പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ തനിക്ക് റാംസെ ഹണ്ട് സിന്‍ഡ്രോം ആണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്‍റെ മുഖത്തിന്‍റെ പകുതി ഭാഗത്തെ ഈ രോഗം തളര്‍ത്തിയിരിക്കുന്നു. തനിക്ക് സാധാരണ പോലെ ചിരിക്കാനോ, ഒരു കണ്ണടയ്‌ക്കാനോ സാധിക്കുന്നില്ലെന്ന് വെള്ളിയാഴ്‌ച താരം വെളിപ്പെടുത്തിയിരുന്നു.
എന്താണ് റാംസെ ഹണ്ട് സിന്‍ഡ്രോം? : നാഡികളെ ബാധിക്കുന്ന അസുഖമാണ് റാംസെ ഹണ്ട് സിന്‍ഡ്രോം. കുട്ടികളില്‍ ചിക്കന്‍പോക്‌സിനും പ്രായപൂര്‍ത്തിയായവരില്‍ ഷിന്‍ങ്കള്‍സ്( shingles) എന്ന രോഗത്തിനും കാരണമായ വെരിസെല്ല സോസ്റ്റര്‍( varicella zoster) വൈറസാണ് റാംസെ ഹണ്ടിന് കാരണം. ചിക്കന്‍പോക്‌സ് സുഖപ്പെട്ടതിന് ശേഷവും ഈ വൈറസ് നമ്മുടെ ശരീരത്തില്‍ തന്നെ ജീവിതകാലം മുഴുവനും നിലനില്‍ക്കാന്‍ സാധ്യതയുണ്ട്. ഇങ്ങനെ ഈ വൈറസ് വീണ്ടും സക്രിയമായി മുഖത്തെ നാഡികളെ ബാധിക്കുകയും അവയ്‌ക്ക് വീക്കമുണ്ടാക്കുകയും ചെയ്യുന്നു.
നമ്മുടെ മുഖത്തെ നാഡികള്‍ ഇടുങ്ങിയ അവസ്‌ഥയിലാണ് പോകുന്നത്. ഈ സാഹചര്യത്തില്‍ അവയ്‌ക്ക് വീക്കം സംഭവിക്കുമ്പോള്‍ ശരിയായി പ്രവര്‍ത്തിക്കാനുള്ള ശേഷി നഷ്‌ടപ്പെടുന്നു. മുഖത്തിന്‍റെ ഒരു ഭാഗത്തിന് പൂര്‍ണമായി ചലനശേഷി ഇല്ലാതാവാന്‍ റാംസെ ഹണ്ട് സിന്‍ഡ്രോം വഴിവച്ചേക്കാം.
ലോകത്ത് ഒരു വര്‍ഷം, ലക്ഷത്തില്‍ അഞ്ച് മുതല്‍ പത്ത് വരെ ആളുകള്‍ക്കേ ഈ രോഗം വരുന്നുള്ളൂ. ഈ രോഗത്തെക്കുറിച്ച് ആദ്യം വിശദീകരിച്ചത് ന്യൂറോളജിസ്റ്റായ ജെയിംസ് റാംസെ ഹണ്ടാണ്. അങ്ങനെയാണ് രോഗത്തിന് ആ പേരുവന്നത്.
ഈ രോഗം കൂടുതലായും പ്രായപൂര്‍ത്തിയായവരെയാണ് ബാധിക്കുക. അപൂര്‍വമായി ഈ രോഗം കുട്ടികളേയും ബാധിക്കാറുണ്ട്. ആര്‍ക്കുവേണമെങ്കിലും വരാവുന്നതുമാണ്. എന്നാല്‍ രോഗം ബാധിക്കപ്പെട്ടവരില്‍ ഭൂരിപക്ഷം ആളുകളും പൂര്‍ണമായി സുഖം പ്രാപിക്കാറുണ്ട്.
രോഗലക്ഷണങ്ങള്‍ : കര്‍ണപുടം(eardrum), കര്‍ണനാളം(ear canal) കീഴ്‌ക്കാത്(earlobe), നാവ്, വായയുടെ മുകളിലത്തെ ഭാഗം എന്നിവിടങ്ങളില്‍ വേദന നിറഞ്ഞ തടിപ്പ് ഉണ്ടാവുക, ഒരു ഭാഗത്തെ ചെവിക്ക് കേള്‍വി നഷ്‌ടപ്പെടുക, ചുറ്റുമുള്ള വസ്‌തുക്കള്‍ കറങ്ങുന്നതായി തോന്നുക(vertigo) എന്നിവ ഇതിന്‍റെ ലക്ഷണങ്ങളാണ്. രോഗം തീവ്രമാകുമ്പോഴുള്ള ലക്ഷണമാണ് മുഖത്തിന്‍റെ ഒരു ഭാഗത്തിന് ചലനം നഷ്‌ടമാകുന്നത്. ഇതുകാരണം ചലനം നഷ്‌ടപ്പെട്ട ഭാഗത്തെ കണ്ണടയ്‌ക്കുന്നതിന്, ഭക്ഷണം കഴിക്കുന്നതിന്, ചിരിക്കുന്നതുള്‍പ്പെടെയുള്ള ഭാവപ്രകടനങ്ങള്‍ എന്നിവയ്‌ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.
ചികിത്സ : വീക്കം മാറുന്നതിന് വേണ്ടിയുള്ള വീര്യം കൂടിയ സ്റ്റിറോയിഡുകളാണ്( anti inflammatory steroids) സാധാരണ നിലയില്‍ രോഗികള്‍ക്ക് നല്‍കുക. ആന്‍റിവൈറല്‍ മരുന്നുകളും രോഗിക്ക് ചിലപ്പോള്‍ നല്‍കുന്നു. സ്റ്റിറോയിഡ് നല്‍കിയിട്ടും വേദന തുടരുന്നുണ്ടെങ്കില്‍ വീര്യം കൂടിയ വേദനസംഹാരികളും നല്‍കും.
കണ്ണ് പൂര്‍ണമായും അടയ്‌ക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ കോര്‍ണിയയ്‌ക്ക് അപകടം വരാതിരിക്കാന്‍ കണ്ണിനായുള്ള ആവരണം ധരിക്കാന്‍ രോഗികളോട് നിര്‍ദേശിക്കും. കണ്ണ് വരളാതിരിക്കുന്നതിന് വേണ്ടിയുള്ള പ്രത്യേക സ്‌നേഹകം(lubricants) രാത്രി കണ്ണിലുറ്റിക്കാന്‍ നിര്‍ദേശിക്കും. അതേപോലെ പകല്‍ കൃത്രിമ കണ്ണുനീരുകളും ഉപയോഗിക്കാന്‍ നിര്‍ദേശിക്കും.
പെട്ടെന്നുള്ള ചികിത്സ പ്രധാനം : വൈറസ് ബാധിക്കപ്പെട്ട നാഡിക്ക് വലിയ പരിക്ക് പറ്റിയിട്ടില്ലെങ്കില്‍ ഏതാനും ആഴ്‌ചകള്‍ കൊണ്ട് തന്നെ രോഗി സുഖപ്പെടും. പരിക്ക് ഗുരുതരമാണെങ്കില്‍ മാസങ്ങള്‍ കഴിഞ്ഞാലും പൂര്‍ണമായി രോഗി സുഖപ്പെടണമെന്നില്ല. രോഗലക്ഷണങ്ങള്‍ ആരംഭിച്ച് മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ചികിത്സ തേടുകയാണെങ്കില്‍ സുഖം പ്രാപിക്കാനുള്ള സാധ്യത കൂടുതലാണ്.
ഈ സമയപരിധിക്കുള്ളില്‍ ചികിത്സ ആരംഭിക്കുന്നവര്‍ ഭൂരിപക്ഷവും പൂര്‍ണമായും രോഗത്തില്‍ നിന്ന് സുഖം പ്രാപിക്കുന്നതായാണ് കണ്ടുവരുന്നത്. ചികിത്സ തേടാന്‍ വൈകുന്തോറും പൂര്‍ണമായി സുഖം പ്രാപിക്കാനുള്ള സാധ്യതയും കുറഞ്ഞുവരുന്നു. കുട്ടികള്‍ക്ക് ഈ രോഗത്തില്‍ നിന്ന് മോചനം നേടാനുള്ള സാധ്യത പ്രായപൂര്‍ത്തിയായവരേക്കാള്‍ കൂടുതലാണ്.
രോഗത്തിന്‍റെ പ്രത്യാഘാതങ്ങള്‍ : മുഖത്തിന്‍റെ ചലനം നഷ്‌ടമാകുന്നതുകൊണ്ട് അതിന്‍റെ രൂപത്തില്‍ മാറ്റം വരിക, ഭക്ഷണത്തിന്‍റെ ശരിയായ രുചി ലഭിക്കാതിരിക്കുക, കാഴ്‌ച നഷ്‌ടമാവുക എന്നീ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. നാഡികളുടെ ഘടനയില്‍ മാറ്റങ്ങള്‍ വന്ന്, മുഖത്തിന്‍റെ ചില ഭാഗങ്ങളിലെ ചലനങ്ങള്‍ക്ക് മാറ്റങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. ഉദാഹരണത്തിന് ചിരിക്കുമ്പോള്‍ കണ്ണടയുക തുടങ്ങിയവ. മുഖത്തെ പേശികള്‍ക്കും കണ്‍പോളകള്‍ക്കും വിറയല്‍ അനുഭവപ്പെടുന്നതും ഈ രോഗത്തിന്‍റ പ്രത്യാഘാതമാണ്.
അപൂര്‍വമായി ഈ വൈറസ് തലച്ചോറിലേയും നട്ടെല്ലിലേയും നാഡികളിലേക്ക് പടര്‍ന്നേക്കാം. ഇത് വിഭ്രാന്തി, ഉറക്കംതൂങ്ങിയ അവസ്ഥ, തലവേദന, അവയവങ്ങള്‍ക്ക് ദുര്‍ബലത എന്നിവയിലേക്ക് നയിച്ചേക്കാം. ലക്ഷണങ്ങള്‍ ഉണ്ടായാല്‍ വൈദ്യ സഹായം തേടലാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഈ രോഗം വരാതിരിക്കാന്‍ വേണ്ടി പ്രത്യേകിച്ച് മുന്‍കരുതല്‍ മാര്‍ഗമൊന്നുമില്ലെന്നാണ് വിദഗ്‌ധര്‍ പറയുന്നത്.