ന്യൂഡല്‍ഹി: എച്ച് 3 എന്‍ 8 പക്ഷിപ്പനി ബാധിച്ച് ആദ്യമരണം ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്‌തതായി ലോകാരോഗ്യ സംഘടന. 56 വയസ് പ്രായമുള്ള ഒരു സ്‌ത്രീയില്‍ മാര്‍ച്ച് 27നായിരുന്നു വൈറസ് ബാധ സ്ഥിരീകരിച്ചത്. തെക്കന്‍ പ്രവിശ്യയായ ഗ്വാങ്ഗോങ്ങില്‍ നിന്നുള്ള സ്‌ത്രീയെ ഫെബ്രുവരി മാസം 22-ാം തീയതി അസുഖബാധിതയായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് മാര്‍ച്ച് മൂന്നിന് ഇവര്‍ക്ക് ന്യുമോണിയയും പിടിപെട്ടു. ശേഷം, ഇവര്‍ മാര്‍ച്ച് 16ന് മരണപ്പെടുകയായിരുന്നുവെന്ന് ഗ്ലോബല്‍ ഹെല്‍ത്ത് ബോഡി പ്രസ്‌താവനയില്‍ പറഞ്ഞു. സിവിയര്‍ അക്യുട്ട് റെസ്‌പിരേറ്ററി ഇന്‍ഫെക്‌ഷന്‍ സര്‍വൈലിയന്‍സ് സംവിധാനത്തിലൂടെയായിരുന്നു എച്ച് 3 എന്‍ 8 അണുബാധയാണ് രോഗകാരണമെന്ന് സ്ഥിരീകരിച്ചത്.
അസുഖം പടര്‍ന്നത് കോഴികളിലൂടെ: ഒന്നിലധികം രോഗലക്ഷണങ്ങള്‍ രോഗിയില്‍ കാണപ്പെട്ടിരുന്നു. ഇവര്‍ക്ക് സ്വന്തമായൊരു കോഴിഫാം കൂടാതെ തന്നെ ഇവരുടെ വീടിന് ചുറ്റും കാട്ടുപക്ഷിയുടെ സാന്നിധ്യം കൂടിയുണ്ടായിരുന്നുവെന്നും ഇവയില്‍ നിന്നുമാണ് രോഗം പിടിപെട്ടത് എന്നുമാണ് കരുതുന്നതെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.
എന്നാല്‍, ആരോഗ്യ വിഭാഗത്തിന്‍റെ പ്രാഥമിക അന്വേഷണ പ്രകാരം കോഴി ഫാമില്‍ നിന്നുമാണ് രോഗം പകരാന്‍ കാരണമെന്നാണ് കണ്ടെത്തല്‍. കൂടാതെ, രോഗബാധിതയായ 56 കാരിയുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയവരിലും വൈറസിന്‍റെ സാന്നിധ്യമുണ്ടോ എന്ന് അറിയാന്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. എന്നാല്‍, ഇവരുമായി അടുത്ത് ഇടപഴകിയവരില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ല.
ആശങ്ക വേണ്ട: ഒരു വ്യക്തിയില്‍ നിന്നും മറ്റൊരു വ്യക്തിയിലേക്ക് വേഗത്തില്‍ വൈറസ് പടരില്ല. അതിനാല്‍ തന്നെ പ്രദേശത്തുള്ളവരിലോ ദേശീയ തലത്തിലോ അന്തര്‍ദേശീയ തലത്തിലോ വൈറസ് വ്യാപിക്കുമെന്ന ആശങ്ക വേണ്ടെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. എന്നിരുന്നാലും ഇന്‍ഫ്ലുവന്‍സ വൈറസുകള്‍ നിരന്തരം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.
സൂനോടിക് ഇന്‍ഫ്ലുവന്‍സ രോഗം ബാധിക്കുമ്പോള്‍ ചില സമയങ്ങളില്‍ അതിന്‍റെ ലക്ഷണങ്ങള്‍ പ്രകടമാകുകയില്ല. രോഗം കഠിനമാകുന്ന സാഹചര്യത്തില്‍ ചെറിയ പനി മുതല്‍ ശ്വാസകോശ സംബന്ധമായ രോഗത്തിനും മരണത്തിനും വരെ കാരണമായേക്കാം. ചില കേസുകളില്‍ ഗ്യാസ്‌ട്രോഇന്‍റസ്‌റ്റൈനല്‍ അല്ലെങ്കില്‍ ന്യൂറോളജിക്കല്‍ ലക്ഷണങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ടെങ്കിലും ഇവ വളരെ വിരളമാണ്.
അസുഖം ബാധിച്ച് ചത്തതോ അല്ലെങ്കില്‍ ജീവനോടെ ഉള്ളതോ ആയ ജീവികള്‍ വഴിയോ അല്ലെങ്കില്‍ മലിനമായ ചുറ്റുപാടില്‍ താമസിക്കുന്നവര്‍ക്കോ ആണ് അസുഖം പിടിപെടുവാനുള്ള സാധ്യത. രോഗം പിടിപെടുന്നതിന് മുമ്പ് ഇവര്‍ താമസിച്ചിരുന്ന വസതിയിലും ഫാമില്‍ നിന്നും എച്ച് 3 എന്‍ 8ന്‍റെ സാന്നിധ്യം കണ്ടെത്താനായെന്ന് യുഎന്‍ ഹെല്‍ത്ത് ബോഡി അറിയിച്ചു. എച്ച് 3 എന്‍ 8 ചൈനയില്‍ മൂന്നാം തവണയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
മുന്‍കരുതല്‍ വേണം: 2022ല്‍ ശുമാഡിയാന്‍ നഗരത്തിലുള്ള നാല് വയസുകാരനും ചങ്ഷ നഗരത്തിലുള്ള അഞ്ച് വയസുകാരനുമായിരുന്നു നേരത്തെ രോഗം സ്ഥിരീകരിച്ചത്. രോഗി സമ്പര്‍ക്കം പുലര്‍ത്തിയ പ്രദേശങ്ങളിലും രോഗിയുടെ വസതിയിലും പരിസരപ്രദേശങ്ങളിലും അണുനശീകരണത്തിനുള്ള നടപടികള്‍ ചൈനീസ് സര്‍ക്കാര്‍ സ്വീകരിച്ചു കഴിഞ്ഞിരിക്കുകയാണ്. സ്വയ രക്ഷയ്‌ക്കായി പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിനായി പല വിധ പരിപാടികളും ഇതിനോടകം തന്നെ രൂപീകരിച്ചു കഴിഞ്ഞു.
ആഗോള തലത്തില്‍ എച്ച് 3 എന്‍ 8 അല്ലെങ്കില്‍ ഏവിയന്‍ ഇന്‍ഫ്ലുവന്‍സ് വൈറസ് മൃഗങ്ങളിലാണ് കാണപ്പെടുന്നത്. പക്ഷികളിലാണ് ഏറ്റവുമധികം രോഗം സ്ഥിരീകരിക്കുന്നത്. എന്നാല്‍, ഇവയ്‌ക്ക് രോഗലക്ഷണങ്ങള്‍ പ്രകടമാക്കുകയില്ല. വൈറസിന്‍റെ ഉപവിഭാഗമായ എ(എച്ച്3എന്‍8) നായ്‌ക്കളിലും കുതിരകളിലും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.