വാരാന്ത്യത്തിൽ സുഹൃത്തുക്കളുമായി ചേർന്ന് ഒന്നിച്ചിരുന്ന് മദ്യപിക്കുന്നവരുടെ പ്രധാന പ്രശ്‌നം പിറ്റേ ദിവത്തെ ഹാങ് ഓവർ വിട്ടുമാറാത്ത അവസ്ഥയാണ്. തല പിളരുന്നതുപോലെയുള്ള വേദന, ക്ഷീണം, വരണ്ട വായ, ഓക്കാനം എന്നിങ്ങനെ തുടരുന്നു… എന്നാൽ ഈ ഹാങ് ഓവറിൽ നിന്ന് വേഗം സുഖം പ്രാപിക്കാൻ ചില വിദ്യകളുണ്ട്. അവയെ കുറിച്ചറിയാം…
ധാരാളം വെള്ളം കുടിക്കുക: ഹാങ് ഓവറിന്‍റെ പ്രധാന കാരണങ്ങളിലൊന്ന് നിർജലീകരണമാണ്. അതുകൊണ്ട് തന്നെ ധാരാളം വെള്ളം കുടിക്കുക. മദ്യം ഒരു ഡൈയൂററ്റിക് ആണ്. അതായത്, മദ്യം മൂത്രത്തിന്‍റെ ഉത്‌പാദനം വർധിപ്പിക്കുകയും ശരീരത്തിൽ നിന്ന് ദ്രാവകം നഷ്‌ടപ്പെടുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇതിനെ പ്രതിരോധിക്കുന്നതിനായി രാത്രിയിലെ മദ്യപാനത്തിന് ശേഷം രാവിലെ ധാരാളം വെള്ളം കുടിക്കുക. ദിവസം മുഴുവൻ കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
നന്നായി വിശ്രമിക്കുക: ഹാങ് ഓവര്‍ നിങ്ങളെ ക്ഷീണിപ്പിക്കുകയും മന്ദഗതിയിലാക്കുകയും ചെയ്യുന്നു. എന്നാൽ, വിശ്രമിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിന്‍റെ ഊർജനില വീണ്ടെടുക്കാൻ കഴിയും.
സ്‌പോർട്‌സ് ഡ്രിങ്ക് കുടിക്കുക: നിർജലീകരണം മൂലം നഷ്‌ടപ്പെടുന്ന ഇലക്‌ട്രോലൈറ്റുകൾ ശരീരത്തിലെത്തിക്കാൻ സ്‌പോർട്‌സ് ഡ്രിങ്ക് കുടിക്കുന്നതിലൂടെ കഴിയും. ഇത് ഹാങ് ഓവർ ഭേദമാക്കാൻ സഹായിക്കുന്നു. ഈ പാനീയങ്ങളിൽ സോഡിയം, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരത്തിലെ ദ്രാവകങ്ങൾ സന്തുലിതമാക്കാനും കൂടുതൽ നിർജ്ജലീകരണം തടയാനും സഹായിക്കും.
വേദനസംഹാരികൾ കഴിക്കാം: ഓവർ-ദി-കൌണ്ടർ പെയിൻ കില്ലറുകൾ അഥവ വേദനസംഹാരികൾ ഹാങ് ഓവർ മൂലമുണ്ടാകുന്ന തലവേദനയോ ശരീരവേദനയോ ലഘൂകരിക്കാൻ സഹായിക്കും. എന്നാൽ, ലേബലിലെ നിർദേശ അളവുകളിൽ മാത്രം വേദനസംഹാരികൾ കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
വ്യായാമം: നിങ്ങളുടെ മനസ്ഥിതി (mood) നല്ലതാക്കാനും സമ്മർദം കുറയ്‌ക്കാനും വ്യായാമം സഹായിക്കും. യോഗ പോലുള്ള ലഘുവ്യായാമങ്ങൾ അല്ലെങ്കിൽ നടത്തം എന്നിവ നിങ്ങളുടെ മൊത്തത്തിലുള്ള ക്ഷേമം മെച്ചപ്പെടുത്താൻ സഹായിക്കും.
പോഷകാഹാരം കഴിക്കുക: പോഷകാഹാരം കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകിക്കൊണ്ട് ഒരു ഹാങ് ഓവർ ഭേദമാക്കാൻ സഹായിക്കും. ദഹിക്കാൻ എളുപ്പമുള്ളതും പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും കൂടുതലുള്ളതുമായ ഭക്ഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. മുട്ട, അവോക്കാഡോ ടോസ്റ്റ്, ഫ്രൂട്ട് സ്‌മൂത്തി എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതായിരിക്കും.
ഇത്രയുമൊക്കെ ചെയ്‌താൽ മദ്യപിച്ചതിന്‍റെ ഹാങ് ഓവർ ഒരു പരിധിവരെ മാറ്റാൻ കഴിയും. പക്ഷെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക, 'മദ്യപാനം ആരോഗ്യത്തിന് ഹാനികരം'