷിമേഴ്‌സ് ഒരു പ്രത്യേക രോഗമാണ്. അൽഷിമേഴ്‌സിന്‍റെ ലക്ഷണങ്ങൾ സാധാരണയായി 65 വയസിന് ശേഷമാണ് പ്രകടമാകുന്നത്. പക്ഷേ ചില അവസ്ഥകളോ അസുഖങ്ങളോ മൂലം അവ നേരത്തെ പ്രകടമായേക്കാം.
അൽഷിമേഴ്‌സിന്‍റെ ചികിത്സാരീതി (Treatment of Alzheimers): യഥാർഥത്തിൽ അൽഷിമേഴ്‌സിന് ശരിയായ ചികിത്സയില്ല. എന്നിരുന്നാലും, മരുന്നുകളിലൂടെയും രോഗലക്ഷണങ്ങൾ നേരത്തേ കണ്ടെത്തുന്നതിലൂടെയും രോഗത്തെ നിയന്ത്രിക്കാനും രോഗം പുരോഗമിക്കുന്നത് മന്ദഗതിയിലാക്കാനും കഴിയും. ഈ വിഷയത്തിൽ ആഗോള ഗവേഷണം നടത്തുന്നതിലൂടെ മെച്ചപ്പെട്ട ചികിത്സാ രീതി കണ്ടെത്താനും രോഗത്തെ ചുറ്റിപ്പറ്റിയുള്ള തെറ്റിദ്ധാരണകൾ ഇല്ലാതാക്കാനും സാധിക്കുന്നു.
അൽഷിമേഴ്‌സ് ദിനത്തിന്‍റെ ചരിത്രം (History of World Alzheimers Day): 1901-ൽ ഡോ. അലോയിസ് അൽഷിമർ എന്ന ജർമ്മൻ സൈക്യാട്രിസ്റ്റ് ഒരു സ്‌ത്രീയെ ചികിത്സിക്കുന്നതിനിടയിലാണ് ഈ രോഗത്തെക്കുറിച്ച് കണ്ടെത്തിയത്. തുടർന്ന്, ഈ രോഗത്തിന് അൽഷിമേഴ്‌സ് എന്ന് പേരിട്ടു. രോഗത്തിന്‍റെ ഗൗരവം മനസിലാക്കി അൽഷിമേഴ്‌സ് ഡിസീസ് ഇന്‍റർനാഷണൽ ഓർഗനൈസേഷൻ 1994ൽ ആദ്യമായി ലോക അൽഷിമേഴ്‌സ് ദിനം ആരംഭിച്ചു.
തുടർന്ന് അൽഷിമേഴ്‌സ് രോഗികൾക്ക് അവബോധം വളർത്തുന്നതിനും പിന്തുണ നൽകുന്നതിനുമായി എല്ലാ വർഷവും സെപ്റ്റംബർ 21ന് അൽഷിമേഴ്‌സ് ദിനം ആചരിക്കുന്നു. ഈ രോഗം സംബന്ധിച്ച് സെപ്‌റ്റംബർ മാസം മുഴുവൻ ബോധവൽക്കരണ പരിപാടികൾ നടത്താറുണ്ട്. അതുകൊണ്ടുതന്നെ, ആഗോളതലത്തിൽ സെപ്റ്റംബർ മാസം അൽഷിമേഴ്‌സ് മാസമായി ആചരിക്കുന്നു.
രോഗത്തെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം വർധിപ്പിക്കാൻ, രോഗം ബാധിച്ച വ്യക്തികളെ പിന്തുണയ്ക്കാൻ, മികച്ച ചികിത്സകൾക്കായുള്ള ഗവേഷണ ശ്രമങ്ങളെ ശക്തിപ്പെടുത്താൻ, ഈ രോഗത്തിന്‍റെ പരിഹാരത്തിനായി നമുക്ക് ശ്രമിക്കാം. അൽഷിമേഴ്‌സ് രോഗം ബാധിച്ചവരെ മാറ്റിനിർത്താതെ ചേർത്തുപിടിക്കാം.. അവർക്ക് കൈത്താങ്ങാകാം..'Never too early never too late'