Dry Eyes In Winter: വരണ്ട കണ്ണുകളുടെ പ്രശ്‌നം ശൈത്യകാലത്ത് വളരെ സാധാരണമാണ്. പക്ഷേ ആളുകൾ സാധാരണയായി ഇത് അവഗണിക്കാറാണ് പതിവ്. എന്നാൽ ഈ അജ്ഞത മൂലം കണ്ണിൽ ചൊറിച്ചിൽ പോലുള്ള മറ്റ് പല പ്രശ്‌നങ്ങളും ഉണ്ടാകാം. അതിനാൽ ഈ അവസ്ഥ എന്താണെന്നും ശൈത്യകാലത്ത് ഇത് എങ്ങനെ ഒഴിവാക്കാമെന്നും നമുക്ക് കൂടുതൽ അറിയാം.
ശൈത്യകാലത്ത് കണ്ണുകൾ വരണ്ടുപോകുന്നതിന് കാരണമാകുന്നത് എന്താണ്, അത് എങ്ങനെ തടയാം?
ശൈത്യകാലത്ത് വരണ്ട ചർമ്മം, തലയോട്ടി പ്രശ്‌നങ്ങൾ എന്നിവയ്‌ക്കൊപ്പം ആളുകൾ അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ് വരണ്ട കണ്ണുകള്‍. ഇത് കണ്ണില്‍ ചൊറിച്ചിലും അസ്വസ്ഥതയുമുണ്ടാക്കും. ഈ കാലാവസ്ഥയില്‍ ഈർപ്പം കുറവായതിനാൽ ചർമ്മം മാത്രമല്ല, കണ്ണുകളും വരണ്ടുപോകുമെന്ന് വിദഗ്‌ധർ പറയുന്നു.
ശൈത്യകാലത്ത് ഈർപ്പം കുറയുന്നത് മാത്രമല്ല, ചുറ്റുപാടിൽ ചൂട് നിലനിർത്താൻ ഹീറ്ററുകൾ ഉപയോഗിക്കുന്നതും കണ്ണുകളുടെ വരൾച്ചയ്ക്ക് കാരണമാകുമെന്ന് ബർമിങ്‌ഹാമിലെ അലബാമ സർവകലാശാലയിലെ ഒഫ്‌താൽമോളജി വിഭാഗത്തിലെ ഇൻസ്ട്രക്‌ടർ മാരിസ ലോക്കി ഒരു ഗവേഷണ പ്രബന്ധത്തിൽ പറയുന്നു. ഹീറ്ററുകൾ ഉപയോഗിച്ച് വായുവിലെ ഈർപ്പം കുറയ്ക്കാൻ കഴിയും. അതുകൊണ്ട് തന്നെ ഹീറ്ററുകൾ ഉപയോഗിക്കുന്ന മുറികളിൽ കൂടുതൽ സമയം ചെലവഴിക്കുന്നവരിലും കണ്ണിലെ ഈർപ്പം ബാധിക്കാറുണ്ട്.
നിലവിൽ എല്ലാ പ്രായത്തിലുമുള്ളവരിലും കണ്ണ് വരണ്ടുപോകുന്നത് സാധാരണമായിരിക്കുകയാണെന്ന് സേഫ് ഐ സെന്‍റർ ഡൽഹിയിലെ ഒഫ്‌താൽമോളജിസ്‌റ്റ് ഡോ. ആയിഷ പുരി പറയുന്നു. പഠനത്തിനും ഓഫീസ് മീറ്റിങ്ങുകൾക്കും വിനോദത്തിനും ആളുകൾ സ്ക്രീനുകൾക്ക് മുന്നിൽ കൂടുതൽ സമയം ചെലവഴിക്കുന്നു എന്നതാണ് പ്രധാന കാരണം.
ഈ പ്രശ്‌നം എപ്പോൾ വേണമെങ്കിലും അനുഭവപ്പെടാമെങ്കിലും ശൈത്യകാലത്ത് സാധ്യത താരതമ്യേന കൂടുതലാണ്. മലിനമായ നഗരങ്ങളിൽ താമസിക്കുന്ന ആളുകളെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത്. കണ്ണിന്‍റെ ശരിയായ ആരോഗ്യം നിലനിർത്തുന്നതിന് നമ്മുടെ കണ്ണുകളിൽ ആവശ്യത്തിന് ഈർപ്പം അടങ്ങിയിരിക്കേണ്ടത് പ്രധാനമാണെന്ന് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു.
എന്നാൽ ഏതെങ്കിലും കാരണത്താൽ കണ്ണുനീർ ഉണങ്ങാൻ തുടങ്ങിയാലോ നമ്മുടെ കണ്ണുകൾക്ക് ഈർപ്പം കുറവായാലോ കണ്ണിന്‍റെ പരിസരങ്ങളില്‍ ചൊറിച്ചിലും വേദനയും അനുഭവപ്പെടാം. ഇതുകൂടാതെ കണ്ണുകൾ ചുമപ്പ് നിറമാകാം, എരിച്ചിൽ അനുഭവപ്പെടാം, കാഴ്‌ച സംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാകാം.
വരണ്ട കണ്ണുകളും മറ്റ് അനുബന്ധ പ്രശ്‌നങ്ങളും ഒഴിവാക്കാൻ ചില ടിപ്പുകൾ താഴെ:
- ശൈത്യകാലത്ത് നിങ്ങളുടെ ഭക്ഷണക്രമം ശ്രദ്ധിക്കുകയും സ്വയം ജലാംശം നിലനിർത്താൻ കൂടുതൽ വെള്ളവും മറ്റ് ദ്രാവകങ്ങളും കഴിക്കുകയും ചെയ്യുക. നിങ്ങളുടെ ശരീരത്തിൽ ശരിയായ ജലാംശം ഉണ്ടെങ്കിൽ നിങ്ങളുടെ കണ്ണുകൾ സ്വയം ഈർപ്പം നിലനിർത്തും.
- തണുത്തതും വരണ്ടതുമായ കാറ്റിൽ നിന്ന് നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കാൻ വീടിന് പുറത്ത് ഇറങ്ങുമ്പോൾ സൺഗ്ലാസും തൊപ്പിയും ധരിക്കുക.
- ഹീറ്ററിന് മുന്നിൽ നേരിട്ട് ഇരിക്കുന്നത് ഒഴിവാക്കുക. ഹീറ്ററിൽ നിന്ന് നേരിട്ടുള്ള ചൂട് മുഖത്ത് വീഴുന്നത് കണ്ണുകൾക്ക് വരൾച്ച ഉണ്ടാക്കാൻ മാത്രമല്ല, പുറത്തുവിടുന്ന ശക്തമായ പ്രകാശം നിങ്ങളുടെ കണ്ണുകൾക്ക് ദോഷം ചെയ്യും.
- നിങ്ങൾ വാഹനത്തിൽ ഹീറ്റർ ഉപയോഗിക്കുന്നുണ്ടെങ്കിൽ, വെന്‍റുകൾ മുകളിലേക്കോ താഴേക്കോ സൂക്ഷിക്കുക. വെന്‍റുകൾ നിങ്ങളുടെ മുഖത്തിന്‍റെ ദിശയിലായിരിക്കരുത് എന്ന് ഓർമ്മിക്കുക.
- കൂടാതെ കോണ്ടാക്‌ട് ലെൻസുകൾ ധരിക്കുന്നവർ അതീവ ജാഗ്രതയും കൃത്യമായ എല്ലാ മുൻകരുതലുകളും പാലിക്കുക. നിങ്ങൾക്ക് കണ്ണുകളിൽ വരൾച്ചയോ വേദനയോ കത്തുന്നതായോ ചൊറിച്ചിലോ അനുഭവപ്പെടുന്നുണ്ടെങ്കിൽ, അത് അവഗണിക്കരുത്. ഉടൻ ഒരു ഡോക്‌ടറെ സമീപിക്കുക.
ALSO READ: പുരുഷന്‍മാരുടെ ശ്രദ്ധയ്ക്ക്: വ്യായാമക്കുറവ് നിങ്ങളുടെ ലൈംഗിക ആരോഗ്യത്തെ ബാധിക്കുമെന്ന് പഠനങ്ങൾ