കൊവിഡ് 19 ന് ശേഷം ലോകം ഏറെ ആശങ്കയോടെ നോക്കിക്കാണുന്ന മറ്റൊരു രോഗമാണ് മങ്കി പോക്‌സ് (കുരങ്ങു പനി). ആഫ്രിക്കയ്ക്ക് പുറത്ത് വളരെ അപൂർവമായി മാത്രം കാണപ്പെടുന്ന ഒരു രോഗമാണിത്. യൂറോപ്പിലും അമേരിക്കയിലുമുള്‍പ്പെടെ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഏറെ ജാഗ്രതയിലാണ്. എന്താണ് മങ്കി പോക്‌സ്? രോഗ ലക്ഷണങ്ങള്‍ എന്തെല്ലാം? രോഗം പകരാനുള്ള സാധ്യതകള്‍ എങ്ങിനെ? അറിയാം, മങ്കി പോക്‌സിനെ കുറിച്ച് നാം മനസിലാക്കേണ്ട പൊതുവായ ചില കാര്യങ്ങള്‍.
എന്താണ് മങ്കി പോക്‌സ് (കുരങ്ങു പനി)?: കുരങ്ങു പോലുള്ള മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസ് രോഗമാണ് മങ്കി പോക്‌സ്. ആഫ്രിക്കയിലാണ് കൂടുതലായും രോഗം സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. 1958 ലാണ് ഗവേഷകര്‍ കുരങ്ങുകളില്‍ മങ്കി പോക്സ് വൈറസ് സ്വാധീനം കണ്ടെത്തിയത്. 1970-ൽ മനുഷ്യനില്‍ ആദ്യമായി രോഗം കണ്ടത്തി. കോംഗോയിലെ 9 വയസുകാരനിലായിരുന്നു അന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്.
രോഗ ലക്ഷണങ്ങള്‍ എന്തെല്ലാം? ചികിത്സ എങ്ങനെ?: വസൂരിയുടെ അതേ കുടുംബത്തില്‍ പെട്ടതാണ് ഈ രോഗവും. എന്നാല്‍ നേരിയ ലക്ഷണങ്ങള്‍ മാത്രമേ പ്രകടമാകൂ. മിക്ക രോഗികള്‍ക്കും പനി, ശരീര വേദന, വിറയല്‍, ക്ഷീണം എന്നിങ്ങനെയാകും ലക്ഷണങ്ങള്‍. മറ്റു ഗുരുതര രോഗമുള്ളവര്‍ക്ക് മുഖത്തും കൈകളിലും കുമിള പോലെ പൊങ്ങിവന്നേക്കാം. ഇത് ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കാനിടയുണ്ട്.
ഇൻകുബേഷൻ കാലയളവ് ഏകദേശം അഞ്ച് ദിവസം മുതൽ മൂന്ന് ആഴ്‌ച വരെയാണ്. മിക്ക ആളുകളും ആശുപത്രിയിൽ പ്രവേശിപ്പിക്കാതെ തന്നെ രണ്ടോ നാലോ ആഴ്‌ചകൾക്കുള്ളിൽ സുഖം പ്രാപിക്കാറുണ്ട്. മങ്കി പോക്‌സ് 10 ൽ ഒരാൾക്ക് മാരകമായേക്കാം, എന്നാല്‍ കുട്ടികളിൽ ഇത് കൂടുതൽ ഗുരുതരമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. വൈറസ് ബാധിതരായ ആളുകൾക്ക് പലപ്പോഴും വസൂരി വാക്‌സിനുകള്‍ നൽകാറുണ്ട്. അവ മങ്കി പോക്‌സിനെതിരെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
ആൻറി വൈറൽ മരുന്നുകളും വികസിപ്പിക്കുകയാണിപ്പോള്‍. വ്യാഴാഴ്‌ച, യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ എല്ലാ സംശയാസ്‌പദമായ കേസുകളും നിരീക്ഷിക്കാനും ഉയർന്ന അപകടസാധ്യതയുള്ള രോഗികള്‍ക്ക് വസൂരി വാക്‌സിൻ നൽകാനും ശുപാർശ ചെയ്‌തിട്ടുണ്ട്.
മങ്കി പോക്‌സ് കേസുകള്‍ എത്ര?: ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ഓരോ വർഷവും ആഫ്രിക്കൻ രാജ്യങ്ങളിൽ ആയിരക്കണക്കിന് രോഗികള്‍ ഉണ്ടാകുന്നുണ്ട്. ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് കോംഗോയിലും നൈജീരിയയിലുമാണ്. പ്രതിവർഷം 6,000 കേസുകൾ കോംഗോയിലും, 3,000 കേസുകൾ നൈജീരിയയിലും റിപോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
യുഎസിലും ബ്രിട്ടനിലും ഉൾപ്പെടെ ആഫ്രിക്കയ്ക്ക് പുറത്ത് മങ്കി പോക്‌സിന്‍റെ ഒറ്റപ്പെട്ട കേസുകൾ ഇടയ്ക്കിടെ കാണാറുണ്ട്. ഈ കേസുകൾ സാധാരണയായി ആഫ്രിക്കയിലേക്ക് യാത്ര ചെയ്‌തവരിലോ, അല്ലെങ്കിൽ രോഗം കൂടുതലായി കാണപ്പെടുന്ന പ്രദേശങ്ങളിൽ നിന്നുള്ള മൃഗങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരിലോ ആണ് കാണപ്പെടുന്നത്. 2003-ൽ, 6 യു.എസ് സംസ്ഥാനങ്ങളിലായി 47 പേർക്ക് സ്ഥിരീകരിച്ചിച്ചിരുന്നു. ഘാനയിൽ നിന്ന് ഇറക്കുമതി ചെയ്‌ത ചെറിയ സസ്‌തനികൾക്ക് സമീപം പാർപ്പിച്ച വളർത്തു നായ്ക്കളിൽ നിന്നാണ് ഇവർക്ക് വൈറസ് പിടിപെട്ടത്.
കേസുകളിലെ വ്യത്യാസം: ആഫ്രിക്കയിലേക്ക് പോകാത്ത ആളുകൾക്കിടയിൽ ഇതാദ്യമായാണ് മങ്കി പോക്‌സ് പടരുന്നത്. യൂറോപ്പ്, ബ്രിട്ടൻ, ഇറ്റലി, പോർച്ചുഗൽ, സ്പെയിൻ, സ്വീഡൻ എന്നിവിടങ്ങളിൽ അണുബാധ റിപോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മിക്ക കേസുകളിലും പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട പുരുഷന്മാര്‍ക്കാണ് രോഗബാധ. ബ്രിട്ടനില്‍ ഇത് സംബന്ധിച്ച് കൂടൂതല്‍ പഠനങ്ങള്‍ നടക്കുകയാണ്. എന്നാല്‍ പോര്‍ച്ചുഗലില്‍ ജനനേന്ദ്രിയത്തിലെ മുറിവുകൾക്ക് ചികിത്സ തേടിയ പുരുഷന്‍മാരില്‍ നിന്ന്, വൈറസ് പകര്‍ന്നത് സ്വവര്‍ഗ ലൈംഗിക ബന്ധത്തിലൂടെയാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
മങ്കി പോക്‌സ് പകരുന്നത് ലൈംഗിക ബന്ധത്തിലൂടെയോ? ലൈംഗിക ബന്ധത്തിലൂടെ വൈറസ് പകരാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്‌ദര്‍ പറയുന്നത്. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന സമയത്ത് വളരെ അടുത്ത സമ്പര്‍ക്കം ഉണ്ടാകുന്നതാണ് കാരണം. രോഗബാധിതരായ ആളുകളുമായുള്ള സമ്പർക്കം, അവരുടെ ശരീരസ്രവങ്ങൾ, വസ്ത്രങ്ങൾ അല്ലെങ്കിൽ ബെഡ്ഷീറ്റുകൾ എന്നിവയിലൂടെയും പകരാം.
Also Read സംസ്ഥാനത്തും മങ്കി പോക്‌സ് മുന്നറിയിപ്പ് ; ലക്ഷണങ്ങള്‍ ഇവ