മലപ്പുറം: പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ച രണ്ടാനച്‌ഛന് തടവും പിഴയും വിധിച്ച് കോടതി. 141 വര്‍ഷം കഠിന തടവും 7.85 ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. തമിഴ്‌നാട് തിരുവാരൂര്‍ സ്വദേശിയെയാണ് മഞ്ചേരി സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്‌ജി എ എം അഷ്‌റഫ് ശിക്ഷിച്ചത്. പെൺകുട്ടിയുടെ അമ്മയുടെ രണ്ടാം ഭർത്താവാണ് കുട്ടിയെ അതിക്രമത്തിനിരയാക്കിയത്.
2017 മുതല്‍ 2020 നവംബര്‍ വരെയാണ് പെൺകുട്ടിയെ അതിക്രമത്തിനിരയാക്കുന്നത്. തമിഴ്‌നാട് സ്വദേശികളായ കുടുംബം ജോലി അന്വേഷിച്ചാണ് മലപ്പുറം ജില്ലയിലെത്തുന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വാടക ക്വാര്‍ട്ടേഴ്‌സിൽ താമസിച്ച് ജോലി ചെയ്‌ത് വരികയായിരുന്നു. അമ്മ ജോലിക്ക് പോകുമ്പോൾ താമസ സ്ഥലത്ത് വെച്ച് കുട്ടിയെ പലതവണ ബലാത്സംഗം ചെയ്യുകയായിരുന്നു. വിവിധ വാടക ക്വാര്‍ട്ടേഴ്‌സുകളിലാണ് പീഡനം നടന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
2021 ഫെബ്രുവരി അഞ്ചിന് കുട്ടി കൂട്ടുകാരിയോടൊത്ത് മലപ്പുറം മുണ്ടുപറമ്പിലെ വാടക ക്വാര്‍ട്ടേഴ്‌സിൻ്റെ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ രണ്ടാനച്‌ഛന്‍ വീട്ടിലേക്ക് വരികയും കുട്ടിയെ കിടപ്പുമുറിയില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഇക്കാര്യം കുട്ടി കൂട്ടുകാരിയോടും ജോലി കഴിഞ്ഞെത്തിയ മാതാവിനോടും പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്.
പിന്നീട് അമ്മ നൽകിയ പരാതിയുടെയും പെൺകുട്ടിയുടെ മൊഴിയുടെയും അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടി. എന്നാൽ കേസ് കോടതിയിലെത്തിയതോടെ അമ്മ കൂറ് മാറി. പിന്നീട് അതിജീവിതയായ പെൺകുട്ടിയുടെയും കൂട്ടുകാരിയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പോക്‌സോയിലെ വിവിധ വകുപ്പുകൾ ചേർത്താണ് പ്രതിക്ക് 141 വര്‍ഷം കഠിന തടവും 785 ലക്ഷം രൂപ പിഴയും വിധിച്ചത്. പ്രതി പിഴയടയ്ക്കുന്ന പക്ഷം തുക പീഡനത്തിനിരയായ കുട്ടിക്ക് നല്‍കണം.
പൊലീസ് മൊഴിയെടുത്ത ശേഷം കുട്ടിയെ തൃശൂര്‍ നിര്‍ഭയ ഹോമിലേക്കാണ് അയച്ചിരുന്നത്. ഡിസംബറിലെ അവധിക്കാലത്ത് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ അനുമതിയോടെ കുട്ടി മാതാവിനൊപ്പം താമസിക്കാനെത്തി. ഈ സമയം പ്രതി ജാമ്യത്തിലിറങ്ങിയിരുന്നു. മാതാവ് ജോലിക്ക് പോയ സമയം നോക്കി വീട്ടിലെത്തിയ പ്രതി കുട്ടിയെ വീണ്ടും ബലാത്സംഗത്തിനിരയാക്കി.
മാതാവ് തിരിച്ചെത്തിയപ്പോള്‍ കുട്ടി പരാതി പറഞ്ഞെങ്കിലും അവര്‍ ഇക്കാര്യം ഗൗരവത്തിലെടുത്തില്ല. എന്നാല്‍ വിവരമറിഞ്ഞ പൊലീസ് ഈ സംഭവത്തില്‍ മറ്റൊരു കേസ് രജിസ്‌റ്റര്‍ ചെയ്യുകയും വിവരം പുറത്തുപറയാന്‍ മടിച്ച മാതാവിനെ കൂട്ടു പ്രതിയാക്കുകയും ചെയ്‌തു. ഇതാണ് ആദ്യ കേസില്‍ മാതാവ് കൂറു മാറാന്‍ കാരണം.
Also Read: മന്ത്രവാദത്തിൻ്റെ പേരിൽ 19 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പ്രതിക്ക് തടവും പിഴയും വിധിച്ച് കോടതി